JHL

JHL

ട്രിപ്പിൾ ലോക്ക് ഡൗൺ കുമ്പള, മൊഗ്രാൽ പുത്തൂർ, ബദിയടുക്ക ഉൾപ്പെടെ 19 പഞ്ചായത്തുകളിൽ

കാസർകോട്(www.truenewsmalayaolam.com) : കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ(ടിപിആർ) അടിസ്ഥാനത്തിൽ ജില്ലയിലെ 19 തദ്ദേശ സ്ഥാപനങ്ങളിൽ പൂർണ ലോക്ഡൗൺ. 9 തദ്ദേശ സ്ഥാപനങ്ങളെ കാറ്റഗറി സിയിലും ബിയിലും 4 ഗ്രാമ പഞ്ചായത്തുകൾ കാറ്റഗറി എയിലും ഉൾപ്പെടുത്തി ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാനായ കലക്ടർ ഡോ.ഡി.സജിത്ത് ബാബു ഉത്തരവിട്ടു.  

10നു ബാങ്കുകൾക്കും ഇതര ധനകാര്യ സ്ഥാപനങ്ങൾക്കും നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ്‌സ് ആക്ട് 1881 പ്രകാരം അവധിയായിരിക്കും. 10നും 11നും സമ്പൂർണ ലോക്ഡൗൺ നടപ്പിലാക്കും. അതതു കാറ്റഗറി പ്രദേശങ്ങളിൽ ഇതിനകം ലഭ്യമായ ഇളവുകളും നിയന്ത്രണങ്ങളും തുടരും. ഈ മാസം ആദ്യ 6 ദിവസത്തിനുള്ളിൽ മാസ്ക് ഉപയോഗിക്കാത്തതിന് 3512 കേസുകളാണു ജില്ലയിൽ റജിസ്റ്റർ ചെയ്തത്. 

വാർഡ് തല ജാഗ്രതാ സമിതികൾ  സജീവമല്ലെന്ന് കൊറോണ കോർ കമ്മിറ്റി 

ജില്ലയിലെ വാർഡ് തലത്തിലുള്ള ജാഗ്രതാ സമിതികളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണമെന്നു കലക്ടർ ഡോ.ഡി.സജിത് ബാബു പറഞ്ഞു. പല പഞ്ചായത്തുകളിലും വാർഡ് തല സമിതികൾ സജീവമല്ല. ജില്ലയിൽ ഭൂരിഭാഗം പഞ്ചായത്തുകളും രോഗ സ്ഥിരീകരണ നിരക്ക് കൂടുന്നതു ഗൗരവത്തോടെ കാണണം. വീട്ടിൽ ഒരാൾ രോഗബാധിതനായാൽ അദ്ദേഹം മുറിയിലും മറ്റുള്ളവർ വീട്ടിലും കർശനമായി ക്വാറന്റീനിൽ കഴിയണം. പട്ടിക ജാതി-പട്ടിക വർഗ മേഖലകളിൽ കൂടുതൽ ഇടപെടൽ വേണം.

ഇവിടങ്ങളിൽ മാഷ് പദ്ധതി അധ്യാപകരുടെ ഇടപെടൽ ഊർജിതമാക്കുന്നതിനായി അധ്യാപകരുടെ പ്രത്യേകയോഗം വിളിക്കാൻ വിദ്യാഭ്യാസ ഉപഡയറക്ടർ കെ.വി.പുഷ്പയെ ചുമതലപ്പെടുത്തി. കാറ്റഗറി ഡിയിൽ ഉൾപ്പെടുന്ന തദ്ദേശ സ്ഥാപനങ്ങളിൽ ഇൻസിഡന്റ് കമാൻഡർമാരെ നിയോഗിക്കും. എഡിഎം എ.കെ.രമേന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫിസർ(ആരോഗ്യം) ഡോ.കെ.ആർ.രാജൻ, ഡപ്യൂട്ടി ഡിഎംഒ ഡോ.എ.വി.രാംദാസ്, മറ്റു കോർ കമ്മിറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

അധിക നിർദേശങ്ങൾ

∙ അവശ്യ സേവന വിഭാഗത്തിൽപ്പെടുന്ന വകുപ്പുകളുടെ ഓഫിസുകൾ(എല്ലാ കാറ്റഗറിയിലും) മുഴുവൻ ജീവനക്കാരേയും ഉൾപ്പെടുത്തി തുറന്നു പ്രവർത്തിക്കേണ്ടതാണ്.

