മാലിന്യമുക്ത നവകേരളം; പുതുവര്‍ഷം പ്രവര്‍ത്തനം ശക്തമാക്കും
കാസര്‍കോട്: മാലിന്യമുക്ത നവകേരളം കാമ്പയിന് പുതുവര്‍ഷത്തില്‍ ശക്തമാക്കുന്നതുമായി ബന്ധപ്പെട്ട് മണ്ഡലം മോണിറ്ററിങ് സമിതി യോഗം ചേര്‍ന്നു. കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ മണ്ഡലംതല കണ്‍വീനര്‍ ഡെപ്യൂട്ടി കലക്ടര്‍ ആര്.ആര്. സിറോഷ് പി. ജോണ്‍ അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ മികച്ച കാമ്പയിന് സംഘടിപ്പിച്ച് പുതുവര്‍ഷത്തില്‍ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആശുപത്രികളിലെ മാലിന്യ നിര്‍മാര്‍ജനത്തിന് പ്രത്യേക സംവിധാനം നിലവിലുണ്ടെന്ന് മെഡിക്കല്‍ ഓഫിസറുടെ പ്രതിനിധി അറിയിച്ചു. അതോടൊപ്പം ആശാ പ്രവര്‍ത്തകര്‍ വീടുകളിലെ ശുചിത്വം ഉറപ്പാക്കും. ആതുരാലയങ്ങളില്‍ ഉദ്യാനങ്ങളൊരുക്കുന്ന പദ്ധതി നടപ്പാക്കും. സ്വകാര്യ ആശുപത്രികളില്‍ ഉത്പാദിപ്പിക്കുന്ന മെഡിക്കല്‍ മാലിന്യങ്ങള്‍ സംസ്കരിക്കാന്‍ ശരിയായ സംവിധാനങ്ങളുണ്ടെന്ന് ഉറപ്പാക്കും. പാലിയേറ്റിവ് യൂനിറ്റുകളുടെ ഗാര്‍ഹിക മെഡിക്കല്‍ മാലിന്യങ്ങളും ആരോഗ്യ കേന്ദ്രത്തിന്റെ മെഡിക്കല്‍ മാലിന്യത്തിനൊപ്പം കൈമാറും. തീരദേശങ്ങളിലേയും കടലോരങ്ങളിലേയും മാലിന്യങ്ങള്‍ തരംതിരിക്കാനുള്ള സംവിധാനം നിലവിലുണ്ട്. അത് ശക്തിപ്പെടുത്തി സംസ്കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കും. തീരപ്രദേശത്തെ വീടുകളില്‍ ശുചിത്വ സംവിധാനങ്ങള്‍ ഫിഷറീസ് വകുപ്പ് ഉറപ്പാക്കും. മീന്‍ മാര്‍ക്കറ്റുകളിലെ ശുചിത്വവും മത്സ്യത്തൊഴിലാളികളുടെ ശുചിത്വവും ഉറപ്പാക്കും.ടൂറിസം വകുപ്പും ഡി.ടി.പി.സിയും വിനോദസഞ്ചാര കേന്ദ്രങ്ങളിലെയും ഹോട്ടലുകളിലെയും ഹൗസ്ബോട്ടുകളിലെയും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ജൈവ അജൈവ മാലിന്യങ്ങള്‍ പ്രത്യേകം നിക്ഷേപിക്കാനുള്ള സൗകര്യങ്ങള്‍ എല്ലാ ടൂറിസം ഡെസ്റ്റിനേഷനുകളിലും ഒരുക്കിയിട്ടുണ്ട്. ഹരിതകര്‍മസേനയുടെ സഹകരണത്തോടെ അവയുടെ സംസ്കരണം കാര്യക്ഷമമാക്കും.അതിഥി തൊഴിലാളികളുടെ ക്യാമ്പുകളില്‍ തൊഴില്‍ വകുപ്പ് ശുചിത്വ നിര്‍ദേശങ്ങള്‍ നല്‍കിയും ബോധവത്കരണ ക്ലാസുകള്‍ നല്‍കിയും ശുചിത്വം ഉറപ്പാക്കും. പൊതുനിരത്ത് നിര്‍മാണവുമായി ബന്ധപ്പെട്ട അസംസ്കൃത വസ്തുക്കള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങളുടെ സംസ്കരണം പൊതുമരാമത്ത് നിരത്തുകള്‍ വിഭാഗം ഉറപ്പാക്കും. മാലിന്യ സംസ്കരണവും ബദല്‍ ഉത്പന്നങ്ങളുമായും ബന്ധപ്പെട്ട സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് പ്രോത്സാഹനം നല്‍കും. ടൂറിസ്റ്റ് ബസുകളില്‍ മാലിന്യം നിക്ഷേപിക്കാനുള്ള സംവിധാനങ്ങള്‍ നിര്‍ബന്ധമാക്കും. ആസൂത്രണ സമിതികളുടെ നേതൃത്വത്തില്‍ ജില്ല ശുചിത്വ പ്ലാന്‍ തയാറാക്കും. യോഗത്തില്‍ വനിത ശിശുവികസന ഓഫിസര്‍ വി.