ഉജാർ ഉളുവാർ ജി.ബി.എൽ.പി സ്കൂളിൽ ക്ലാസ് മുറിക്കകത്ത് മൂർക്കൻ പാമ്പ്
കുമ്പള(www.truenewsmalayalam.com) : ഉജാർ ഉളുവാർ ജി.ബി.എൽ.പി സ്കൂളിൽ ക്ലാസ് മുറിക്കകത്ത് മൂർക്കൻ പാമ്പ്. കഴിഞ്ഞയാഴ്ചയാണ് ക്ലാസ് മുറിയിൽ മൂർഖൻ പാമ്പ് പ്രത്യക്ഷപ്പെട്ടത്.
അധ്യാപകൻ ക്ലാസ് മുറിയിലിരുന്ന് കമ്പ്യൂട്ടറിൽ ജോലികൾ ചെയ്തുകൊണ്ടിരിക്കെയാണ് വാതിലിന് പിറകിൽ ഫണം വിടർത്തി നിൽക്കുന്ന പാമ്പിനെ കണ്ടത്. പിന്നീട് പാമ്പ് മുറിയിൽനിന്നും ഇറങ്ങി മറഞ്ഞു.
അധ്യാപകൻ അറിയിച്ചതിനെ തുടർന്ന് സ്കൂൾ അധികൃതർ വ്യാപക തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഇതിനകം നിരവധിതവണ സ്കൂൾ കോമ്പൗണ്ടിനുള്ളിൽ മൂർഖൻ പാമ്പിനെ കണ്ടതായി അധ്യാപകരും പരിസരവാസികളും പറയുന്നു. എന്നാൽ, ഇതാദ്യമായാണ് മുറിക്കകത്ത് പാമ്പിനെ കാണുന്നത്.
സംഭവത്തിനുശേഷം അധ്യാപകരോട് നേരത്തെ സ്കൂളിൽ എത്താനും ക്ലാസ് മുറികൾ പരിശോധിച്ചതിനുശേഷം മാത്രം കുട്ടികളെ ക്ലാസിനകത്തേക്ക് കയറ്റിവിടാനും ഹെഡ്മിസ്ട്രസ് നിർദേശിച്ചതായാണ് വിവരം.
പ്രി പ്രൈമറി മുതൽ നാലാം ക്ലാസ് വരെ കന്നട മലയാളം മാധ്യമങ്ങളിലായി 150 ഓളം വിദ്യാർഥികൾ ആണ് ഈ സ്കൂളിൽ പഠിക്കുന്നത്. സംസ്ഥാനത്തു തന്നെ പെഡഗോജി പാർക്ക് ഉള്ള ഏതാനും സ്കൂളുകളിൽ ഒന്നാണ് ജി.ബി.എൽ.പി.എസ് ഉജാർ ഉളുവാർ.
അഞ്ചുവർഷങ്ങൾക്ക് മുമ്പ് നിലവിൽ വന്ന ഈ പാർക്ക് അറ്റകുറ്റപ്പണികൾ നടത്താതെ കാടുപിടിച്ച് കിടക്കുകയായിരുന്നു. എന്നാൽ, പാമ്പിനെ കണ്ടെത്തിയ സംഭവത്തിനുശേഷം പാർക്കിനുള്ളിലെ കാടുകളും സ്കൂളിന് ചുറ്റുമുള്ള പുല്ലുകളും മറ്റും വെട്ടി വൃത്തിയാക്കുകയും ചെയ്തിട്ടുണ്ട്.
എങ്കിലും വളരെ ഭീതിയോടുകൂടിയാണ് രക്ഷിതാക്കൾ കുഞ്ഞുങ്ങളെ സ്കൂളിലേക്ക് അയക്കുന്നത്. സ്കൂളിന് ആവശ്യത്തിന് കെട്ടിടങ്ങൾ ഇല്ലാത്തതും ഉള്ള കെട്ടിടങ്ങൾ തന്നെ മതിയായ സുരക്ഷ ഇല്ലാത്തതുമാണെന്ന് നാട്ടുകാർ പറയുന്നു. മുറികൾ അടച്ചുപൂട്ടിയാലും വാതിലിന് കീഴെ ഇഴജന്തുക്കൾക്ക് കയറാൻ മാത്രം വിടവുണ്ടെന്നും നാട്ടുകാർ പറഞ്ഞു.
സ്കൂൾ കോമ്പൗണ്ടിനകത്ത് താവളമാക്കിയ മൂർഖൻ പാമ്പിനെ കണ്ടെത്തി പിടികൂടി കുട്ടികൾക്ക് സുരക്ഷ ഉറപ്പുവരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Post a Comment