എ.ടി.എം കൗണ്ടറുകളിൽനിന്ന് പണം പിൻവലിക്കാൻ സഹായംതേടിയ മൂന്നുപേർക്ക് അവരുടെ കാർഡുകളും 2.26 ലക്ഷം രൂപയും നഷ്ടമായി
മംഗളൂരു: എ.ടി.എം കൗണ്ടറുകളിൽനിന്ന് പണം പിൻവലിക്കാൻ സഹായംതേടിയ മൂന്നുപേർക്ക് അവരുടെ കാർഡുകളും 2.26 ലക്ഷം രൂപയും നഷ്ടമായി. പകരം വ്യാജ എ.ടി.എം കാർഡുകൾ നൽകിയാണ് ഉഡുപ്പി ജില്ലയിലെ ബൈന്തൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ തട്ടിപ്പ് അരങ്ങേറിയത്.
സൽവാദി ഗ്രാമത്തിലെ ചന്ദ്രശേഖർ ചൊവ്വാഴ്ച എസ്.ബി.ഐ ബൈന്തൂർ എ.ടി.എം കൗണ്ടറിൽ പണം പിൻവലിക്കാൻ ചെന്നപ്പോൾ ചില തടസ്സങ്ങൾ അനുഭവപ്പെട്ടു. അവിടെ പണം പിൻവലിക്കാൻ വന്ന ഹിന്ദി സംസാരിക്കുന്ന യുവാവിന് രഹസ്യ നാലക്കം കൈമാറി സഹായം തേടി.
തനിക്കും സാധിക്കുന്നില്ലെന്ന് പറഞ്ഞ് കാർഡ് തിരിച്ചുനൽകി അയാൾ സ്ഥലംവിട്ടു. തിരിച്ചു കിട്ടിയത് വ്യാജ കാർഡാണെന്നും ഒറിജിനൽ കൈക്കലാക്കിയ വിരുതൻ ആ കാർഡ് ഉപയോഗിച്ച് രണ്ടുലക്ഷം രൂപ പിൻവലിച്ചതായും ബുധനാഴ്ച ബാങ്കിൽ ചെന്നപ്പോഴാണ് മനസ്സിലായത്.
ഷിറൂറിലെ ചൈത്രയുടെ കനറാ ബാങ്ക് എ.ടി.എം കാർഡ് ഷിറൂർ കൗണ്ടറിൽ നിന്ന് കൈക്കലാക്കി 21,000 രൂപ, ബൽകീസ് ബാനുവിന്‍റെ ഷിറൂർ അർബൻ ബാങ്ക് എ.ടി.എം കാർഡ് ഉപയോഗിച്ച് 5000 രൂപ എന്നിങ്ങനെയും സമാന രീതിയിൽ തട്ടിപ്പുകാർ പിൻവലിച്ചു. മൂന്നുപേരുടെയും പരാതികളിൽ ബൈന്തൂർ പൊലീസ് അന്വേഷണം ആരംഭിച്ചു. തട്ടിപ്പ് സംഘം പ്രവർത്തിക്കുന്നതായി സൂചനയുണ്ടെന്ന് പൊലീസ് പറഞ്ഞു.
Post a Comment