JHL

JHL

ഇശൽ ഗ്രാമം; പ്രാദേശിക ചരിത്ര പ്രശ്നോത്തരി ശ്രദ്ധേയമായി


മൊഗ്രാൽ : ലോക ചരിത്രം മുഴുവൻ ക്ലാസ് മുറികളിൽ നിന്നും പുറത്ത് നിന്നും സ്വായത്തമാക്കുന്ന ഇന്നത്തെ വിദ്യാർഥികൾ സ്വന്തം ഗ്രാമത്തിൻ്റെ ഇന്നലെകളെ കുറിച്ച് തികച്ചും അജ്ഞർ. അത് പകർന്നു കൊടുക്കപ്പെടുന്നില്ല, അത് ലഭിക്കാനുള്ള സാധ്യതകളും തുച്ഛം.

ഇത്തരുണത്തിൽ ജി വി എച്ച് എസ് എസ് മൊഗ്രാലിലെ സോഷ്യൽ സയൻസ് ക്ലബിൻ്റെ സഹകരണത്തോടെ എം എസ് മൊഗ്രാൽ സ്മാരക ഗ്രന്ഥാലയതതിൻ്റെ ആഭിമുഖ്യത്തിൽ നടത്തിയ പ്രാദേശിക ചരിത്ര ക്വിസ് ശ്രദ്ധേയമായി.

മൊഗ്രാൽ ഗ്രാമത്തിൻ്റെ ചരിത്രത്തിലെ നാൾവഴികൾ അടയാളപ്പെടുത്തിയ കൗതുകകരമായ ചോദ്യങ്ങളുമായി റിട്ടയേഡ് പഞ്ചായത്ത് അസിസ്റ്റൻ്റ് ഡയറക്ടർ കൂടിയായ ക്വിസ് മാസ്റ്റർ നീസാർ പെറുവാഡ് നാട്ടിൻ്റെ ഭൂതകാലത്തിലേക്ക് കുട്ടികളെയും നാട്ടുകാരെയും കൂട്ടിക്കൊണ്ടു പോയി.

രണ്ടു വിദ്യാർത്ഥികൾ വീതമുള്ള എട്ട് ടീമുകൾ മത്സരത്തിലുണ്ടായിരുന്നു. ഓരോ ടീമിനും ഒരു മുതിർന്ന നാട്ടുകാരനെ സഹായത്തിന് നൽകി.

കൂടാതെ നാട്ടിലെ തല മുതിർന്ന ആളുകൾ തങ്ങളുടെ ദേശത്തിൻ്റെ ഭൂതകാലത്തെ സമ്പന്നമാക്കിയ സാംസ്കാരിക, സാഹിത്യ, വിദ്യാഭ്യാസ , സ്പോർട്ട്സ് മേഖലകളിലെ പ്രഗത്ഭ വ്യക്തികൾ നൽകിയ സംഭാവനകളും ചരിത്ര സംഭവങ്ങളും പുതു തലമുറയുമായി പങ്കുവെച്ചു.

സ്വതന്ത്ര ഇന്ത്യയിൽ നടന്ന ആദ്യത്തെ അസംബ്ലി പൊതു തിരഞ്ഞെടുപ്പിൽ ഇന്നത്തെ മഞ്ചേശ്വരം നിയോജക മണ്ഡലം കൂടി ഉൾചേർന്ന കാസറഗോഡ് മണ്ഡലത്തിൽ നിന്ന് മദ്രാസ് അസംബ്ലിയിലേക്ക് 1952 ൽ തെരഞ്ഞെടുക്കപ്പെട്ടത് ഇന്നാട്ടുകാരനാണ്,

