വീട് കുത്തിത്തുറന്ന് വീണ്ടും കവർച്ച , പൂട്ടിക്കിടക്കുന്ന വീടുകള്‍ കവര്‍ച്ച നടത്തുന്ന സംഘം മഞ്ചേശ്വരം പൊലീസിന്റെയും നാട്ടുകാരുടെയും ഉറക്കം കെടുത്തുന്നു
ബായാര്‍: പൂട്ടിക്കിടക്കുന്ന വീടുകള്‍ മനസിലാക്കി കവര്‍ച്ച നടത്തുന്ന സംഘം മഞ്ചേശ്വരം പൊലീസിന്റെയും നാട്ടുകാരുടെയും ഉറക്കം കെടുത്തുന്നു. ബായാര്‍ പൊന്നങ്കളത്ത് പൂട്ടി ക്കിടന്ന വീടിന്റെ വാതില്‍ തകര്‍ത്ത് 10,000 രൂപയും 11,000 രൂപ വില വരുന്ന റാഡോ വാച്ചും കവര്‍ന്നു. അബ്ദുല്‍ ഹമീദിന്റെ വീട്ടിലാണ് കവര്‍ച്ച. ഹമീദും കുടുംബവും വീട് പൂട്ടി നാല് ദിവസം മുമ്പ് ബംഗളൂരുവിലുള്ള ബന്ധുവീട്ടിലേക്ക് പോയിരുന്നു. വീട് നോക്കാന്‍ ഏല്‍പ്പിച്ചയാള്‍ ശനിയാഴ്ച്ച രാവിലെ വീട്ടിലെത്തിയപ്പോഴാണ് പിറക് വശത്തെ വാതില്‍ തകര്‍ത്ത നിലയില്‍ കാണുന്നത്. അകത്ത് കയറി പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച പണവും വാച്ചും കവര്‍ന്നതായി അറിയുന്നത്. മഞ്ചേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. പൂട്ടിക്കിടക്കുന്ന വീടുകള്‍ മനസിലാക്കി കവര്‍ച്ച നടത്തുന്ന ഒരു സംഘം തന്നെ മഞ്ചേശ്വരം ഭാഗത്ത് തമ്പടിച്ചാതായാണ് വിവരം. കവര്‍ച്ചക്ക് പിന്നില്‍ മുന്‍കാല കവര്‍ച്ചാ സംഘമെന്നാണ് പൊലീസിന്റെ നിഗമനം. കഴിഞ്ഞ ദിവസം ഉപ്പള ഹിദായത്ത് ബസാറിലെ ഗള്‍ഫുകാരന്‍ സാലിമിന്റെ വീട്ടിലും കവര്‍ച്ച നടന്നിരുന്നു. സാലിമിന്റെ ഉമ്മ വീട് പൂട്ടി കുടുംബ വീടായ കര്‍ണാടക സാലത്തൂരില്‍ പോയപ്പോഴായിരുന്നു വീടിന്റെ വാതില്‍ തകര്‍ത്ത് സ്വര്‍ണ്ണാഭരണങ്ങളും പണവും കവര്‍ന്നത്. കവര്‍ച്ചാ സംഘത്തെ കണ്ടെത്താന്‍ പൊലീസ് രാത്രികാല പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
Post a Comment