JHL

JHL

ഫാൻസ് അസോസിയേഷനെ രാഷ്ട്രീയ പാർട്ടിയാക്കുന്നു; മാസ് ‘പൊളിറ്റിക്കൽ എൻട്രി’ക്ക് വിജയ്


 ചെന്നൈ(www.truenewsmalayalam.com) : തമിഴ് സൂപ്പർതാരം ദളപതി വിജയുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ കാലങ്ങളായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആരാധക പിന്തുണയിൽ തമിഴ് നാട്ടിൽ ഏറ്റവും മുന്നിലുള്ള താരങ്ങളിലൊരാളായ വിജയ് ആനുകാലിക വിഷയങ്ങളിലെടുക്കുന്ന നിലപാടുകൾ കൈയ്യടിനേടാറുണ്ട്. മാത്രമല്ല, സാമൂഹിക പ്രസക്തിയുള്ള സിനിമകളാണ് പൊതുവേ താരം ചെയ്യാറുള്ളതും.

ഇപ്പോഴിതാ താരം രാഷ്ട്രീയത്തിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ വന്നിരിക്കുകയാണ്. ഔദ്യോഗിക ഫാൻസ് അസോസിയേഷനായ വിജയ് മക്കൾ ഇയക്ക’ത്തെ പാർട്ടിയാക്കി മാറ്റാൻ ചെന്നൈയിലെ പനയൂരിൽ ചേർന്ന സംസ്ഥാന യോഗത്തിൽ തീരുമാനിച്ചതായാണ് വിവരം. ഒരു മാസത്തിനകം തെരഞ്ഞെടുപ്പ് കമ്മീഷനിൽ പാർട്ടി രജിസ്റ്റർ ചെയ്യുമെന്നും റിപ്പോർട്ടിൽ പറയുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനമെന്നതാണ് ശ്രദ്ധേയം. വ്യാഴാഴ്ച നടന്ന മക്കൾ ഇയക്കം യോഗത്തിൽ വിജയ്‌യും പങ്കെടുത്തിരുന്നു. മൂന്ന് മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ വിജയ്‌യെ പ്രസിഡന്റാക്കി രാഷ്ട്രീയ പാർട്ടിയായി മക്കൾ ഇയക്കം രജിസ്റ്റർ ചെയ്യാനും തുടർ നടപടികളുമായി മുന്നോട്ട് പോകാനും തീരുമാനമായെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

2021ല്‍ നടന്ന തമിഴ്‌നാട് തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയ് മക്കള്‍ ഇയക്കം മത്സരിക്കുകയും 129 ഇടങ്ങളില്‍ വിജയിക്കുകയും ചെയ്തിരുന്നു. അതേസമയം, വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിൽ ഒറ്റക്ക് മത്സരിച്ചേക്കില്ലെന്നും, ഏതെങ്കിലും മുന്നണിക്ക് പിന്തുണ നല്‍കാനാണ് സാധ്യതയെന്നുമാണ് സൂചന. ഏത് മുന്നണിയെയാവും പിന്തുണക്കുക എന്നത് ഇപ്പോള്‍ വ്യക്തമല്ല.

വിജയ് മക്കൾ ഇയക്കം ഭാരവാഹികൾ അടുത്ത മാസം തുടക്കത്തിൽ ഡൽഹിയിലേക്ക് പോകുമെന്ന് റിപ്പോർട്ടുകളുണ്ട്. ​മറ്റ് പ്രചരണങ്ങൾ നടത്തരുതെന്നും വിജയ് തന്നെ പ്രഖ്യാപനം നടത്തുമെന്നും ആരാധക കൂട്ടായ്മ അറിയിച്ചതായാണ് വിവരം.

2026ൽ തൻ്റെ രാഷ്ട്രീയ അരങ്ങേറ്റം ഉണ്ടാകുമെന്ന് വിജയ് നേരത്തെ സൂചനകൾ നൽകിയിരുന്നു. മുൻപ് ലിയോ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിനിടെയും രാഷ്ട്രീയത്തിലിറങ്ങുമെന്ന വ്യക്തമായ സൂചന വിജയ് നൽകിയിരുന്നു. വരും ദിവസങ്ങളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തതയുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ.



No comments