മുന്നറിയിപ്പില്ലാതെ റെയിൽവേ അധികൃതർ വഴിയടച്ച മൊഗ്രാൽ കൊപ്പളം പ്രദേശം എ.കെ.എം അഷ്‌റഫ് എം എൽ എ സന്ദർശിച്ചു; വഴി തുറന്നുകിട്ടുമെന്ന പ്രതീക്ഷയോടെ പരിസരവാസികൾ
മൊഗ്രാല്‍(www.truenewsmalayalam.com): യാതൊരു മുന്നറിയിപ്പുമില്ലാതെ മൊഗ്രാല്‍ കൊപ്പളത്തേക്കും വലിയ ജുമാ മസ്ജിദിലേക്കുമുള്ള വഴി റെയിൽവേ അധികൃതർ അടച്ചത് മൂലം ശക്തമായ പ്രതിഷേധം രൂപപ്പെട്ട പ്രദേശം എ.കെ.എം അഷ്‌റഫ് എം. എൽ.എ സന്ദർശിച്ചു.
വഴി പുനസ്ഥാപിച്ച് കിട്ടുന്നതിന് രാജ്മോഹൻ ഉണ്ണിത്താൻ എം. പി യുമായി ചേർന്ന് ശക്തമായ ഇടപെടലുകൾ നടത്തുമെന്ന് തടിച്ചുകൂടിയ പരിസരവാസികൾക്ക് എം. എൽ.എ ഉറപ്പ് നൽകി.
സുരക്ഷിതത്വത്തിന്റെ പേര് പറഞ്ഞ് തന്റെ മണ്ഡലത്തിലെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുന്ന നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് റെയിൽവേ ഡിവിഷണൽ മാനേജരോട് എം എൽ എ ആവശ്യപ്പെടുകയും, ഇത് സംബന്ധിച്ച് ജില്ലാ കലക്ടറോട് പ്രദേശത്ത് വെച്ച് തന്നെ പ്രശ്ന പരിഹാരത്തിനായി ടെലഫോണിലൂടെ ചർച്ച നടത്തുകയും ചെയ്തു.
മൊഗ്രാല്‍ പടിഞ്ഞാറ് പ്രദേശത്തുള്ള നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പ്രസ്തുത റെയില്‍പ്പാലം മുറിച്ചുകടന്നാണ് ജുമാ മസ്ജിദ് റോഡ് വഴി സ്‌കൂളിലേക്ക് പോകുന്നതും തിരിച്ച് വരുന്നതും.
അതുപോലെ വലിയ ജുമാമസ്ജിദിലേക്ക് പ്രാര്‍ത്ഥനയ്ക്കായി എത്തുന്നതും, മരിച്ചവരുടെ മയ്യത്ത് പള്ളി വളപ്പില്‍ എത്തിക്കുന്നതും ഇത് വഴിയുള്ള റെയില്‍പ്പാളം മുറിച്ചുകടന്നാണ്.
വര്‍ഷങ്ങളായി ഉപയോഗിക്കുന്ന ഈ വഴിയാണ് റെയില്‍വേ അധികൃതര്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ വ്യാഴാഴ്ച രാവിലെ അടച്ചിരിക്കുന്നത്. എം എൽ എ യുടെ അവസരോചിത ഇടപെടൽ ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.
എം എൽ എ യോടൊപ്പം മണ്ഡലം ലീഗ് ജന. സെക്രട്ടറി എ.കെ ആരിഫ്, മണ്ഡലം ലീഗ് സെക്രട്ടറി ടി.എം ശുഹൈബ്, കുമ്പള പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് കെ. എം അബ്ബാസ്, മൊഗ്രാൽ വാർഡ് ലീഗ് പ്രസിഡന്റ് ടി. കെ ജാഫർ, സെക്രട്ടറി എം. ജി എ റഹ്‌മാൻ എന്നിവരും ഉണ്ടായിരുന്നു.
പരിസര വാസികളായ സിദ്ദീഖ് റഹ്‌മാൻ, വാർഡ് ലീഗ് പ്രസിഡന്റ് മൂസ കൊപ്പളം, ഷഹീർ യു.എം, ലത്തീഫ് കൊപ്പളം, ഇബ്രാഹിം ചെടേക്കാൽ, മുസ്തഫ, അല്ലു, മുനീർ, ലത്തീഫ് നാങ്കി, നിയാസ് തുടങ്ങിയവർ എം എൽ എ യെ കാര്യങ്ങൾ ധരിപ്പിച്ചു.
Post a Comment