JHL

JHL

ബി ജെ പി - ജെ ഡി യു സഖ്യസര്‍ക്കാര്‍ ബിഹാറില്‍ അധികാരമേറ്റു; നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രി


പാട്ന: ബിഹാറിൽ ബി.ജെ.പി സഖ്യത്തിൽ ജെ.ഡി(യു) സ്ഥാപകനും മുൻ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഒമ്പതാം തവണയാണ് നിതീഷ് കുമാർ മുഖ്യമന്ത്രിയാകുന്നത്. അഞ്ചു മണിയോടെ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നഡ്ഡ ഉൾപ്പെടെ പ്രമുഖർ പങ്കെടുത്തു.

നേരത്തെ ഗവർണർ രാജേന്ദ്ര അരലേക്കറിന്‍റെ വസതിയിലെത്തി നിതീഷ് കുമാർ രാജിക്കത്ത് കൈമാറിയിരുന്നു. ആർ.ജെ.ഡി, കോൺഗ്രസ്, ഇടത് പാർട്ടികൾ എന്നിവയുടെ പിന്തുണയോടെയുള്ള മഹാസഖ്യം വിട്ടാണ് നിതീഷ് കുമാർ വീണ്ടും ബി.ജെ.പിക്കൊപ്പം പോയത്. ബി.ജെ.പി എം.എൽ.എമാരുടെ പിന്തുണ കാണിച്ചുള്ള കത്തും ഗവർണർക്ക് കൈമാറി. ഇതിന് പിന്നാലെയാണ് വൈകീട്ട് അഞ്ച് മണിയോടെ വീണ്ടും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 

ബി.ജെ.പിയിൽനിന്നും ജെ.ഡി.യുവിനിന്നും മൂന്നുപേർ വീതവും എച്ച്.എ.എമ്മിൽനിന്ന് ഒരാളും മന്ത്രിമാരായി അധികാരമേറ്റു. ഇതിൽ ബി.ജെ.പിയുടെ സാമ്രാട്ട് ചൗധരി, വിജയ് കുമാർ സിൻഹ എന്നിവർ ഉപമുഖ്യമന്ത്രിമാരാണ്. പ്രേംകുമാർ, വിജയ് ചൗധരി, വിജേന്ദ്ര യാദവ്, ശ്രാവൺ കുമാർ, സന്തോഷ് കുമാർ, സുമിത് സിങ് എന്നിവരാണ് മറ്റു മന്ത്രിമാർ.

 243 അംഗങ്ങളുള്ള ബിഹാർ അസംബ്ലിയിൽ 79 എം.എൽ.എമാരുള്ള ആർ.ജെ.ഡിയാണ് ഏറ്റവും വലിയ കക്ഷി. ബി.ജെ.പി 78, ജെ.ഡി.യു 45, കോൺഗ്രസ് 19, സി.പി.ഐ (എം.എൽ) 12, ഹിന്ദുസ്ഥാനി അവാമി മോർച്ച (സെക്കുലർ) 4, സി.പി.ഐ 2, സി.പി.എം 2, എ.ഐ.എം.ഐ.എം ഒന്ന് എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സീറ്റ് നില. ഒരു സീറ്റിൽ സ്വതന്ത്രനാണ്. ഭരിക്കാൻ 122 സീറ്റ് വേണം. ബി.ജെ.പിയും ജെ.ഡി.യുവും ചേർന്നാൽ സീറ്റുകളുടെ എണ്ണം 123 ആകും. ജെ.ഡി.യു പിന്മാറിയതോടെ മഹാഘഡ്ബന്ധൻ മുന്നണിയിലെ സീറ്റ് നീല 114 ആയി ചുരുങ്ങി.




No comments