JHL

JHL

ഭക്തരിൽ വിസ്മയം തീർത്ത് 'ബബിയ' ക്ഷേത്രനടയിൽ; കുമ്പള അനന്തപുരത്തെ അനന്തപത്മനാഭ സ്വാമി തടാക ക്ഷേത്രക്കുളത്തിലെ മുതലയാണ് ബബിയ

കുമ്പള(Latheef Uluwar, True News, 22-10-2020): കുമ്പള അനന്തപുരം  ക്ഷേത്രത്തിലെ മുതലയായ ബബിയ ക്ഷേത്ര നടയിലെത്തിയത് ഭക്തരിൽ വിസ്മയം തീർത്തു. അമ്പലത്തിന് ചുറ്റുമുള്ള തടാകത്തില്‍ നിന്നാണ് ചൊവ്വാഴ്ച സന്ധ്യയോടെ ബബിയ ക്ഷേത്ര ശ്രീകോവിലിനടുത്തെത്തിയത്. ഇതിനകം  സമൂഹമാധ്യമങ്ങളില്‍ വൈറലായ ചിത്രങ്ങള്‍ ആയിരക്കണക്കിന് വിശ്വാസികളാണ് ഷെയര്‍ ചെയ്തത്. ദൈവീകമായി നടന്ന സംഭവമെന്ന വിശേഷണത്തോടെയാണ് ഭക്തർ ചിത്രം പങ്കുവച്ചത്. 

കേരളത്തിലെ ഏക തടാക ക്ഷേത്രമാണ് അനന്തപുരം. തിരുവനന്തപുരത്തെ അനന്തപത്മനാഭ സ്വാമിയുടെ  മൂലസ്ഥാനമായാണ് അനന്തപുരം ക്ഷേത്രം  കരുതപ്പെടുന്നത്. 

    ഏകദേശം എഴുപത്തിമൂന്ന് വയസുള്ള ബബിയ എന്ന ക്ഷേത്രക്കുളത്തിലെ മുതല ഒരത്ഭുതമാണ്. ക്ഷേത്രത്തിന് തെക്കുവശത്ത് നൂറു മീറ്റർ അകലെ പ്രകൃത്യാ ഉള്ള ഒരു കുളത്തിലാണ് പകൽ സമയത്ത് മിക്ക ദിവസങ്ങളിലും ബബിയ ഉണ്ടാകാറ്. രാത്രി കരക്കു കയറി ക്ഷേത്രക്കുളത്തിലേക്കും മറ്റും ഇഴഞ്ഞു വരുന്നത് ജീവനക്കാരും മറ്റും കാണാറുണ്ടത്രെ. 

      മാംസാഹാരം കഴിക്കാത്ത മുതല എന്ന പ്രത്യേകതയും ബബിയക്കണ്ട്. സ്വാതന്ത്ര്യത്തിന് മുമ്പ് ബ്രിട്ടീഷ് പട്ടാളക്കാര്‍ ക്ഷേത്രം നശിപ്പിച്ച കൂട്ടത്തില്‍ ക്ഷേത്രത്തിലുണ്ടായിരുന്ന മുതലയേയും കൊല്ലാന്‍ തീരുമാനിച്ചിരുന്നുവത്രെ.

ഒരു ദിവസം വെയില്‍ കായാന്‍ കിടന്ന മുതലയെ തടാകത്തിന്‍റെ കിഴക്കുവശത്തുളള ആലിന്‍റെ ചുവട്ടില്‍ വച്ച് ഒരു പട്ടാളക്കാരന്‍ വെടി വച്ചു കൊന്നുവെന്നും തത്സമയം ആൽമരത്തിൽ നിന്ന് ഒരു വിഷജന്തു ഇറങ്ങിവന്ന് പട്ടാളക്കാരനെ കടിച്ചു കൊന്നുവെന്നുമാണ് പറയപ്പെടുന്നത്.     പക്ഷേ, പിറ്റേദിവസം തടാകത്തില്‍ വീണ്ടും ഒരു മുതല പ്രത്യക്ഷപ്പെട്ടുവത്രെ. ആ മുതലയാണ് ഇന്നുളള ബബിയയെന്നും ഭക്തജനങ്ങൾ വിശ്വസിക്കുന്നു. 

മുതലയ്ക്കു നിവേദ്യം ഇവിടെ പ്രധാന വഴിപാടാണ്. ഇഷ്ടകാര്യ സാധ്യത്തിനാണ് ഭക്തര്‍ വഴിപാട് നടത്താറുളളത്. "ബബിയാ" എന്നു വിളിച്ചാല്‍ പലപ്പോഴും മുതല വെളളത്തിനു മുകളിലേക്ക് പൊങ്ങി വരും.പൂജാരി കുളത്തിലെത്തി നിവേദ്യം കൊടുക്കും. അനുസരണയോടെ കുളത്തില്‍ നിന്നും പൊങ്ങി വന്ന് ഭക്ഷണം കഴിക്കുന്ന ബബിയ എല്ലാവര്‍ക്കും വിസ്മയമാണ്. കുളത്തിലെ മറ്റ് ജീവജാലങ്ങളെയും മല്‍സ്യങ്ങളെയും ബബിയ ഉപദ്രവിക്കാറില്ല. 


No comments