കേന്ദ്ര സർവ്വകലാശാല പ്രവേശനം ഇനി സ്വപ്നമല്ല
മഞ്ചേശ്വരം: കേന്ദ്ര സർവകലാശാല പ്രവേശനത്തിന് നിയോജകമണ്ഡലത്തിലെ വിദ്യാർത്ഥികളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ എ കെ എം അഷറഫ് എം എൽ എയുടെ നേതൃത്വത്തിൽ മൈൽസ് ( മഞ്ചേശ്വരം ഇനീഷിയേറ്റീവ് ഫോർ ലോക്കൽ എംപവർമെൻ്റ്) ൻ്റെ കീഴിൽ വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കംകുറിക്കുന്നു.
മണ്ഡലത്തിലെ ഹയർ സെക്കന്ററി സ്കൂളുകളിൽ പഠിക്കുന്ന പ്ലസ്ടു വിദ്യാർത്ഥികൾക്കായാണ് പദ്ധതി നടപ്പിലാക്കുന്നത്. നിലവിൽ കേന്ദ്ര സർവകലാശാലകളിലേക്ക് നിയോജകമണ്ഡലത്തിൽ നിന്നും വിദ്യാർത്ഥികളുടെ പങ്കാളിത്തം കുറവാണ് . ഈ അവസ്ഥ പരിഹരിച്ച് മണ്ഡലത്തിലെ വിദ്യാർത്ഥികൾ മുഖേന വിജ്ഞാന സമ്പദ് വ്യവസ്ഥയ്ക്ക് തുടക്കം കുറിക്കുന്ന പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുന്നത്.
ആദ്യഘട്ടത്തിൽ നിയോജക മണ്ഡലത്തിലെ ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്ക് കേന്ദ്ര സർവകലാശാലകളെ കുറിച്ചും വിഷയങ്ങൾ, ക്യാമ്പസ് ,ലൈബ്രറി , ഫാക്കൽറ്റികൾ, സ്കോളർഷിപ്പുകൾ എന്നിവ ഉൾപ്പെടുത്തി ബോധവൽക്കരണ ക്ലാസുകൾ നടത്തും. ഉന്നത വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധരുടെ മേൽനോട്ടത്തിലാണ് ബോധവൽക്കരണ ക്ലാസുകൾ നടത്തുന്നത്.
രണ്ടാം ഘട്ടത്തിൽ കേന്ദ്ര സർവകാശാലകളിൽ പഠിക്കാൻ താൽപര്യപ്പെടുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക അഭിരുചി പരീക്ഷ നടത്തിയതിന് ശേഷം തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്കാണ്
എൻട്രൻസ് പരീക്ഷ പരിശീലനം നൽകുക.
മൂന്നാം ഘട്ടത്തിൽ എം എൽ എ ഓഫീസ് കേന്ദ്രീകരിച്ച് ഹെൽപ് ഡെസ്ക് രൂപീകരിച്ച് വിദ്യാർത്ഥികൾക്ക് എൻട്രൻസ് രജിസ്ട്രേഷന് സൗകര്യം ഒരുക്കുകയും ചെയ്യും. വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ ആദ്യഘട്ടം ആരംഭിക്കുന്നത് ഫെബ്രുവരി 10 നാണ്
മണ്ഡലത്തിലെ സാമൂഹിക വിദ്യാഭ്യസ സ്ഥിതിഗതികളെക്കുറിച്ച് പഠനം നടത്തിയ സോഷ്യൽ എഞ്ചിനീയറിംഗ് കൂട്ടായ്മയായ വൈബ്രന്റ് കമ്മ്യൂണിറ്റി ആക്ഷൻ നെറ്റ് വർക്ക് (VCAN), സഫയർ ഫ്യൂച്ചർ അക്കാദമി എന്നിവരുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഫലപ്രഖ്യാപനത്തിന് ശേഷം മാത്രം തുടർ പഠനത്തെക്കുറിച്ച് ചിന്തിക്കുന്ന വിദ്യാർത്ഥികളുടെ മനോഭാവമാണ് മണ്ഡലത്തിൽ നിന്ന് വിദ്യാർഥികൾക്ക് പലപ്പോഴും ഉന്നത സർവ്വകലാശാലകളിലേക്ക് പ്രവേശനം നേടുന്നതിൽ നിന്ന് പിന്നോട്ടടിക്കുന്നതെന്നും ഇത്തരം പദ്ധതികൾ വിദ്യാർത്ഥികൾക്ക് ഉപകാരപ്രദമാണെന്നും എ കെ എം അഷറഫ് എം എൽ എ അഭിപ്രായപ്പെട്ടു
Post a Comment