JHL

JHL

വൊർക്കാടി ഗ്രാമപ്പഞ്ചായത്ത് മൈതാനം: നവീകരണത്തിന് ഒരുകോടിയുടെ അനുമതി

വൊർക്കാടി : ഗ്രാമപ്പഞ്ചായത്ത് മൈതാനത്തിന്റെ വികസനത്തിന് ഒരുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. ധർമനഗറിൽ സ്ഥിതിചെയ്യുന്ന മൈതാനം ഏറെക്കാലമായി അവഗണനയിലായിരുന്നു. ഈ മേഖലയിലെ കായികപ്രേമികളും നാട്ടുകാരും ഏറെക്കാലമായി ആഗ്രഹിക്കുന്നതാണ് മൈതാനത്തിന്റെ വികസനം.

മുൻ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ 25 ലക്ഷം രൂപയുടെ വികസനപ്രവൃത്തി നടപ്പാക്കിയെങ്കിലും മതിയായ സൗകര്യങ്ങളുണ്ടായില്ല. വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനും പരിശീലനത്തിനുമുൾപ്പെടെ കാലങ്ങളായി നിരവധി കായികതാരങ്ങളുടെ ആശ്രയമാണ് ഈ മൈതാനം. 

നടപ്പ് സാമ്പത്തിക വർഷത്തെ സംസ്ഥാന ബജറ്റിൽ ഉൾപ്പെടുത്തിയാണ് വൊർക്കാടി ഗ്രാമപ്പഞ്ചായത്ത് മൈതാനത്തിന്റെ വികസനത്തിന് പ്രൊപ്പോസൽ നൽകിയതെന്നും ഇത് പരിഗണിച്ചാണ് ഒരുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചിരിക്കുന്നതെന്നും എ.കെ.എം. അഷ്റഫ് എം.എൽ.എ. പറഞ്ഞു. മൈതാന വികസനം, ഗാലറി, വേദി, ശൗചാലയം, ഓഫീസ് സൗകര്യം, റീട്ടെയ്‌നിങ് വാൾ, ചുറ്റുമതിൽ, പ്രവേശന കവാടം, കുഴൽക്കിണർ, സ്പോർട്സ് ഉപകരണങ്ങൾ വാങ്ങൽ, വൈദ്യുതീകരണം, ഫ്ലഡ് ലൈറ്റ് എന്നീ സൗകര്യങ്ങളാണ് ഒരുക്കുക. സാങ്കേതികാനുമതി ലഭ്യമാക്കി ടെൻഡർ നടപടികൾ പൂർത്തീകരിച്ച് പ്രവൃത്തി തുടങ്ങുമെന്ന് എം.എൽ.എ. അറിയിച്ചു.




No comments