JHL

JHL

ഏതാനും സ്വർണത്തുട്ടിനായി എൽഡിഎഫ് കേരളത്തെ വഞ്ചിച്ചു: ആഞ്ഞടിച്ച് മോദി

 


പാലക്കാട്:  (www.truenewsmalayalam.com)

കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ യൂദാസിനോട് ഉപമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ തന്റെ ആദ്യ പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു മോദി. ഇവിടെ എൽഡിഎഫും യുഡിഎഫും തമ്മിൽ രഹസ്യ സൗഹൃദത്തിലാണ്. കേരളത്തിന്റെ യഥാർഥ പുത്രനാണ് ഇ.ശ്രീധരനെന്നും അദ്ദേഹം പറഞ്ഞു. ഇന്ദിരാ ഗാന്ധി മുനിസിപ്പൽ മൈതാനത്ത് ഹെലികോപ്റ്ററിലെത്തിയ പ്രധാനമന്ത്രിയെ ബിജെപി നേതാക്കൾ സ്വീകരിച്ചു. ജില്ലയിലെ 12 മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികൾ പരിപാടിയില്‍ പങ്കെടുത്തു.

ക്രിസ്തു ദേവനെ ഏതാനും വെള്ളിനാണയങ്ങൾക്കുവേണ്ടി ഒറ്റിക്കൊടുത്തയാളാണു യൂദാസ്. ഏതാനും സ്വർണത്തുട്ടിനായി കേരളത്തെ എൽഡിഎഫ് സർക്കാരും വഞ്ചിച്ചു. കേരളത്തിന്റെ വികസനത്തിനു ബിജെപിയുടെ കയ്യിൽ വ്യക്തമായ പദ്ധതിയുണ്ട്. എല്ലാ വിഭാഗം ജനങ്ങളുടെയും അംഗീകാരമുള്ള ഇ.ശ്രീധരനു കേരളത്തെ വികസനത്തിലേക്കു നയിക്കാനാകും.

കേരളത്തിന്റെ യഥാർഥ പുത്രനായ ശ്രീധരനു നാടിനോടു പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിക്കാനാകും. ബിജെപിയുമായി പാലക്കാടിന് അടുത്തബന്ധമാണ്. അഴിമതി, ജാതീയത, വര്‍ഗീയത, സ്വജനപക്ഷപാതം, ക്രിമിനല്‍വൽക്കരണം തുടങ്ങി കേരളത്തെ അഞ്ചു രോഗങ്ങള്‍ ബാധിച്ചു. വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇതിനു കാരണം. യുഡിഎഫ് സൂര്യവെളിച്ചത്തെപ്പോലും വെറുതെ വിട്ടില്ല.

ഇരുമുന്നണികളും മാറിമാറി നാടിനെ കൊള്ളയടിക്കുന്നു. ബംഗാളില്‍ ഇവര്‍ ഒറ്റക്കെട്ടാണ്. എല്‍ഡിഎഫ്–യുഡിഎഫ് ഫിക്സഡ് മത്സരം ഇത്തവണ അവസാനിപ്പിക്കും. നമ്മുടെ പാരമ്പര്യ സാംസ്കാരിക മൂല്യങ്ങളെ സര്‍ക്കാര്‍ തകര്‍ക്കുന്നു. ശബരിമല പ്രക്ഷോഭത്തില്‍ നടന്ന ലാത്തിച്ചാര്‍ജ് മറക്കരുത്. യുവജനങ്ങളുടെ പ്രതീക്ഷയ്ക്കനുസരിച്ച് കേരളത്തിലെ രാഷ്ട്രീയം മാറുകയാണ്. യുവ വോട്ടര്‍മാര്‍ നിരാശരാണ്– മോദി പറഞ്ഞു.

No comments