∙ എ, ബി കാറ്റഗറി പ്രദേശങ്ങളിലെ ഹോട്ടലുകളിൽ നിന്നും റസ്റ്ററന്റുകളിൽ നിന്നുമുള്ള ഭക്ഷണം ടേക്ക് എവേ/ഹോം ഡെലിവറിയായി മാത്രം രാത്രി 9.30 വരെ അനുവദിക്കും.

∙ എ, ബി കാറ്റഗറി പ്രദേശങ്ങളിലെ ഇൻഡോർ സ്‌പോർട്‌സ്/ജിമ്മുകൾ എസി ഉപയോഗിക്കാതെ ആവശ്യത്തിനു വായുസഞ്ചാരമുള്ള ഹാളുകളിൽ/സ്ഥലങ്ങളിൽ ഒരു സമയം 20 പേരെ പരിമിതപ്പെടുത്തി പ്രവർത്തിപ്പിക്കാം

∙ എ, ബി കാറ്റഗറി പ്രദേശങ്ങളിലെ ടൂറിസം മേഖലയിൽ താമസസൗകര്യം ഒരുക്കുന്ന സ്ഥാപനങ്ങൾ േകന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് നടപടിക്രമവും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളും അനുസരിച്ച് പ്രവർത്തിപ്പിക്കാവുന്നതാണ്. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർ ഒരു ഡോസ് കോവിഡ് വാക്‌സീൻ എടുത്തതിന്റെ തെളിവ് കൈവശം കരുതണം.

∙ കെഎസ്ആർടിസി, സ്വകാര്യം ഉൾപ്പെടെ പൊതുഗതാഗത സർവീസിന് കാറ്റഗറി സി, ഡി പ്രദേശങ്ങളിൽ സ്റ്റോപ്പുകൾ അനുവദിക്കില്ല.

∙ ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർ 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം

∙ വിവാഹങ്ങൾക്കും, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 20 പേരെ മാത്രമേ അനുവദിക്കൂ.


കടകളിൽ ഗ്ലൗസും മാസ്‌കും നിർബന്ധം

അവശ്യവസ്തുക്കളുടെ കടകൾക്ക് ഇളവുകൾ നൽകുമ്പോൾ അവിടങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കണമെന്ന് ജില്ലാ തല കൊറോണ കോർ കമ്മിറ്റി വ്യാപാരികളോട് ആവശ്യപ്പെട്ടു. കടകളിൽ മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ ഉറപ്പു വരുത്തണം. അല്ലാത്ത കടകൾ അടച്ചു പൂട്ടും.


തദ്ദേശ സ്ഥാപനങ്ങളിലെ നിയന്ത്രണങ്ങളിങ്ങനെ


D ടിപിആർ   15+ % തദ്ദേശ സ്ഥാപനങ്ങൾ 19 ട്രിപ്പിൾ ലോക്ഡൗൺ

ഉദുമ (31.30), വെസ്റ്റ് എളേരി (28.27), മടിക്കൈ (24.20), എൻമകജെ (21.47), കള്ളാർ (20.94), കോടോം-ബേളൂർ (20.59), ചെമ്മനാട് (19.69), കിനാനൂർ-കരിന്തളം (19.57), ചെങ്കള (19.42), അജാനൂർ (17.97), പുല്ലൂർ-പെരിയ (17.87), പിലിക്കോട് (17.66), പള്ളിക്കര (17.47), ബദിയടുക്ക (17.23), മുളിയാർ (16.48), മൊഗ്രാൽ പുത്തൂർ (15.94), കുമ്പള (15.62), മധൂർ (15.38) ഗ്രാമപഞ്ചായത്തുകൾ, കാഞ്ഞങ്ങാട് നഗരസഭ (15.06) 


നിയന്ത്രണങ്ങൾ: കാറ്റഗറി ഡിയിലെ തദ്ദേശ സ്ഥാപന പരിധികളിൽ ശനി, ഞായർ ദിവസങ്ങളിൽ നടപ്പിലാക്കുന്ന തരം സമ്പൂർണ ലോക്ഡൗൺ നിയന്ത്രണങ്ങൾ നടപ്പിലാക്കും.