1926 ൽ മലബാർ - ഭക്ഷണ കന്നട വിദ്യാഭ്യാസ സമ്മേളനത്തിന് സ്ഥലത്തെ ഉത്പതിഷ്ണുക്കളുടെ മേൽനോട്ടത്തിൽ ആതിഥ്യം വഹിച്ചത് കൊച്ചു ഗ്രാമമായ മൊഗ്രാൽ ആയിരുന്നു, 1921 ൽ തഞ്ചാവൂരിൽ വെച്ച് നടന്ന ബഹുഭാഷാ കവി സമ്മേളനത്തിൽ അധ്യക്ഷം വഹിച്ചത് ഇശൽ ഗ്രാമമായ മൊഗ്രാലിലെ പുകൾപെറ്റ മാപ്പിള കവിയായ ബാലാമുബ്നു ഫഖീഫ് ആയിരുന്നു, മോയിൻ കുട്ടി വൈദ്യരുടെ അകാല മരണശേഷം അദ്ദേഹത്തിൻ്റെ പൂർത്തിയാകാത്ത മാപ്പിളപ്പാട്ടായ ഹിജറ പൂർത്തിയാകാക്കാൻ പിതാവ് ഉണ്ണീൻ വൈദ്യർ സമീപിച്ചത് ഈ മൊഗ്രാൽ കാരനെയാണ്, 1966 ൽ കേരള യൂണിവേഴ്സിറ്റി ഫുട്ബോൾ ക്യാപ്റ്റൻ മൊഗ്രാൽ സ്വദേശി പ്രൊഫ. പി സി.എം കുഞ്ഞി ആയിരുന്നു, പതിനൊന്നു പ്രാവശ്യം ദേശീയ കാർ റാലി ചാമ്പ്യനായ മൂസ ശരീഫ് തങ്ങളുടെ ഗ്രാമവാസിയാണ് തുടങ്ങി അഭിമാനകരമായ പല നേട്ടങ്ങളുടെയും മണ്ണിലാണ് തങ്ങൾ താമസിക്കുന്നത് എന്ന തിരിച്ചറിവ് പരിപാടി പങ്കാളികൾക്ക് പകർന്ന് നൽകി. 


ഉദ്ഘാടന

ചടങ്ങിൽ വെച്ച് കേന്ദ്ര സർവകലാശാലയിൽ നിന്ന് മൊഗ്രാൽ മാപ്പിള പാട്ട് പാരമ്പര്യത്തെ കുറിച്ചുള്ള ഗവേഷണത്തിന് പി എച് ഡി ലഭിച്ച ഡോ. ഫാത്തിമത്ത് റംഷീല യെ ഡോ. സഈദ മൊഗ്രാൽ ആദരിച്ചു. 

മഞ്ചേശ്വരം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് കെ . അബ്ദുല്ല ഉൽഘാടനം ചെയ്തു. PTA പ്രസിഡണ്ട് സിദ്ദീഖ് റഹമാൻ അധ്യക്ഷം വഹിച്ചു. SMC ചെയർമാൻ സയ്യദ് ഹാദി തങ്ങൾ , ലൈബ്രറി പ്രസിഡണ്ട് സിദ്ദീഖലി മൊഗ്രാൽ, പ്രോഗ്രാം കൺവീനർ മാഹിൻ മാസ്റ്റർ, ഹെഡ്മാസ്റ്റർ അബ്ദുൽ ബഷീർ, സ്കൂൾ ഓഫ് മാപ്പിള ആർട്സ് മൊഗ്രാൽ ചാപ്റ്റർ പ്രസിഡൻ്റ് ബഷീർ അഹ്മദ് സിദ്ദിഖ്, സോഷ്യൽ സയൻസ് ക്ലബ് കോഓർഡിനേറ്റർ രാജേഷ് മാസ്റ്റർ എന്നിവർ സംസാരിച്ചു.

ക്വിസ് മത്സരത്തിൽ കാഷ് അവാർഡ് നേടിയ വിജയികൾ :

നിദ ഫാതിമ , നദ ഫാത്വിമ (ഒന്നാം സ്ഥാനം) ഖദീജ റാണ , ഫാതിമത്ത് സൽവ (രണ്ടാം സ്ഥാനം)ഫാതിമ അബ്ബാസ് , ആസിയത്ത് റിധാന (മൂന്നാം സ്ഥാനം)

No comments