JHL

JHL

കാസര്‍കോട് പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാണ്ടില്‍ കഴിയുന്ന 11 പ്രതികളെ ചോദ്യം ചെയ്യാന്‍ കോടതി സി.ബി.ഐക്ക് അനുമതി നല്‍കി

 


കാസര്‍കോട്: (www.truenewsmalayalam.com)

 പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാണ്ടില്‍ കഴിയുന്ന 11 പ്രതികളെ ചോദ്യം ചെയ്യാന്‍ കോടതി സി.ബി.ഐക്ക് അനുമതി നല്‍കി. ജയിലില്‍ കഴിയുന്ന പ്രതികളെ ചോദ്യം ചെയ്യാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സി.ബി.ഐ എറണാകുളം സി.ജെ.എം കോടതിയില്‍ ഹരജി നല്‍കിയിരുന്നു. ഹരജി സ്വീകരിച്ച കോടതി പ്രതികളെ ചോദ്യം ചെയ്യാന്‍ വെള്ളിയാഴ്ച അനുമതി നല്‍കുകയായിരുന്നു. കോടതി ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചാലുടന്‍ പ്രതികളെ ജയിലിലെത്തി ചോദ്യം ചെയ്യുമെന്ന് അന്വേഷണത്തിന് നേതൃത്വം നല്‍കുന്ന സി.ബി.ഐ ഡി.വൈ.എസ്.പി അനന്തകൃഷ്ണന്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ പെരിയ കല്ല്യോട്ടെ ശരത്ലാല്‍, കൃപേഷ് എന്നിവരെ കൊലപ്പെടുത്തിയ കേസില്‍ കല്ല്യോട്ട് ഏച്ചിലടുക്കത്തെ എ പീതാംബരന്‍(54), സി.ജെ സജി(51), കെ.എം സുരേഷ്(27), കെ അനില്‍കുമാര്‍(33), കുണ്ടംകുഴി മലാംകടവിലെ എ അശ്വിന്‍(18),ആര്‍ ശ്രീരാഗ്(22), ജി ഗിജിന്‍(26), തന്നിത്തോട്ടെ എ മുരളി(36), കണ്ണോത്തെ ടി രഞ്ജിത്(24), പ്രദീപന്‍(38), പാക്കം വെളുത്തോളിയിലെ എ സുബീഷ്(29) എന്നിവരാണ് ജയിലില്‍ കഴിയുന്നത്. ഇരട്ടക്കൊലക്കേസില്‍ ജാമ്യത്തിലിറങ്ങിയ സി.പി.എം മുന്‍ ഉദുമ ഏരിയാ സെക്രട്ടറിയും കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമായ കെ മണികണ്ഠന്‍, സി.പി.എം പെരിയ ലോക്കല്‍ സെക്രട്ടറി എന്‍ ബാലകൃഷ്ണന്‍ എന്നിവരെ സി.ബി.ഐ നേരത്തെ ചോദ്യം ചെയ്തിരുന്നു.


No comments