മിഡിൽ ഈസ്റ്റ് റാലി ചാമ്പ്യൻഷിൽ വെന്നിക്കൊടി പാറിക്കാൻ ഇന്ത്യൻ താരങ്ങളായ സനീം സാനി-മൂസ ഷരീഫ് സഖ്യം ഒരുങ്ങി
കാസറഗോഡ്(www.truenewsmalayalam.com) : സ്റ്റാർ ഡ്രൈവർ സനീം സാനിയും നിരവധി തവണ ദേശീയ കാർ റാലിയിൽ ജേതാവായ പ്രശസ്ത നാവിഗേറ്റർ മൂസ ഷെരീഫും മിഡിൽ ഈസ്റ്റ് റാലി ചാമ്പ്യൻഷിൽ പൂർണ്ണമായി പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തു.
മിഡിൽ ഈസ്റ്റ് റാലി ചാമ്പ്യൻഷിപ്പിന്റെ (MERC) സീസൺ 2024ൽ മുഴുവൻ സീസണിൽ പങ്കെടുക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യ ജോഡിയായി ഇരുവരും മാറും. ജനുവരി 20-ന് യു.എ.ഇ സ്പ്രിന്റ് റാലിയോടെ ഇവരുടെ പടയോട്ടം ആരംഭിക്കും. ഇത് മൂസാ ഷെരീഫിന്റെ 75-ാമത്തെ അന്താരാഷ്ട്ര മത്സരമായിരിക്കും. അഭിമാനകരമായ ചാമ്പ്യൻഷിപ്പ് ഫെബ്രുവരി 1 മുതൽ 3 വരെ ഖത്തർ ഇന്റർനാഷണൽ റാലിയോടെ ആരംഭിക്കും, ജോർദാൻ (മെയ് 16 മുതൽ 18 വരെ), ലെബനൻ (സെപ്തംബർ 6 മുതൽ 8 വരെ), സൈപ്രസ് (ഒക്ടോബർ 4 മുതൽ 6 വരെ), ഒമാൻ (നവംബർ 28 മുതൽ 30 വരെ) എന്നിവിടങ്ങളിൽ നാല് റൗണ്ടുകൾ കൂടി ഉണ്ടായിരിക്കും. MERC-4 വിഭാഗത്തിൽ ഫോർഡ് ഫിയസ്റ്റ റാലി 4 സ്പെക് കാർ ഉപയോഗിച്ചായിരിക്കും ഇവർ കളത്തിലിറങ്ങുന്നത്.
2008-ൽ റാലിയിൽ അരങ്ങേറ്റം കുറിച്ച സനീം, ഏഴ് തവണ നാഷണൽ റാലി ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയ കോ-ഡ്രൈവറും 22 ചാമ്പ്യൻഷിപ്പുകളിൽ ജേതാവുമായ മൂസ ഷരീഫിനൊപ്പം ചേർന്ന് എഫ്‌ഡബ്ല്യുഡി ക്ലാസിൽ മൂന്ന് യു.എ.ഇ റാലി ചാമ്പ്യൻഷിപ്പുകളിൽ വിജയം നേടിയിട്ടുണ്ട്.
തൃശ്ശൂർ സ്വദേശിയായ സനീം ഇപ്പോൾ ദുബായിലാണ് താമസം.
ഷാർജയുടെ ടൂൾബോക്‌സ് ഓട്ടോ ടീമിന്റെ സഹകരണത്തോടെ മത്സരിക്കുന്ന ഈ ജോഡിക്ക് എംആർഎഫ് ടയേർസ്,വിബ്ജിയോർ റിയൽ എസ്റ്റേറ്റ് ദുബായ്, ക്ലിവെറ്റ് എയർ കണ്ടീഷൻ മിഡിൽ ഈസ്റ്റ്, അലങ്കാർ ഹോട്ടൽസ് ,തൃശൂർ & ബ്ലൂബാൻഡ് സ്‌പോർട്‌സ് എന്നീ ഗ്രൂപ്പുകളുടെ പിന്തുണയുമുണ്ട്.
"ഇന്ത്യയെ പ്രതിനിധീകരിച്ച് കൊണ്ട്,രാജ്യത്തിന് വേണ്ടി പുരസ്‌കാരങ്ങൾ കൊണ്ടുവരാനുമുള്ള അവസരമായിട്ടാണ് ഞങ്ങൾ യു.എ.ഇ ചാമ്പ്യൻഷിപ്പിനെ കാണുന്നത്.എന്റെ രാജ്യത്തിനായി മത്സരിക്കുന്നുവെന്നത് എല്ലായ്പ്പോഴും അഭിമാനകരമായ നിമിഷമാണ്. മികച്ച കഴിവുകൾ പുറത്തെടുക്കാൻ ഞങ്ങൾ ശ്രമിക്കും. ആദ്യ റൗണ്ടിനായി ഞങ്ങൾ കാത്തിരിക്കുകയാണ്."- ഇന്ത്യയുടെ നമ്പർ വൺ നാവിഗേറ്ററായ മൂസ ഷരീഫ് പറഞ്ഞു. 74 അന്താരാഷ്ട്ര മത്സരങ്ങൾ ഉൾപ്പെടെ 309 റാലികൾ പൂർത്തിയാക്കിയ കാസർഗോഡ് ജില്ലയിലെ മൊഗ്രാൽ പെർവാഡ് സ്വദേശിയായ ഷരീഫിന്റെ തുടർച്ചയായ 32-ാം റാലി സീസനാണ് ഇത്.
ഫെബ്രുവരി 1 ന് ആരംഭിക്കുന്ന മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഖത്തർ ഇന്റർനാഷണൽ റാലിക്ക് 13 ടൈംഡ് സ്‌പെഷ്യൽ സ്റ്റേജുകൾ ഉൾപ്പെടെ 622.49 കിലോമീറ്റർ ദൈർഘ്യം ഉണ്ടായിരിക്കും.
Post a Comment