JHL

JHL

പുറത്തുവന്നത്‌ `കിഫ്‌ബി’ സര്‍വ്വേകള്‍; ഉദുമയിലെ കള്ളവോട്ടിനെതിരെ പരാതി നല്‍കും: ചെന്നിത്തല


കാസര്‍കോട്‌:  (www.truenewsmalayalam.com)

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ചില മാധ്യമങ്ങള്‍ നടത്തിയത്‌ `കിഫ്‌ബി സര്‍വ്വേ’ ആണെന്ന്‌ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല. കാസര്‍കോട്‌ പ്രസ്‌ക്ലബ്ബില്‍ ഇന്ന്‌ രാവിലെ നടത്തിയ മീറ്റ്‌ ദ പ്രസ്സില്‍ സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്‌. പിണറായി സര്‍ക്കാറിന്റെ കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ മാധ്യമങ്ങള്‍ക്ക്‌ 200 കോടിയുടെ പരസ്യമാണ്‌ നല്‍കിയത്‌. ഇതിനുള്ള പ്രത്യുപകാരമാണ്‌ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍. ഇത്‌ ജനങ്ങള്‍ തിരിച്ചറിയുമെന്നും മാധ്യമങ്ങള്‍ മാധ്യമ ധര്‍മ്മം പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

ഐശ്വര്യ കേരള യാത്രയോടെ സംസ്ഥാനത്ത്‌ യു ഡി എഫിന്‌ അനുകൂലമായ ശക്തമായ ജനവികാരമാണ്‌ ഉയര്‍ന്നത്‌. ഇതില്ലാതാക്കാനാണ്‌ ജനാധിപത്യ മര്യാദകള്‍ ലംഘിച്ചു കൊണ്ടുള്ള സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ പുറത്ത്‌ വിട്ടത്‌. ഇത്തരം നിക്ഷിപ്‌ത താല്‍പ്പര്യക്കാരെ ജനങ്ങള്‍ തിരിച്ചറിയും-ചെന്നിത്തല പറഞ്ഞു.

സ്ഥാനാര്‍ത്ഥികളെയും പ്രകടന പത്രികകളും പ്രഖ്യാപിക്കുന്നതിന്‌ മുമ്പ്‌ എന്തു സര്‍വ്വേയാണ്‌ നടത്തിയതെന്ന്‌ അദ്ദേഹം ചോദിച്ചു. യഥാര്‍ത്ഥ സര്‍വ്വേ ഏപ്രില്‍ ആറിന്‌ ജനങ്ങള്‍ നടത്തുന്നതായിരിക്കും-ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത്‌ നാലു ലക്ഷം വ്യാജ വോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്‌. ഞാന്‍ ആരോപണവും പരാതിയും ഉന്നയിച്ചതോടെയാണ്‌ ഇത്‌ സംബന്ധിച്ച്‌ തെരഞ്ഞെടുപ്പു കമ്മീഷന്‍ അന്വേഷണം നടത്തിയത്‌. കമ്മീഷന്റെ നടപടിയെ സ്വാഗതം ചെയ്യുന്നു. ഉദുമയില്‍ കള്ളവോട്ട്‌ ചെയ്‌ത്‌ വിജയം ഉണ്ടാക്കാനുള്ള നീക്കം നടക്കുന്നുണ്ട്‌. ഇതു സംബന്ധിച്ച്‌ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കും. ഒരേ ബൂത്തില്‍ വ്യത്യസ്‌ത ഫോട്ടോകള്‍ വെച്ച്‌ ഒന്നിലധികം വോട്ട്‌ ഉണ്ടാക്കിയത്‌ കൂടാതെ വിവിധ പഞ്ചായത്തുകളില്‍ ഒരേ ആള്‍ക്ക്‌ ഒന്നിലധികം വോട്ടും ചേര്‍ത്തിട്ടുണ്ട്‌. ഇതു സംബന്ധിച്ച്‌ തെരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കും-ചെന്നിത്തല പറഞ്ഞു. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലൂടെ കോണ്‍ഗ്രസില്‍ ഒരു പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ല. എന്നാല്‍ സി പി എം സ്ഥാനാര്‍ത്ഥി പട്ടികയ്‌ക്കെതിരെ സി പി എം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങിയതില്‍ ആവേശം പൂണ്ട്‌, ചിലര്‍ അതേ ആവേശം പ്രകടിപ്പിച്ചിട്ടുണ്ടാകാം- ചെന്നിത്തല പറഞ്ഞു.

ജനാധിപത്യത്തെയും ജനവികാരത്തെയും തകര്‍ക്കാന്‍ ആര്‍ക്കും കഴിയില്ല. മാധ്യമങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ യു ഡി എഫ്‌ ഒരിക്കലും തകരില്ല. സംസ്ഥാനത്ത്‌ സി പി എം-ബി ജെ പി കൂട്ടുകെട്ട്‌ വളര്‍ന്നുകൊണ്ടിരിക്കുകയാണ്‌. ഇരുവരുടെയും ലക്ഷ്യം ഒന്നാണ്‌. അതിനുള്ള മാര്‍ഗ്ഗമാണ്‌ പരസ്‌പരമുള്ള സഹകരണം. ദേവികുളത്തും ഗുരുവായൂരും തലശ്ശേരിയിലും ബി ജെ പിക്ക്‌ സ്ഥാനാര്‍ത്ഥികളില്ലാതെ പോയത്‌ ഈ കൂട്ടുകെട്ടിന്റെ ഭാഗമായിട്ടാണോയെന്ന്‌ സംശയിക്കേണ്ടിയിരിക്കുന്നു. സ്വര്‍ണ്ണക്കള്ളക്കടത്ത്‌ കേസും ലാവ്‌ലിന്‍ കേസും എന്തുകൊണ്ടാണ്‌ മുന്നോട്ടു പോകാത്തത്‌-രമേശ്‌ ചെന്നിത്തല ചോദിച്ചു.കെ പി സി സി വൈസ്‌ പ്രസിഡന്റ്‌ സി കെ ശ്രീധരന്‍, ഡി സി സി പ്രസിഡന്റ്‌ ഹക്കീംകുന്നില്‍, യു ഡി എഫ്‌ ജില്ലാ ചെയര്‍മാന്‍ സി ടി അഹമ്മദലി, സ്ഥാനാര്‍ത്ഥി എന്‍ എ നെല്ലിക്കുന്ന്‌, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി എന്നിവരും പങ്കെടുത്തു.


No comments