C ടിപിആർ   10–15% തദ്ദേശ സ്ഥാപനങ്ങൾ 9 ലോക്‌ഡൗൺ

ബേഡഡുക്ക (14.54), ചെറുവത്തൂർ (14.49), ബളാൽ (13.57), കുറ്റിക്കോൽ (13.23) ഗ്രാമപഞ്ചായത്തുകൾ, നീലേശ്വരം നഗരസഭ (12.97), മംഗൽപാടി (12.79), കയ്യൂർ-ചീമേനി (12.71), കുംബഡാജെ (12.64), പൈവളിഗെ (11.73) 


നിയന്ത്രണങ്ങൾ: ഈ മേഖലയിൽ അവശ്യവസ്തുക്കളുടെ കടകൾ മാത്രം രാവിലെ 7 മുതൽ വൈകിട്ട് 7 വരെ അനുവദിക്കും. മറ്റു കടകൾ വെള്ളിയാഴ്ച മാത്രം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പകുതി ജീവനക്കാരുമായി പ്രവർത്തിക്കാം. ഹോട്ടലുകളിലും റസ്റ്ററന്റുകളിലും പാഴ്സൽ, ഹോം ഡെലിവറി എന്നിവ മാത്രം.


B ടിപിആർ   5–10% തദ്ദേശ സ്ഥാപനങ്ങൾ 9 ഭാഗിക ലോക്‌ഡൗൺ

ദേലംപാടി (9.92), ഈസ്റ്റ് എളേരി (9.58), കാറഡുക്ക (9.32), പനത്തടി (8.58), പുത്തിഗെ (8.01), തൃക്കരിപ്പൂർ (7.11), വലിയപറമ്പ (6.97) ഗ്രാമപഞ്ചായത്തുകൾ, കാസർകോട് നഗരസഭ (5.90), വോർക്കാടി ഗ്രാമപഞ്ചായത്ത് (5.50) 


നിയന്ത്രണങ്ങൾ: ∙ അവശ്യ സേവന വിഭാഗത്തിൽപ്പെടുന്ന വകുപ്പുകളുടെ ഓഫിസുകൾ(എല്ലാ കാറ്റഗറിയിലും) മുഴുവൻ ജീവനക്കാരേയും ഉൾപ്പെടുത്തി തുറന്നു പ്രവർത്തിക്കേണ്ടതാണ്.

∙ എ, ബി കാറ്റഗറി പ്രദേശങ്ങളിലെ ഹോട്ടലുകളിൽ നിന്നും റസ്റ്ററന്റുകളിൽ നിന്നുമുള്ള ഭക്ഷണം ടേക്ക് എവേ/ഹോം ഡെലിവറിയായി മാത്രം രാത്രി 9.30 വരെ അനുവദിക്കും.

∙ എ, ബി കാറ്റഗറി പ്രദേശങ്ങളിലെ ഇൻഡോർ സ്‌പോർട്‌സ്/ജിമ്മുകൾ എസി ഉപയോഗിക്കാതെ ആവശ്യത്തിനു വായുസഞ്ചാരമുള്ള ഹാളുകളിൽ/സ്ഥലങ്ങളിൽ ഒരു സമയം 20 പേരെ പരിമിതപ്പെടുത്തി പ്രവർത്തിപ്പിക്കാം

∙ എ, ബി കാറ്റഗറി പ്രദേശങ്ങളിലെ ടൂറിസം മേഖലയിൽ താമസസൗകര്യം ഒരുക്കുന്ന സ്ഥാപനങ്ങൾ േകന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ സ്റ്റാൻഡേഡ് ഓപ്പറേറ്റിങ് നടപടിക്രമവും കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ മാർഗനിർദേശങ്ങളും അനുസരിച്ച് പ്രവർത്തിപ്പിക്കാവുന്നതാണ്. ഇത്തരം സ്ഥാപനങ്ങളിലെ ജീവനക്കാർ ഒരു ഡോസ് കോവിഡ് വാക്‌സീൻ എടുത്തതിന്റെ തെളിവ് കൈവശം കരുതണം.

