JHL

JHL

ടാറ്റ കൊവിഡ് ആശുപത്രി ബുധനാഴ്ച്ച മുതൽ പ്രവർത്തനം ആരംഭിക്കും



 തിരുവനന്തപുരം(True News 25-10-2020): കാസർകോട് ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ടാറ്റ ഗ്രൂപ്പ് സൗജന്യമായി നിര്‍മ്മിച്ച് നല്‍കിയ ആശുപത്രി ഒക്‌ടോബര്‍ 28-ാം തീയതി ബുധനാഴ്ച പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ അറിയിച്ചു. ആശുപത്രിയുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഒന്നാംഘട്ടമായി മെഡിക്കല്‍, പാരാമെഡിക്കല്‍, അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗത്തിലായി 191 പുതിയ തസ്തികകള്‍ അടുത്തിടെ സൃഷ്ടിച്ചിരുന്നു. ഇവരുടെ നിയമനം നടന്ന് വരികയാണ്.

ഇപ്പോള്‍ കോവിഡിന്റെ പശ്ചാത്തലത്തില്‍ കോവിഡ് ആശുപത്രിയായി പ്രവര്‍ത്തിക്കുന്നുവെങ്കിലും കോവിഡ് നിയന്ത്രണ വിധേയമാകുമ്പോള്‍ ഈ ആശുപത്രി സാധാരണ ആശുപത്രിയായി പ്രവര്‍ത്തിക്കാനാകും. കാസർകോട് മേഖലയിലെ ചികിത്സാ സൗകര്യം ഇതിലൂടെ വര്‍ധിപ്പിക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സര്‍ക്കാരിന്റെ സഹായത്തോടുകൂടി കാസർകോട് ജില്ലയിലെ തെക്കില്‍ വില്ലേജില്‍ 553 കിടക്കകളോടുകൂടിയ പുതിയ ആശുപ്രതി നിര്‍മ്മിച്ചത്. ടാറ്റാ ഗ്രൂപ്പാണ് വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ ഈ ആശുപത്രി സൗജന്യമായി നിര്‍മ്മിച്ച് സര്‍ക്കാരിന് കൈമാറിയത്. എല്ലാ ചികിത്സാ സംവിധാനങ്ങള്‍ക്കുളള ഭൗതിക സാഹചര്യം ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്.

അതേസമയം ടാറ്റ നിർമ്മിച്ച് നൽകിയ ആശുപത്രിയുടെ കൈമാറ്റ ചടങ്ങും ഉദ്ഘാടനവും നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും പ്രവർത്തനം ആരംഭിക്കാത്തത് ഏറെ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും വഴി വെച്ചിരുന്നു. കഴിഞ്ഞ ദിവസം കാസർകോട് എം പി രാജ്‌മോഹൻ ഉണ്ണിത്താൻ മരണം വരെയുള്ള നിരാഹാര സമരവും പ്രഖ്യാപിച്ചിരുന്നു. മന്ത്രിയുടെ അറിയിപ്പോടെ തൽക്കാലം ഇത് സംബന്ധിച്ച വിവാദങ്ങൾക്ക് വിരാമമായി.

No comments