രജിസ്ട്രേഷന് വകുപ്പിന്റെ സേവനങ്ങള്‍ ഇനി പൊതുജനങ്ങളുടെ വിരല്‍തുമ്പില്‍. ജില്ലയിലെ ഒമ്പത് സബ് രജിസ്ട്രാര്‍ ഓഫിസുകളും ജില്ല രജിസ്ട്രാര്‍ ഓഫിസും തിങ്കളാഴ്ച മുതല്‍ സമ്പൂര്‍ണ ഡിജിറ്റൈസേഷന്
കാസർകോട്: രജിസ്ട്രേഷന് വകുപ്പിന്റെ സേവനങ്ങള്‍ ഇനി പൊതുജനങ്ങളുടെ വിരല്‍തുമ്പില്‍. ജില്ലയിലെ ഒമ്പത് സബ് രജിസ്ട്രാര്‍ ഓഫിസുകളും ജില്ല രജിസ്ട്രാര്‍ ഓഫിസും തിങ്കളാഴ്ച മുതല്‍ സമ്പൂര്‍ണ ഡിജിറ്റൈസേഷന് നേട്ടം കൈവരിക്കും. ആധാരം ഉള്‍പ്പെടെയുള്ള രേഖകള്‍ ഡിജിറ്റൈസേഷന് നടത്തി പകര്‍പ്പുകള്‍ ഇനി പൂര്‍ണമായും ഓണ്‍ലൈന്‍വഴി ലഭ്യമാകും.
ആധാരം നഷ്ടപ്പെട്ടവര്‍ക്കും ലോണ്‍ സംബന്ധമായി ബാങ്കുകളില്‍ രേഖകള്‍ നല്‍കേണ്ടവര്‍ക്കും റീസര്വേയോ റവന്യൂ വകുപ്പുമായോ ബന്ധപ്പെട്ട സേവനങ്ങള്‍ക്കും ആധാരത്തിന്റെ പകര്‍പ്പ് ആവശ്യമാണ്. ഡിജിറ്റൈസേഷന് നിലവില്‍വരുന്നതോടെ നടപടികള്‍ എളുപ്പമാകും. ആവശ്യക്കാരന് രേഖകള്‍ വിരല്‍തുമ്പിലെത്തും. കഴിഞ്ഞ സാമ്പത്തികവര്‍ഷം ആധാരത്തിന്റെ പകര്‍പ്പ് ആവശ്യപ്പെട്ട് 26,440 അപേക്ഷകളാണ് വകുപ്പിന് ലഭിച്ചത്. ആധാരപ്പകര്‍പ്പുകള്‍ ഡിജിറ്റല്‍ രൂപത്തിലേക്ക് മാറുന്നതോടെ ഓണ്‍ലൈന്‍ മുഖേന തുക അടച്ചാല്‍ പൊതുജനങ്ങള്‍ക്ക് ഓഫിസ് കയറിയിറങ്ങാതെ സാക്ഷ്യപ്പെടുത്തിയ രേഖകള്‍ ലഭ്യമാകും.
ബാധ്യത സര്‍ട്ടിഫിക്കറ്റുകള്‍, ഗഹാന് /ഗഹാന് റിലീസുകള്‍ എന്നിവയും പൂര്‍ണമായും ഓണ്‍ലൈന്‍ സേവനത്തിലൂടെ ലഭിക്കും. ആധാരം രജിസ്റ്റര്‍ ചെയ്യുന്നതിന് മാത്രമായിരിക്കും ഇനി പൊതുജനങ്ങള്‍ക്ക് സബ് രജിസ്ട്രാര്‍ ഓഫിസില്‍ എത്തേണ്ടിവരുക.രജിസ്റ്റര്‍ ചെയ്യേണ്ട വസ്തു എവിടെയാണെങ്കിലും ഏത് സബ് രജിസ്ടാര്‍ ഓഫിസിലും രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യവും നിലവില്‍വരും.
നൂറ്റാണ്ടുകളുടെ പഴക്കമുള്ള രേഖകളാണ് സബ് രജിസ്ട്രാര്‍ ഓഫിസുകളിലുള്ളത്. ആ രേഖകള്‍ ഫലപ്രദമായാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്. സംസ്ഥാനത്തെ ഏറ്റവും പഴക്കംചെന്ന വകുപ്പുകളിലൊന്നായ രജിസ്ട്രേഷന് വകുപ്പ് 1865 മുതല്‍ പ്രവര്‍ത്തിച്ചുവരുകയാണ്. ജില്ലയില്‍ ഒമ്പത് സബ് രജിസ്ട്രാര്‍ ഓഫിസുകളും ഒരു ജില്ല രജിസ്ട്രാര്‍ ഓഫിസുമാണുള്ളത്.
കാസര്‍കോട്, ഹോസ്ദുര്‍ഗ്, മഞ്ചേശ്വരം, തൃക്കരിപ്പൂര്‍, ബദിയടുക്ക, ഉദുമ, രാജപുരം, ബളാല്‍, നീലേശ്വരം സബ് രജിസ്ട്രാര്‍ ഓഫിസുകള്‍ ഡിജിറ്റലാവുന്നതോടെ സേവനങ്ങള്‍ക്ക് ഇനി വേഗം കൈവരും. ജില്ലയില്‍ കാസര്‍കോട്, ഹോസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ ഓഫിസുകള്‍ 1865ലും മഞ്ചേശ്വരം സബ് രജിസ്ട്രാര്‍ ഓഫിസ് 1884ലും തൃക്കരിപ്പൂര്‍ സബ് രജിസ്ട്രാര്‍ 1910ലുമാണ് ആരംഭിച്ചത്.
ഉദ്ഘാടനം തിങ്കളാഴ്ച
രജിസ്ട്രേഷന് വകുപ്പ് ഡിജിറ്റൈസേഷന് ഉദ്ഘാടനം തിങ്കളാഴ്ച ഉച്ചക്ക് 12ന് കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രജിസ്ട്രേഷന് മ്യൂസിയം പുരാവസ്തു പുരാരേഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് നിര്‍വഹിക്കും. രാജ്മോഹന്‍ ഉണ്ണിത്താന് എം.പി മുഖ്യപ്രഭാഷണം നടത്തും. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ അധ്യക്ഷത വഹിക്കും. എം.എല്‍.എമാരായ എം. രാജഗോപാലന്‍, ഇ. ചന്ദ്രശേഖരൻ, അഡ്വ. സി.എച്ച്. കുഞ്ഞമ്പു, എ.കെ.എം. അഷ്റഫ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്, കലക്ടര്‍ കെ. ഇമ്പശേഖര്‍ എന്നിവര്‍ മുഖ്യാതിഥികളാവും. കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലെ ഡിജിറ്റൈസേഷന്റെ ഉദ്ഘാടനവും പരിപാടിയില്‍ നിര്‍വഹിക്കും.
Post a Comment