JHL

JHL

ഫ്ലക്സ് നിരോധനവും, നിയന്ത്രണങ്ങളും കടലാസിൽ; പൊതു നിരത്തുകളിൽ ഫ്ലക്സ് ബോർഡുകൾ നിറയുന്നു.

 


മൊഗ്രാൽ(www.truenewsmalayalam.com) : ദേശീയപാതകളിലെ പൊതുനിരത്തുകളിൽ ഒരു നിയന്ത്രണവും ഇല്ലാതെ ഫ്ലക്സ് ബോർഡുകൾ നിറയുന്നത് വാഹനഗതാഗതത്തിനും, കാൽനടയാത്രക്കാർക്കും ദുരിതമാകുന്നു.

 പൊതുനിരത്തുകളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നത് കോടതി ഇടപെടൽ മൂലം നേരത്തെ സംസ്ഥാന സർക്കാർ നിർദ്ദേശപ്രകാരം ജില്ലാ ഭരണകൂടം നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.ജില്ലാ ഭരണകൂടം നേരിട്ടിടപ്പെട്ട് നിരത്തുകളിലെ ബാനറുകളും, ഫ്ലക്സുകളും നീക്കം ചെയ്തിരുന്നു എന്നാൽ നിയന്ത്രണങ്ങൾക്ക് അല്പായുസ്സ് മാത്രമാണുണ്ടാകുന്നത്. അധികൃതർ നിയന്ത്രണം മയ പെടുത്തിയപ്പോൾ ജില്ലയിലെ പൊതുനിരത്തുകൾ ഫ്ലക്സ് ബോർഡുകൾ കൊണ്ട് നിറയുന്ന കാഴ്ചയാണ്ഇപ്പോൾ കാണുന്നത്.


 ദേശീയപാതക്കരികിലുള്ള വൈദ്യുതി തൂണുകളിൽ ഫ്ലക്സ് ബോർഡുകളും, പരസ്യങ്ങളും സ്ഥാപിക്കാൻ ഫീസ് ഈടാക്കുമെന്ന് വൈദ്യുതി വകുപ്പ് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. എന്നാൽ തീരുമാനം കടലാസിൽ ഒതുങ്ങി. ഫ്ലക്സ് ബോർഡുകളും ബാനറുകളും കെട്ടുന്നത് മൊത്തം വൈദ്യുതി പോസ്റ്റുകളിലാണ്. ദേശീയപാത നിർമ്മാണം നടക്കുന്നതിനാൽ സർവീസ് റോഡുകൾ മാത്രമാണ് ഇപ്പോൾ തുറന്നു കൊടുത്തിട്ടുള്ളത്. സർവീസ് റോഡിനു സമീപത്തുള്ള വൈദ്യുതി പോസ്റ്റുകളിലാണ് ഭൂരിഭാഗവും ബാനറുകളും,, ഫ്ലക്സ് ബോർഡുകളും സ്ഥാപിച്ചിരിക്കുന്നത്. ഇത് വഴി യാത്രക്കാർക്ക് നടന്നു പോകാൻ പ്രയാസപ്പെടുന്നു. ദൂരെ ദിക്കുകളിൽ നിന്ന് വരുന്ന വാഹനങ്ങൾ ബാനറും,ഫ്ലക്സുകളും കാരണം കാണാൻ പറ്റാത്ത അവസ്ഥയും ഉണ്ട്. ഇത് വാഹനാപകടങ്ങൾക്കുള്ള സാധ്യത ഏറെയാണെന്ന് നാട്ടുകാർ പറയുന്നു. വിഷയത്തിൽ ജില്ലാ ഭരണകൂടത്തിന്റെ അടിയന്തിര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

No comments