വികസനത്തിന് വേണം കൂട്ടായുള്ള പ്രവര്‍ത്തനം -കുഞ്ഞമ്പു എം.എല്‍.എ
കാസർകോട്: ജില്ലയുടെ സമഗ്ര വികസനത്തിന് ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലപഞ്ചായത്ത്, എം.എല്‍.എമാര്‍, എം.പി എന്നിവരുടെ സംയുക്ത പ്രവര്‍ത്തനം ആവശ്യമാണെന്ന് അഡ്വ. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ. 14ാം പഞ്ചവത്സര പദ്ധതിയുടെ ഭാഗമായി ജില്ല പഞ്ചായത്ത് 2024-25 വാര്‍ഷിക പദ്ധതിയുടെ ഗ്രാമസഭയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലയുടെ വികസനം സംബന്ധിച്ച കാഴ്ചപ്പാടാണ് ആദ്യം വേണ്ടത്. പിന്നീട് പഞ്ചായത്തുതലം മുതല്‍ പാര്‍ലമെന്റ് മണ്ഡലം വരെയുള്ള ഏകോപനത്തിലൂടെയും ഐക്യത്തിലൂടെയും കൂടുതല്‍ വികസനക്ഷേമ പ്രവര്‍ത്തനങ്ങളും മികച്ച പദ്ധതികളും ആസൂത്രണം ചെയ്യാന്‍ സാധിക്കുമെന്ന് എം.എല്‍.എ പറഞ്ഞു. വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ജില്ല പഞ്ചായത്ത് ഏറ്റെടുത്തുനടത്തണമെന്ന് അദ്ദേഹം പറഞ്ഞു. ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും ചെക്ക്ഡാമുകളുടെ നിര്‍മാണത്തിനും പ്രാധാന്യം നല്‍കണം. വിനോദസഞ്ചാര മേഖലക്കുള്ള സാധ്യത ഉപയോഗിക്കാനാകണമെന്നും വ്യവസായങ്ങളെ കൂടുതല്‍ പരിപോഷിപ്പിക്കണമെന്നും എം.എല്‍.എ പറഞ്ഞു. കലക്ടര്‍ കെ. ഇമ്പശേഖര്‍ മുഖ്യാതിഥിയായി. ഡിജിറ്റല്‍ സര്‍വേ ആദ്യഘട്ടം വിജയകരമായി പൂര്‍ത്തിയാക്കി രണ്ടാംഘട്ടം ആരംഭിച്ച കാസര്‍കോട് മറ്റു ജില്ലകളേക്കാള്‍ ഏറെ മുന്നിലാണെന്നും രണ്ടാംഘട്ടത്തില്‍ സര്‍ക്കാര്‍ ഭൂമിയും സര്‍വേയുടെ ഭാഗമാക്കുന്നതിലൂടെ കൂടുതല്‍ പട്ടയങ്ങള്‍ നല്‍കാനും പദ്ധതികള്‍ക്ക് ഉപയോഗപ്പെടുത്താനും കഴിയുമെന്ന് കലക്ടര്‍ പറഞ്ഞു.
Post a Comment