JHL

JHL

മൊഗ്രാൽ മീലാദ് നഗറിലും തഖ്വാ നഗറിലും ഭീതി പരത്തി പന്നിക്കൂട്ടങ്ങൾ

 


മൊഗ്രാൽ(www.truenewsmalayalam.com) :  രാത്രികാലങ്ങളിൽ പന്നിക്കൂട്ടങ്ങൾ ജനവാസ മേഖലകളിൽ ഇറങ്ങുന്നത് നാട്ടുകാർക്ക് ഭീഷണിയാവുന്നു.

 മൊഗ്രാൽ തഖ്‌വ നഗറിലും, മീലാദ് നഗറിലുമാണ് പന്നിക്കൂട്ടങ്ങൾ വിലസുന്നത്. വീട്ടുപറമ്പുകളിൽ കയറുന്ന പന്നിക്കൂട്ടങ്ങൾ വീട്ടുമുറ്റത്ത് വളർത്തുന്ന പൂച്ചെടികളെയും, പച്ചക്കറി കൃഷികളെയും നശിപ്പിക്കുന്നതായും പരാതിയുണ്ട്.

രാത്രിയിൽ കൂട്ടത്തോടെ എത്തുന്ന പന്നികളുടെ പരാക്രമണത്തിന്റെ ശബ്ദം കേട്ടാൽ ഭയം മൂലം ജനാല വഴി നോക്കിക്കാണാനേ വീട്ടുകാർക്ക് കഴിയുന്നുള്ളൂ.

 വെളുപ്പിന് പള്ളിയിലേക്ക് പ്രാർത്ഥനയ്ക്കായി പോകുന്നവർക്ക് വഴിയിലൂടനീളം പന്നിക്കൂട്ടങ്ങളെയാണ് കാണാൻ സാധിക്കുന്നത്. ഇതുമൂലം പ്രാർത്ഥനയ്ക്കായി പോകുന്നവർക്ക് വഴി തടസവും ഉണ്ടാകുന്നു.

 മൊഗ്രാൽ ടൗണിലെ ചില ഹോട്ടലുകളിലെ പിറക് വശത്ത് കൂട്ടിയിട്ടിരിക്കുന്ന ഭക്ഷണ മാലിന്യമാണ് പന്നിക്കൂട്ടങ്ങളുടെ ആഹാരം. ഇവിടെ നിന്നാണ് രാത്രിയായാൽ നാട്ടിൻപുറങ്ങളിൽ ഇറങ്ങുന്നതും.

 കുമ്പള ബംബ്രാണ മൊഗ്രാൽ കെകെപുറം തുടങ്ങിയ പ്രദേശങ്ങളിൽ ഇതിനകം തന്നെ പന്നി ശല്യം വർദ്ധിച്ചതായും കർഷകർ പരാതിപ്പെട്ടിട്ടുണ്ട്. 

എന്നാൽ ബന്ധപ്പെട്ടവരിൽ നിന്ന് പന്നിക്കൂട്ടങ്ങളെ തളക്കാൻ കാര്യമായ നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് പരാതി.

മൊഗ്രാലിൽ തമ്പടിച്ചിരിക്കുന്ന പന്നിക്കൂട്ടങ്ങളെ പിടികൂടാൻ മൃഗസംരക്ഷണ വകുപ്പും, കൃഷി വകുപ്പും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് മൊഗ്രാൽ മീലാദ് നഗർ മീലാദ് കമ്മിറ്റിയും, തഖ്വ നഗർ യുവജന കൂട്ടായ്മയും ആവശ്യപ്പെട്ടു.


No comments