JHL

JHL

കോവിഡ് ചികിത്സാ കേന്ദ്രത്തിൽ നിന്നു ലഹരി മരുന്ന് കേസ് ; പ്രതി രക്ഷപ്പെട്ടു


കാഞ്ഞങ്ങാട് : (www.truenesmalayalam.com)

കോവിഡ് പോസിറ്റീവായി ഗുരുവനം ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ പ്രവേശിപ്പിച്ച ലഹരി മരുന്ന് കേസിലെ പ്രതി രക്ഷപ്പെട്ടു. കാസർകോട് പൊവ്വൽ സ്വദേശി നൗഷാദ് ഷെയ്ഖ് (36) ആണ് ഇന്നലെ വൈകിട്ട് സെന്ററിലെ ജനൽ കമ്പി മുറിച്ച് രക്ഷപ്പെട്ടത്.  കാസർകോട് പൊലീസാണ് ഇയാളെ കഞ്ചാവ് കേസിൽ അറസ്റ്റ് ചെയ്തത്. കോടതി റിമാൻഡ് ചെയ്ത ഇയാളെ 20ന് ഹൊസ്ദുർഗ് ജില്ലാ ജയിലിൽ നിരീക്ഷണത്തിലാക്കി. ചൊവ്വാഴ്ച വൈകിട്ട് ഇയാൾക്ക് കോവിഡ് പോസിറ്റീവായതോടെ ഗുരുവനം കേന്ദ്രീയ വിദ്യാലയ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സിഎഫ്സിഎൽടിയിലേക്ക് മാറ്റി.  ഇന്നലെ വൈകിട്ടാണ് ഇയാൾ സെന്ററിലെ ജനൽ കമ്പി മുറിച്ച് രക്ഷപ്പെട്ടത്. കോവിഡ് സെന്ററിൽ ഈ സമയത്ത് രണ്ടു പൊലീസുകാർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. ഇവരുടെ കണ്ണു വെട്ടിച്ചാണു പ്രതി രക്ഷപ്പെട്ടത്. ഒട്ടേറെ മയക്കു മരുന്ന് കേസുകളിൽ പ്രതിയാണ് ഇയാളെന്ന് പൊലീസ് പറഞു. 

ഇതിനു പുറമേ കൊലക്കേസ്, കവർച്ച, അടിപിടി തുടങ്ങിയ കേസുകളിലും പ്രതിയാണ്. 9 ലക്ഷം രൂപ വരുന്ന 150 ഗ്രാം എംഡിഎംഎ മയക്കു മരുന്നുമായി ദിവസങ്ങൾക്ക് മുൻപാണ് ഇയാൾ പിടിയിലായത്. ഇയാൾ ബെംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലെ വിവിധ ജില്ലകളിലേക്ക് മയക്കു മരുന്ന് എത്തിക്കുന്ന ഏജന്റ് ആണെന്നും പൊലീസ് പറയുന്നു. പ്രതിക്കായി പൊലീസ് ഊർജിതമായ അന്വേഷണം ആരംഭിച്ചു.പ്രതിയെ കുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരം അറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.

No comments