∙ കെഎസ്ആർടിസി, സ്വകാര്യം ഉൾപ്പെടെ പൊതുഗതാഗത സർവീസിന് കാറ്റഗറി സി, ഡി പ്രദേശങ്ങളിൽ സ്റ്റോപ്പുകൾ അനുവദിക്കില്ല.

∙ ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് വരുന്നവർ 48 മണിക്കൂറിനുള്ളിൽ എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് കരുതണം

∙ വിവാഹങ്ങൾക്കും, മരണാനന്തര ചടങ്ങുകൾക്കും പരമാവധി 20 പേരെ മാത്രമേ അനുവദിക്കൂ.


A ടിപിആർ   0–5 % തദ്ദേശ സ്ഥാപനങ്ങൾ 4  ഇളവുകൾ കൂടുതൽ

മഞ്ചേശ്വരം (4.25), മീഞ്ച (3.51), പടന്ന (2.96), ബെള്ളൂർ (2.76) 

നിയന്ത്രണങ്ങൾ: ∙ എല്ലാ കടകൾക്കും (അക്ഷയ ജനസേവന കേന്ദ്രങ്ങളുൾപ്പെടെ) 50% വരെ ജീവനക്കാരെ ഉൾപ്പെടുത്തി രാവിലെ 7 മുതൽ വൈകിട്ട് 7 വരെ പ്രവർത്തിക്കാം.

∙ ഓട്ടോ, ടാക്സി പ്രവർത്തിക്കാം. ഡ്രൈവർക്കു പുറമെ ടാക്സികളിൽ 3 യാത്രക്കാരെയും ഓട്ടോകളിൽ 2 യാത്രക്കാരെയും അനുവദിക്കും. കുടുംബാംഗങ്ങൾ ആണെങ്കിൽ ഈ നിയന്ത്രണം ബാധകമല്ല.

∙ ബവ്റിജ്സ് ഔട്‌ലെറ്റുകൾ, ബാറുകൾ എന്നിവയുടെ ടേക്ക് എവേ കൗണ്ടറുകൾ മാത്രം.

∙ വീടുകളിൽ ജോലിക്ക് പോവുന്നവരുടെ യാത്ര അനുവദിക്കും.

∙ ആരാധനാലയങ്ങളിൽ പരമാവധി 15 പേർക്ക് പരിമിതമായ സമയത്തേക്ക് പ്രവേശനം.


" കോവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ട ഡി കാറ്റഗറിയിൽ പരിശോധന കർശനമാക്കിയിട്ടുണ്ട്. നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ പ്രകാരം കേസെടുക്കും. ക്വാറന്റീൻ നിരീക്ഷണത്തിനു പൊലീസിന്റെ പ്രത്യേക സ്‌ക്വാഡ് ഉണ്ടാകും. 56 ബൈക്ക് പട്രോളിങ് ടീം മുഴുവൻ സമയവുമുണ്ടാകും. ഇവർ പഞ്ചായത്ത് പ്രസിഡന്റ്, വാർഡ് ജാഗ്രതാ സമിതി എന്നിവരുമായി കൂടിയാലോചിച്ചു പ്രവർത്തിക്കും. ബൈക്ക് പട്രോളിങിൽ 60 ശതമാനവും കാറ്റഗറി ഡി വിഭാഗത്തിലെ തദ്ദേശസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ചു പ്രവർത്തിക്കും."  പി.ബി.രാജീവ് ജില്ലാ പൊലീസ് മേധാവി.





No comments