കുമ്പള സ്കൂൾ റോഡിൽ മത്സ്യ വില്പനയ്ക്കിടെ മീൻ വെള്ളം ഒഴുക്കുന്നതും, മാലിന്യം വലിച്ചെറിയുന്നതും പതിവ്; ദുർഗന്ധത്താൽ വിദ്യാർത്ഥികൾക്കും, വ്യാപാരികൾക്കും ദുരിതം
കുമ്പള(www.truenewsmalayalam.com) : കുമ്പള സ്കൂൾ റോഡിൽ മത്സ്യ വില്പനയ്ക്കിടെ മീൻ വെള്ളം ഒഴുക്കുന്നതും, മാലിന്യം വലിച്ചെറിയുന്നതും പതിവ്, ദുർഗന്ധത്താൽ വിദ്യാർത്ഥികൾക്കും, വ്യാപാരികൾക്കും ദുരിതം.
മാലിന്യ വിഷയത്തിൽ അധികൃതർ പിഴയും,തടവും ഉൾപ്പെടെയുള്ള നിയമം കർശനമായി നടപ്പിലാക്കുമ്പോഴും തങ്ങൾക്ക് അതൊന്നും ബാധകമല്ലെന്ന രീതിയിലാണ് കുമ്പള സ്കൂൾ റോഡിൽ മത്സ്യ വില്പനയ്ക്കിടെ മീൻ വെള്ളം ഒഴുക്കുന്നതും, മാലിന്യങ്ങൾ പൊതുസ്ഥലത്ത് വലിച്ചെറിയുന്നതും.
പൊതുസ്ഥലത്ത് മത്സ്യ വില്പന നടത്തിയതിനും, മീൻ വെള്ളം ഒഴുക്കിയതിനും കഴിഞ്ഞ മാസമാണ് കുമ്പളയിൽ രണ്ട് മത്സ്യ വില്പന തൊഴിലാളികൾക്ക് കുമ്പള പോലീസ് കേസെടുത്ത് പിഴ ചുമത്തിയത്. എന്നിട്ടും ഇത് ആവർത്തിക്കുകയാണ് ചെയ്യുന്നത്.
സ്കൂൾ റോഡിലെ ഓവുചാലുകൾ ലക്ഷങ്ങൾ ചിലവഴിച്ചാണ് കഴിഞ്ഞ മാസം കുമ്പള ഗ്രാമപഞ്ചായത്ത് പുനർ നിർമ്മിച്ചത്. ഈ ഓവുചാലിലേക്കാണ് സ്കൂൾ റോഡിലെ മത്സ്യ വില്പന തൊഴിലാളികൾ മാലിന്യം വലിച്ചെറിയുന്നതും,മീൻ വെള്ളം ഒഴുക്കിവിടുന്നതും.
പൊതു സ്ഥലത്ത് മാലിന്യ വലിച്ചെറിയുന്നത് തടവും, പിഴയും വ്യവസ്ഥ ചെയ്യുന്ന നിയമം നിലനിൽക്കെ യാണ് ഇത്തരത്തിലുള്ള മാലിന്യ നിക്ഷേപം.
മീൻ വെള്ളം സ്കൂൾ റോഡിൽ ഒഴുക്കുന്നത് മൂലം കൊതുകുകളും, ഈച്ചകളും പേരുകയാണ്. ഒപ്പം അസഹ്യമായ ദുർഗന്ധവും.
മാലിന്യങ്ങൾ തൊട്ടടുത്ത കേന്ദ്രസർക്കാർ തപാൽ വകുപ്പിന്റെ കീഴിലുള്ള സ്ഥലത്ത് ഗേറ്റ് സ്ഥാപിച്ചിട്ടുള്ള കവാടത്തിലേക്കാണ് വലിച്ചെറിയുന്നത്. വലിച്ചെറിയുമ്പോൾ ഇതിൽ പകുതിയും വീഴുന്നത് സ്കൂൾ റോഡിലേക്കാണ്.
മീൻ- ഭക്ഷ്യ മാലിന്യമായതിനാൽ ഇത് നായകൾക്ക് ഭക്ഷണമാവുന്നു. ഇതുമൂലം സ്കൂൾ റോഡ് നായ്ക്കളുടെ വിഹാര കേന്ദ്രമായി മാറിയിട്ടുമുണ്ട്.
ഇത് വഴി സ്കൂളിലേക്ക് നടന്നു പോകുന്ന വിദ്യാർത്ഥികൾക്ക് നായ് ക്കൂട്ടം വീഷണിയുമാണ്.
സഹികെട്ട തൊട്ടടുത്ത വ്യാപാരികളും, വിദ്യാർത്ഥികളും പഞ്ചായത്ത്, ആരോഗ്യവകുപ്പ് അധികൃതരെ സമീപിക്കാൻ ഒരുങ്ങുകയാണ്.
Post a Comment