JHL

JHL

ജില്ലയിലെ 5 പോളിങ് ബൂത്തുകളിൽ തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത് വനിത ഉദ്യോഗസ്ഥർ


(www.truenewsmalayalam.com)

ജില്ലയിലെ 5 പോളിങ് ബൂത്തുകളിൽ തിരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത് വനിത ഉദ്യോഗസ്ഥർ മാത്രം. ജില്ലയിൽ ആദ്യമായിട്ടാണ് 5 ബൂത്തുകളിൽ സ്ത്രീകൾക്കു മാത്രമായി തിരഞ്ഞെടുപ്പ് ചുമതല നൽകുന്നത്. പ്രിസൈഡിങ് ഓഫിസർമാർ, ബൂത്ത് ലെവൽ ഓഫിസർമാർ, പോളിങ് ഓഫിസർമാർ, പൊലീസ് ഉൾപ്പെടെയുള്ളവർ സ്ത്രീകൾക്കായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

മഞ്ചേശ്വരം–ബൂത്ത് 70– ഉപ്പള ഗവ.ഹയർസെക്കൻഡറി സ്കൂൾ ഈസ്റ്റേൺ ബിൽഡിങ് നോർത്ത് സൈഡ്.

കാസർകോട്– ബൂത്ത്–139– ഗവ.കോളജ് വിദ്യാനഗർ,താഴത്തെ നിലയിലെ കെമിസ്ട്രി ക്ലാസ് മുറി.

ഉദുമ– ബൂത്ത് 96– കോട്ടിക്കുളം ഗവ.യുപി സ്കൂൾ (നോർത്ത് ബിൽഡിങ് നോർത്ത് ബ്ലോക്ക്)

കാഞ്ഞങ്ങാട്–ബൂത്ത്–142. ജിഎച്ച്എസ്എസ് ബല്ല, ഈസ്റ്റ് , ചെമ്മട്ടംവയൽ(വെസ്റ്റ് ബിൽഡിങ്)

തൃക്കരിപ്പൂർ– ബൂത്ത് –6.രാജാസ് ഹയർസെക്കൻഡറി സ്കൂൾ നീലേശ്വരം, ജൂബിലി ഹാൾ(സൗത്ത് ബിൽഡിങ് നോർത്ത് ഭാഗം)

ഈ വനിതകളുടെ കൈകളിൽ കൺട്രോൾ റൂം സുരക്ഷിതം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്ടറേറ്റിലെ കൺട്രോൾ റൂം നിയന്ത്രിക്കുന്നത് വനിതകൾ. രാവിലെ 7 മുതൽ വൈകിട്ട് 7 വരെയാണ് കൺട്രോൾ റൂമിലെ നിയന്ത്രണം സ്ത്രീ ജീവനക്കാരുടെ കൈകളിലൂടെ നീങ്ങുന്നത്. ഹുസൂർ ശിരസ്തദാർ എസ്. ശ്രീജയയുടെ നേതൃത്വത്തിൽ നോഡൽ ഓഫിസർമാരായ എസ്.മുംതാസ് ഹസൻ, സുജാ വർഗീസ് എന്നിവരുടെ സംഘത്തിൽ കെ.എസ്.ശ്രീകല, പി.മമത, പി.സുജ, കെ.പ്രസീത, പി.പത്മാവതി എന്നിവരാണുള്ളത്.പെരുമാറ്റ ചട്ടലംഘനം ഉൾപ്പടെയുള്ള പരാതികളും വോട്ടർ ഹെൽപ് ലൈനുകളുടെ നിയന്ത്രണവും ഫീൽഡ് ഇൻവസ്റ്റിഗേഷൻ ടീമിന്റെ മോണിറ്ററിങ് അടക്കമുള്ള ചുമതലകൾ കൺട്രോൾ റൂമിനാണുള്ളത് തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം സംബന്ധിച്ച പരാതികൾ സ്വീകരിക്കുന്ന സി വിജിൽ ആപ്ലിക്കേഷൻ, 1950 എന്ന ടോൾ ഫ്രീ നമ്പർ, ഹെൽപ് ലൈൻ നമ്പറുകളായ 04994- 255325, 255324 എന്നിവയിലേക്ക് വരുന്ന പരാതികൾ, തിരഞ്ഞെടുപ്പ് സംബന്ധിച്ച സംശയങ്ങൾ എന്നിവയ്ക്ക് കൺട്രോൾ റൂം മുഖേന ഉടൻ മറുപടി ലഭിക്കും.1950 ഹെൽപ് ലൈൻ നമ്പറിൽ നിന്ന് പരാതികളും സംശയനിവാരണത്തിനുമായി ഒട്ടേറെ കോളുകളാണ് ഇവിടേക്ക് ലഭിച്ചത്.സി വിജിലിൽ ലഭിക്കുന്ന പരാതികൾ 5 മിനിറ്റിനുള്ളിൽ ഫീൽഡ് ഇൻവസ്റ്റിഗേഷൻ ടീമിന് കൈമാറുന്നതും കൺട്രോൾ റൂമിന്റെ ചുമതലയാണ്. 100 മിനിറ്റിനുള്ളിൽ പരാതി പരിഹാരവും ലഭിക്കും. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സി വിജിലിൽ ഇതുവരെ ലഭിച്ച 821 പരാതികളിൽ 785 എണ്ണം പരിഹരിച്ചത്.


ആർ.രേഷ്മ, ജില്ലയിലെ ഏക വനിത സ്ഥാനാർഥി.

നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ജില്ലയിലെ ഏക വനിത സ്ഥാനാർഥി ബേഡകം കൊല്ലംപണയിലെ ആർ.രേഷ്മയാണ്. അണ്ണാ ഡെമോക്രാറ്റിക് ഹ്യുമൻ റൈറ്റ്സ് പാർട്ടി ഓഫ് ഇന്ത്യയുടെ സംസ്ഥാന വൈസ് പ്രസിഡന്റായ രേഷ്മ സാമൂഹിക പ്രവർത്തകയാണ്. ആദ്യമായിട്ടാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ദലിത് സർവീസ് സൊസൈറ്റി(ഡിഎസ്എസ്)യുടെ ഭാരവാഹിയായിരുന്നു. തിരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിയെന്നു രേഷ്മ പറഞ്ഞു.

ഏക വനിതാ റിട്ടേണിങ് ഓഫിസർ ഡി.ആർ.മേഘശ്രീ.

2016 ഐഎഎസ് ബാച്ചുകാരിയായ മേഘശ്രീയുടെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പു ഡ്യൂട്ടിയാണ് ഇത്തവണത്തേത്. സബ്കലക്ടറായ ഇവർ കാഞ്ഞങ്ങാട് നിയോജക മണ്ഡലത്തിന്റെ റിട്ടേണിങ് ഓഫിസറാണ്. ജില്ലയിലെ റിട്ടേണിങ് ഓഫിസർമാരിലെ ഏക വനിതയും മേഘശ്രീയാണ്. കർണാടകയിലെ ചിത്രദുർഗ സ്വദേശിനിയാണ്. 

No comments