JHL

JHL

കളനാട്ട് നിന്നും തട്ടിക്കൊണ്ടു പോയ യുവാവിനെ പൊലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ കുമ്പളയിൽ കണ്ടെത്തി മോചിപ്പിച്ചു

മേല്‍പ്പറമ്പ്(True News 30-10-2020): സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ പേരില്‍ കളനാട് സ്വദേശിയായ യുവാവിനെ രണ്ട് കാറുകളിലെത്തിയ സംഘം തട്ടിക്കൊണ്ടുപോകുകയും കുമ്പളയിലെ രഹസ്യകേന്ദ്രത്തില്‍ മണിക്കൂറുകളോളം തടങ്കലില്‍ പാര്‍പ്പിക്കുകയും ചെയ്തു. കളനാട് കട്ടക്കാലിലെ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ഷംനാസിനെയാണ് തട്ടിക്കൊണ്ടുപോയത്.


വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. രണ്ട് കാറുകളിലെത്തിയ സംഘം ഷംനാസിനെ ബലമായി കാറില്‍ കയറ്റുകയും തട്ടിക്കൊണ്ടുപോയി കുമ്പള ഷിറിയയിലെ ആളൊഴിഞ്ഞ സ്ഥലത്തുള്ള കെട്ടിടത്തില്‍ തടങ്കലില്‍ വെക്കുകയുമായിരുന്നു. ഷംനാസിന്റെ ഭാര്യ ഇര്‍സത്ത് ഭര്‍ത്താവിനെ ഒരു സംഘം തട്ടിക്കൊണ്ടുപോയതായി കാണിച്ച് മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് വിവരം കാസര്‍കോട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍ക്ക് കൈമാറുകയായിരുന്നു.

സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തില്‍ ഷംനാസിനെ കുമ്പളയിലേക്കാണ് തട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായി. തുടര്‍ന്ന് ഡി.വൈ.എസ്.പി, കുമ്പള സി.ഐ പ്രമോദ്, ആദൂര്‍ സി.ഐ വിശ്വംഭരന്‍, മേല്‍പ്പറമ്പ് എസ്.ഐ പത്മനാഭന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ഷിറിയക്കടുത്തുള്ള രഹസ്യകേന്ദ്രം രാത്രിയോടെ കണ്ടെത്തുകയും ഷംനാസിനെ മോചിപ്പിക്കുകയും ചെയ്തു. പൊലീസ് പിടിയിലാകുമെന്നുറപ്പായതോടെ സംഘം കാറുകളില്‍ കയറി രക്ഷപ്പെട്ടു.

ഷംനാസിന്റെ മൊഴി രേഖപ്പെടുത്തിയ മേല്‍പ്പറമ്പ് പൊലീസ് ഉസ്മാന്‍, കുഞ്ഞാമു, തൗഫീഖ് എന്നിവര്‍ക്കും കണ്ടാലറിയാവുന്ന ആറുപേര്‍ക്കുമെതിരെ കേസെടുത്തു. ഉപ്പള ഭാഗത്തുള്ള ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഉസ്മാനാണ് ഷംനാസിനെ തട്ടിക്കൊണ്ടുപോകുന്ന പദ്ധതി ആസൂത്രണം ചെയ്തതെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഉസ്മാന്‍ ഗള്‍ഫില്‍ നിന്ന് മുസ്തഫ എന്നയാളുടെ കൈവശം നാട്ടിലുള്ള ഒരാളെ ഏല്‍പ്പിക്കാന്‍ സ്വര്‍ണ്ണം കൊടുത്തയച്ചിരുന്നു. എന്നാല്‍ ഈ സ്വര്‍ണം മുസ്തഫ കൈമാറിയില്ല. ഇതേ തുടര്‍ന്ന് സ്വര്‍ണ്ണം വീണ്ടെടുക്കാന്‍ മുസ്തഫയുടെ സുഹൃത്തായ ഷംനാസിനെ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ ഒളിവിലാണ്. ഇവരെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി.

No comments