JHL

JHL

വിമാനത്തിന് സാങ്കേതിക തകരാർ ; റോഡുദ്‌ഘാടനത്തിന് നിതിൻ ഗഡ്‌ഗരി എത്തിയില്ല

കാസർകോട് : ന്യൂഡൽഹിയിൽനിന്ന് പറന്നുയർന്നെങ്കിലും വിമാനത്തിന് സാങ്കേതികത്തകരാർ സംഭവിച്ചതിനെത്തുടർന്ന് തിരിച്ചിറങ്ങേണ്ടി വന്നതിലുള്ള സങ്കടം അറിയിച്ചാണ് നിതിൻ ഗഡ്കരി ഉദ്ഘാടന പ്രസംഗം തുടങ്ങിയത്. അപ്പോഴേക്കും സദസ്സിൽനിന്ന് ആളുകൾ ഇറങ്ങിത്തുടങ്ങിയിരുന്നു. അമേരിക്കയിലെ റോഡുകൾ നല്ലതായത് അമേരിക്ക സമ്പന്നരാജ്യമായതുകൊണ്ടല്ല. നല്ല റോഡുകൾ ഉണ്ടായതുകൊണ്ടാണ് അമേരിക്ക സമ്പന്നമായതെന്ന മുൻ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്.കെന്നഡിയുടെ വാക്ക്‌ കടമെടുത്താണ് ഗഡ്കരി പ്രസംഗം തുടങ്ങിയത്. കേരളത്തിൽ മികച്ച റോഡുകൾ വന്നാൽ ഒൻപത്‌ ശതമാനം മൂലധനനിക്ഷേപം നടത്തുന്ന വിനോദസഞ്ചാര മേഖല ഉണരുമെന്നും അത് തൊഴിൽസാധ്യതകൾ കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശരാജ്യങ്ങളിൽ മലയാളികൾ മികച്ചതരത്തിൽ ജോലിചെയ്യുന്നുണ്ട്. അത്തരത്തിലുള്ള സമർഥരായ യുവാക്കൾക്ക് കേരളത്തിൽ തൊഴിൽസാധ്യതകൾ കൂടുമെന്നും അദ്ദേഹം പറഞ്ഞു. കാസർകോട്ടെ ജനങ്ങളുടെ പ്രശ്നങ്ങളുമായി എം.പി.യും എം.എൽ.എ.മാരും തന്നെ നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന കാര്യവും ഗഡ്‌കരി സൂചിപ്പിച്ചു.

ഓഫ്‌ലൈനിൽനിന്ന് ഹൈബ്രിഡിലേക്ക് മാറിയ ചടങ്ങിൽ രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി.യാണ് സ്വാഗതം പറഞ്ഞത്. രാജ്യത്ത് ഗതാഗത രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്ന സൂപ്പർ എൻജിനീയറാണ്‌ നിതിൻ ഗഡ്കരിയെന്നാണ് ഉണ്ണിത്താൻ വിശേഷിപ്പിച്ചത്.

കപ്പിനും ചുണ്ടിനുമിടയിലാണ് കാസർകോടിന് പലതും നഷ്ടപ്പെടാറുള്ളതെന്നും അത്തരമൊരു സംഭവമാണ് ഗഡ്കരിയുടെ യാത്രമുടങ്ങിയതെന്നും തുടർന്ന് സംസാരിച്ച എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ. അഭിപ്രായപ്പെട്ടു.വികസനത്തിൽ രാഷ്ട്രീയം കാണാൻ പാടില്ലെന്നും എന്നാൽ, ചടങ്ങ് മുന്നോട്ടുപോകുന്നത് മറ്റൊരു തലത്തിലാണെന്നും എം.രാജഗോപാലൻ എം.എൽ.എ. കുറ്റപ്പെടുത്തി. വേദിയിലുണ്ടായിട്ടും മഞ്ചേശ്വരം എം.എൽ.എ. എ.കെ.എം.അഷറഫിനെ സ്വാഗതത്തിൽ പരാമർശിക്കാതിരുന്നതും സംസാരിക്കാൻ ക്ഷണിക്കാതിരുന്നതും മറ്റൊരു പോരായ്മയായി.

മുൻ മന്ത്രി സി.ടി.അഹമ്മദലി ആദ്യംതന്നെ വേദിയിലെത്തി മുൻനിരയിലിരുന്നെങ്കിലും മുൻ എം.പി. പി.കരുണാകരന് തുടക്കത്തിൽ സദസ്സിലായിരുന്നു സ്ഥാനം. പിന്നീട് വേദിയിലേക്ക് ക്ഷണിച്ചിരുത്തിയ അദ്ദേഹം സ്വീകരണത്തിനിടെ വിയോജിപ്പ് പരസ്യമായി പ്രകടിപ്പിച്ചു. ചടങ്ങ് അവസാനിക്കാറായപ്പോൾ ബി.ജെ.പി. ജില്ലാ പ്രസിഡന്റ് രവീശ തന്ത്രി കുണ്ടാറിനെ വേദിയിൽ ക്ഷണിച്ചിരുത്തി.

ഇത്തരം പരിപാടി സംഘടിപ്പിക്കുമ്പോൾ കുറേക്കൂടി ജനകീയമാക്കാൻ ശ്രദ്ധിക്കണമെന്ന നിർദേശം മുന്നോട്ടുവെച്ചാണ് പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പ്രസംഗം അവസാനിപ്പിച്ചത്.



 

No comments