JHL

JHL

എംഎൽഎ ആകാനോ മന്ത്രിയാകാനോ അല്ല എന്റെ മത്സരം; വാളയാർ അമ്മ


(www.truenewsmalayalam.com)

വീണ്ടും വീണ്ടും വേദനിപ്പിക്കുകയാണ് ആ കുഞ്ഞുടുപ്പും സങ്കടങ്ങളേറെയൊളിപ്പിച്ച പെൺമുഖവും. മരിച്ച പെൺമക്കളുടെ പ്രതീകമായി സമരവേദികളിൽ അവരുടെ കുഞ്ഞുടുപ്പ് ഉയർത്തിക്കാട്ടിയ വാളയാർ അമ്മ അതേ ചിഹ്നത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി വോട്ടു തേടുകയാണ്, മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ. തിരഞ്ഞെടുപ്പ് ആവേശമേറെയുള്ള ധർമടത്ത് മുന്നണികളുടെ പ്രചാരണ ബോർഡുകൾക്കിടയിൽ ചുരുക്കം ചിലതിൽ ആ അമ്മയ്ക്കുള്ള വോട്ടഭ്യർഥനയുമുണ്ട്. 

ഫ്രോക്ക് ചിഹ്നം ചോദിച്ചു വാങ്ങിയതാണ്. മക്കളെയാണ് അതിലൂടെ പ്രതിനിധാനം ചെയ്യുന്നതെന്ന് അവർ പറഞ്ഞു. വാളയാർ അമ്മയുടെ നിയോജകമണ്ഡലം തിരഞ്ഞെടുപ്പു കൺവൻഷനായിരുന്നു ഇന്നലെ. 

വാളയാർ നീതി സമരസമിതി പ്രവർത്തകർക്കൊപ്പം ട്രാവലറിൽ നിന്ന്, നിറം മങ്ങിയ ഓറഞ്ച് നിറത്തിലുള്ള സാരിയുടുത്ത് ഏറ്റവുമൊടുവിലായി അവരിറങ്ങി. മുപ്പതോളം പേർ ഓഡിറ്റോറിയത്തിൽ കാത്തിരിപ്പുണ്ടായിരുന്നു. നീതിയാത്രയുടെ ഭാഗമായാണ് ഇതിനു മുൻപ് അവർ ധർമടത്ത് എത്തിയത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിലെ അമ്മമാർക്ക് ഒരു കത്തു കൈമാറിയായിരുന്നു അന്നു മടക്കം. ‘വാളയാറിൽ മരിച്ച പെൺകുട്ടികളുടെ അമ്മ തല മുണ്ഡനം ചെയ്ത് ഇതുവഴി വന്നിരുന്നു. ആ അമ്മയ്ക്കു നീതി ലഭിച്ചോയെന്ന്, വോട്ടഭ്യർഥനയുമായി മുഖ്യമന്ത്രിയെത്തുമ്പോൾ ചോദിക്കണം.’ എന്നായിരുന്നു കത്തിന്റെ ഉള്ളടക്കം. നീതിയാത്ര തൃശൂരിൽ എത്തിയപ്പോഴേക്കും ഒട്ടേറെ അമ്മമാരുടെ ഫോൺ വാളയാർ അമ്മയ്ക്കു ലഭിച്ചു. ‘ഇക്കാര്യം മുഖ്യമന്ത്രിയോടു നേരിട്ടു ചോദിക്കാൻ ലഭിച്ച അവസരമാണിതെന്നും അതു നഷ്ടപ്പെടുത്തരുതെന്നും പറഞ്ഞായിരുന്നു ഫോൺകോളുകൾ. ധർമടത്തു മത്സരിക്കാൻ തീരുമാനിച്ചത് അങ്ങനെയാണ്’ – അവർ പറയുന്നു.

വാളയാർ അമ്മയ്ക്കൊപ്പം തലമുണ്ഡനം ചെയ്ത സലീന പ്രക്കാനവും ബിന്ദു കമലനും ഒപ്പമുണ്ടായിരുന്നു. കൺവൻഷൻ ഉദ്ഘാടനം ചെയ്തതു സാമൂഹികപ്രവർത്തക ഡോ. പി.ഗീത. വേദിയിലെ പ്രസംഗങ്ങളിൽ കണ്ണു നിറയുമ്പോൾ ആ അമ്മ മുഖം താഴ്ത്തിയിരിക്കും. ഏറ്റവുമൊടുവിൽ വാളയാർ അമ്മ മൈക്കിനു മുൻപിലെത്തുമ്പോൾ സമയം 5 കഴിഞ്ഞിരുന്നു. ‘എംഎൽഎ ആകാനോ മന്ത്രിയാകാനോ അല്ല എന്റെ മത്സരം’ എന്നു തുടങ്ങിയ പ്രസംഗത്തിനിടെ അവർക്കു കണ്ഠമിടറി. കണ്ണു നനഞ്ഞു. പലതവണ വിതുമ്പി.

ധർമടത്ത് എന്റെ മത്സരം ധർമത്തിനു വേണ്ടിയാണ്. എംഎൽഎയോ മന്ത്രിയോ ആകേണ്ട. എനിക്കു നീതിയെവിടെയെന്നു മുഖ്യമന്ത്രിയോടു നേരിട്ടു ചോദിക്കണം. ‍എന്റെ ചോദ്യങ്ങൾ മന്ത്രി ബാലനോടല്ല, മുഖ്യമന്ത്രിയോടാണ്.

No comments