കെ-സ്മാർട്ട് പദ്ധതി; കാസർകോട് നഗരസഭയിൽനിന്ന് സർട്ടിഫിക്കറ്റ് നിമിഷങ്ങൾക്കുള്ളിൽ വിരൽത്തുമ്പിലെത്തും
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്നതിന്റെ ഭാഗമായി തുടങ്ങിയ കെ-സ്മാർട്ട് പദ്ധതിയിലൂടെയാണ് ഈ സേവനം ലഭിക്കുക.
നഗരസഭയിലെ എല്ലാ സേവനങ്ങളും ഓൺലൈനാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.കെ-സ്മാർട്ട് പദ്ധതി ബുധനാഴ്ചമുതലാണ് നഗരസഭയിൽ തുടങ്ങിയത്. വ്യാഴാഴ്ച നാല് അപേക്ഷകൾ ജനന സർട്ടിഫിക്കറ്റിനായി ലഭിച്ചു. കുമ്പള അംഗഡിമൊഗർ സ്വദേശികളായ കെ.എ. ഇസ്മായിൽ, മറിയമ്മത്ത് ഷർഫാന എന്നിവരാണ് കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിനായി ആദ്യം അപേക്ഷിച്ചത്. ഓൺലൈനായി അപേക്ഷിച്ച് നടപടിക്രമങ്ങൾക്ക് ശേഷം ആപ്പ് വഴി ഡൗൺലോഡ് ചെയ്യുകയായിരുന്നു. കുറ്റിക്കോൽ പയ്യങ്ങാനം ശങ്കരനിലയത്തിലെ എം. അനൂപ് മകൾ ഐഷികാ പാർവതിയുടെ ജനന സർട്ടിഫിക്കറ്റ് വാങ്ങാൻ നേരിട്ടെത്തി. നഗരസഭാ ചെയർമാൻ വി.എം. മുനീർ സർട്ടിഫിക്കറ്റ് കൈമാറി.
നിലവിൽ ജനനം, മരണം, വിവാഹം എന്നിവയുടെ സർട്ടിഫിക്കറുകളാണ് ആപ്ലിക്കേഷനിലൂടെ ലഭിക്കുന്നത്. മറ്റ് സേവനങ്ങൾ അടുത്ത ദിവസങ്ങളിലായി അപ്‌ലോഡ് ചെയ്യും. പരാതി ഓൺലൈനായി നൽകാനും കഴിയും. ചിത്രം, ഓഡിയോ, വീഡിയോ എന്നിവയും പരാതിയായി അപ്ലോഡ് ചെയ്യാം. വീഡിയോ കോളിലൂടെ വധൂവരന്മാർക്ക് വിവാഹം രജിസ്റ്റർചെയ്യാം.
ആപ് ഉപയോഗിക്കാനുള്ള പരിശീലനം നൽകാൻ നാല് ഫെസിലിറ്റേഷൻ സെന്ററുകൾ നഗരസഭയിലുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യലയത്തിലെ ടെക്‌നിക്കൽ അസിസ്റ്റന്റുമാർ, ഇൻഫർമേഷൻ കേരളാ മിഷൻ ജീവനക്കാർ തുടങ്ങിയവരുടെ സേവനം ലഭ്യമാണ്. 1970 മുതലുള്ള ജനന, മരണ, വിവാഹ സർട്ടിഫിക്കറ്റുകൾ, വസ്തുനികുതി പിരിവ് സംബന്ധിച്ച രേഖകൾ എന്നിവ രണ്ടുദിവസത്തിനുള്ളിൽ ആപിലൂടെ ലഭിക്കുമെന്ന് അധികൃതർ പറയുന്നു.
Post a Comment