JHL

JHL

വിനോദസഞ്ചാര മേഖലയിൽ അനന്ത സാധ്യതകളുമായി മൊഗ്രാൽ പുഴയോരവും, കടലോരവും


മൊഗ്രാൽ(True News 24-10-2020): വിനോദസഞ്ചാര മേഖലയിൽ അനന്തസാധ്യതകൾ വെട്ടിത്തുറന്ന് മൊഗ്രാൽ പുഴയോരവും കടലോരവും. മൊഗ്രാലിലെ വിവിധ പ്രദേശങ്ങൾ ഉൾകൊണ്ട് കിലോമീറ്ററുകൾ വ്യാപിച്ചു കിടക്കുന്നതാണ് മൊഗ്രാൽ പുഴയോരം. മൂന്ന് കിലോമീറ്റർ വ്യാപിച്ച് കിടക്കുന്നതാണ് നാങ്കി മുതൽ കൊപ്പളം  വരെയുള്ള കടലോര പ്രദേശം. പുഴയിൽനിന്ന് തോണിയിലൂടെ സഞ്ചരിച്ചാൽ അങ്ങ് അറബി കടലിൽ ചെന്ന് ചേരാനും സാധിക്കും. 

ഒരുകാലത്ത് രാത്രിയും, പകലും തോണി തുഴച്ചിൽക്കാരന്റെ കെസ്സു  പാട്ടുകൾ കേട്ട് കോരിത്തരിച്ചിരുന്ന തീരങ്ങളായിരുന്നു പുഴയോരവും, കടൽത്തീരവും. മൊഗ്രാൽ കടൽത്തീരം പഴയ കാലത്ത് നിറയെ മീനുകളാലും  ആയിരക്കണക്കിന് മത്സ്യതൊഴിലാളികളുടെ സാന്നിദ്ധ്യം കൊണ്ടും തുറമുഖ സമാനമായിരുന്നു.  അതുപോലെ പുഴ കടവുകളും.

      ജലഗതാഗത രംഗത്ത് മുമ്പേ അറിയപ്പെട്ടിരുന്ന പ്രദേശമാണ് മൊഗ്രാൽ പുഴയോരവും, കടവും. മൊഗ്രാൽ പാലം ഇല്ലാതിരുന്ന കാലത്ത്  തോണികളായിരുന്നു ഇവിടെ ജലഗതാഗതത്തിന് ഉപയോഗിച്ചിരുന്നത്. റോഡ് ഗതാഗതം അഭിവൃദ്ധി പ്രാപിച്ചതോടെയായിരുന്നു മൊഗ്രാൽ പുഴയിലെ ജലഗതാഗതം  അന്യമായത്.

       ഈ അടുത്ത കാലത്തായി നിരവധി പോരാട്ടങ്ങളുടെ കഥയും മൊഗ്രാൽ പുഴയ്ക്ക് പറയാനുണ്ട്. മാലിന്യനിക്ഷേപ കേന്ദ്രമായിരുന്നു പുഴയും, പുഴയോരവും. മൊഗ്രാൽ ദേശീയവേദിയുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകളും, പ്രദേശ വാസികളും നിരന്തരമായി നടത്തിയ സമരങ്ങൾ ഒരുപരിധിവരെ മാലിന്യ നിക്ഷേപത്തിന് തടയിടാൻ കഴിഞ്ഞിരുന്നു.

     വരും കാലത്തെ  മുന്നിൽ കണ്ടുകൊണ്ട് ഭാവനാപൂർണമായ നടപടികളിലൂടെ മൊഗ്രാൽ  പുഴയോരവും, കടലോരവും ടൂറിസം വികസനത്തിലൂടെ മാറ്റിയെടുക്കാനാകുമെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. നാടിന്റെ ചരിത്രവും, പാരമ്പര്യവും പരിചയപ്പെടാനും, ആരോഗ്യ പരിപാലനത്തിനുള്ള തനതു രീതികൾ പരീക്ഷിച്ചു നോക്കാനുമൊക്കെ ഇവിടെ സൗകര്യമൊരുക്കണം. ഇതിന് പറ്റിയ ഇടം കൂടിയാണ് മൊഗ്രാൽ കടലോരവും, പുഴയോരവും. ഈ ജലവാഹിനിയുടെ പ്രദേശങ്ങളെ കൂട്ടിയിണക്കി കാസറഗോഡ് വികസന പാക്കേജിൽ ഉൾപ്പെടുത്തി പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങൾക്ക്‌ വഴി തുറക്കണമെന്ന ആവശ്യവുമായി മൊഗ്രാൽ ദേശീയവേദി രംഗത്തുവന്നു. ബോട്ടുജെട്ടികൾ, വിശ്രമകേന്ദ്രങ്ങൾ, ചരിത്ര സാക്ഷികളായ വിദ്യാഭ്യാസ- സാംസ്കാരിക കേന്ദ്രങ്ങൾ, ആത്മീയാചാര്യൻ മാരുടെയും, നാടുവാഴികളുടെയും ആസ്ഥാനങ്ങൾ, തുടങ്ങിയവ സ്ഥാപിക്കാനായാൽ ഇവ ചരിത്ര വിദ്യാർഥികൾക്കും വിജ്ഞാന കുതുകികൾക്കും പുതിയ അനുഭവമായിരിക്കുമെന്ന് ദേശീയവേദി ചൂണ്ടിക്കാട്ടുന്നു.


      ഇതോടൊപ്പം മൊഗ്രാൽ കടലോര സൗന്ദര്യവൽക്കരണ പദ്ധതി നടപ്പിലാക്കണമെന്നാണ് മറ്റൊരു ആവശ്യം. വിശ്രമകേന്ദ്രം, ചിൽഡ്രൻസ് പാർക്ക്, ഇരിപ്പിടം, ഐസ്ക്രീം പാർലർ, ഭോജനശാല എന്നിവ നടപ്പിലാക്കാനായാൽ കൂടുതൽ വിനോദസഞ്ചാരികളെ മൊഗ്രാൽ കടൽ തീരത്തേക്ക്  ആകർഷിക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഇപ്പോൾതന്നെ നൂറുകണക്കിനാളുകളാണ് മൊഗ്രാൽ കടലോരത്ത് എത്തുന്നത്.


       മൊഗ്രാലിലെ ടൂറിസം പദ്ധതികളുമായിമായി ബന്ധപ്പെട്ട് ജില്ലാ വികസന പാക്കേജ് ചെയർമാൻ കൂടിയായ ജില്ലാ കലക്ടർക്കും, കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്, സെക്രട്ടറി, വികസനകാര്യ കമ്മിറ്റി  ചെയർമാൻ എന്നിവർക്കും  ദേശീയവേദി ഭാരവാഹികൾ നിവേദനം നൽകി. ഭാരവാഹികളായ മുഹമ്മദ് അബ്‌കോ, എം എം റഹ്മാൻ, ടി കെ ജാഫർ, എം എ മൂസ, പി എം മുഹമ്മദ് കുഞ്ഞി ടൈൽസ്, ഇബ്രാഹിം ഖലീൽ, വിജയകുമാർ, എക്സിക്യൂട്ടീവ് അംഗമായ ടി കെ അൻവർ എന്നിവരാണ് നിവേദന സംഘത്തിൽ ഉണ്ടായിരുന്നത്.


ഫോട്ടോ: മൊഗ്രാൽ പുഴയിലെ തുരുത്ത്, മൊഗ്രാൽ കടലോരം.


No comments