എസ്. ഷിംന, ജില്ല സപ്ലൈ ഓഫിസര്‍ എ.സജാദ്, ജില്ല ലേബര്‍ ഓഫിസര്‍ അവിനാശ് സുന്ദര്‍, വ്യവസായ കേന്ദ്രം മാനേജര്‍ ആര്. രേഖ, വിദ്യാഭ്യാസ വകുപ്പ് അഡ്മിനിസ്ട്രേറ്റിവ് അസിസ്റ്റന്റ് ബി. സുരേന്ദ്രന്, എക്സൈസ് ഇന്‍സ്പെക്ടര്‍ പി.ആര്. അനുകുമാര്‍, സെക്രട്ടറി ഡി.എം.ഒ ആരോഗ്യം ടെക്നിക്കല്‍ അസിസ്റ്റന്റ് ടി.വി. ദാമോദരന്‍, സെക്രട്ടറിമാരായ കെ. ഹരീഷ്, പി. ഗീതാകുമാരി, കെ. പ്രമീള, എ.ഡി.പി.ഒ റിജു മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
സ്കൂളുകളും കോളജുകളും സീറോ വേസ്റ്റ് കാമ്പസുകളാകും
ജൂണ്‍ അഞ്ചിനകം സ്കൂളുകള്‍ സീറോ വേസ്റ്റ് കാമ്പസുകളാകും. അജൈവമാലിന്യങ്ങള്‍ സംസ്കരിക്കാന്‍ സ്കൂളുകളില്‍ മിനി എം.സി.എഫ് സ്ഥാപിക്കും. ഓരോ കെട്ടിടത്തിലും അജൈവമാലിന്യങ്ങള്‍ തരംതിരിക്കാന്‍ ബിന്നുകള്‍ സ്ഥാപിക്കും. ജൈവമാലിന്യങ്ങള്‍ സ്കൂളിലെ കൃഷി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കും. വിദ്യാർഥികള്‍, പി.ടി.എ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റി, വിവിധ ക്ലബുകള്‍ എന്നിവയുടെ സംയുക്ത പ്രവര്‍ത്തനത്തോടെ സ്കൂള്‍ പ്രദേശത്ത് മാലിന്യ സംസ്കരണം ഉറപ്പാക്കാനായി ജനകീയ വിദ്യാഭ്യാസ പരിപാടി നടത്തും. എന്‍.എസ്.എസ്, എസ്.പി.സി, സ്കൗട്ട് വളന്റിയര്‍മാരും മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകും.
കോളജ് കാമ്പസുകളിലും ജൂണ്‍ അഞ്ചിന് സീറോ വേസ്റ്റ് കാമ്പസ് പ്രഖ്യാപനം നടക്കും. അംഗൻവാടികളിലും സ്കൂളുകളിലും വിദ്യാർഥികളില്‍ മാലിന്യ സംസ്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ശുചിത്വത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവബോധം നല്‍കും.
'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം'
സാംസ്കാരിക വകുപ്പിന് കീഴിലുള്ള സംഘടനകളുമായി ചേര്‍ന്ന് 'എന്റെ മാലിന്യം എന്റെ ഉത്തരവാദിത്തം' എന്ന സന്ദേശം പ്രചരിപ്പിക്കാനും ഉറവിടമാലിന്യ സംസ്കരണം സംബന്ധിച്ച് ബഹുജന വിദ്യാഭ്യാസ പരിപാടികളും നടത്തും. സിവില്‍ സപ്ലൈസ് സ്റ്റോറുകളുടെ മുന്നില്‍ മാലിന്യ സംസ്കരണ നിയമവശങ്ങള്‍, ശിക്ഷ എന്നിവ സംബന്ധിച്ച ബോര്‍ഡുകള്‍ സ്ഥാപിക്കും.
ഭക്ഷണ വ്യാപാര രംഗത്തെ മുഴുവന്‍ സംരംഭകര്‍ക്കും മാലിന്യ പരിപാലനം സംബന്ധിച്ച് പരിശീലനം നല്‍കും. നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങള് ഭക്ഷണശാലകളിലും ഓണ്‍ലൈന്‍ വിതരണത്തിനും ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കും. ബിവറേജുകളിലും ബാറുകളിലും മാലിന്യ നിർമാര്‍ജനം ഉറപ്പാക്കാന്‍ എക്സൈസ് വകുപ്പ് നേതൃത്വം നല്‍കും. ജലാശയങ്ങള്‍ മാലിന്യമുക്തമാക്കുന്നതിന് ജലവിഭവവകുപ്പ് നേതൃത്വം നല്‍കും. വനപ്രദേശങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താന്‍ സ്ക്വാഡുകള്‍ക്ക് നിർദേശം നല്കി.
Post a Comment