കൊലപാതക ആസൂത്രണത്തിനിടെ ഗുണ്ടാസംഘത്തിലെ നാലുപേർ പിടിയിൽ
മംഗളൂരു : (www.truenewsmalyalam.com)
മുംബൈയിൽ ഉൾപ്പെടെ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിചേർക്കപ്പെട്ട ഗുണ്ടാസംഘം മറ്റൊരു കൊലപാതകത്തിനുള്ള ഒരുക്കങ്ങൾക്കിടെ പിടിയിൽ.
മംഗളൂരു ഉള്ളാൾ സോമേശ്വരയിലെ ചന്ദ്രഹാസ് പൂജാരി (ചന്ദ്ര-34), കൊടേക്കാറിലെ പ്രജ്വൽ (ഹേമചന്ദ്ര-34), കുലശേഖരയിലെ ദീക്ഷിത് പൂജാരി (ദീക്ഷു കുംടകോറി-32), സൂറത്കൽ ചേളാറിലെ സന്തോഷ് പൂജാരി (നായി സന്തോഷ്-34) എന്നിവരാണ് അറസ്റ്റിലായത്.
മാർച്ച് 17-ന് നീർമാർഗിലും 18-ന് കുലശേഖരയിലും സ്കൂട്ടർ യാത്രക്കാരെ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി സ്കൂട്ടറും പണവും മൊബൈൽ ഫോണുകളും എ.ടി.എം. കാർഡും കവർന്നിരുന്നു. പരാതി നൽകിയാൽ കുടുംബത്തോടെ വധിക്കുമെന്ന് വാഹന ഉടമകളെ കവർച്ചസംഘം ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട പോലീസ് അന്വേഷണത്തിലാണ് സംഘം പിടിയിലായത്. നിലവിൽ ഒരു ഗുണ്ടാസംഘത്തിന്റെ കീഴിലുള്ള ഇവർ സ്വന്തമായൊരു സംഘത്തെ വളർത്തിയെടുക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഇതിന്റെ ഭാഗമായി എതിർ സംഘത്തിലെ അംഗങ്ങളായ പ്രദീപ് മെണ്ടൻ, മങ്കി സ്റ്റാൻഡ് വിജയ് എന്നിവരിൽ ഒരാളെ വധിക്കാനും അതുവഴി കുപ്രസിദ്ധിയാർജിച്ച് ക്രിമിനൽ സംഘമെന്ന് പേരെടുക്കാനുമായിരുന്നു ശ്രമമെന്ന് പോലീസ് പറഞ്ഞു.
കൊലപാതകത്തിനായി തോക്കുകൾ വാങ്ങുന്നതിന് മുംബൈയിലുള്ള ഒരാളുമായി സംഘം കച്ചവടം ഉറപ്പിച്ചിരുന്നു. കൊല നടത്തി രക്ഷപ്പെടാനാണ് ഇരുചക്രവാഹനങ്ങൾ കവർന്നത് സന്തോഷ് പൂജാരിക്കെതിരെ രണ്ട് കൊലപാതക കേസുകളും ഒരു വധശ്രമക്കേസുമുണ്ട്.
കൊലപാതകം, വധശ്രമം, കഞ്ചാവു കടത്ത് തുടങ്ങി 12 കേസുകളിൽ പ്രതിയാണ് ദീക്ഷിത്. ചന്ദ്രഹാസ് പൂജാരിക്കെതിരെ മുംബൈയിൽ അടക്കം കൊലപാതകം, വധശ്രമം, അനധികൃമായി ആയുധം കൈവശം വെക്കൽ, കള്ളക്കടത്ത് തുടങ്ങി ഒട്ടേറെ കേസുകളുണ്ട്. ഇയാൾ മുംബൈയിൽ ഒരു കേസിൽ ശിക്ഷിക്കപ്പെട്ട് എട്ടുവർഷം ജയിലിൽ കിടന്നിട്ടുമുണ്ട്. കൊലപാതകം, വധശ്രമം, അനധികൃതമായി ആയുധം കൈവശം വെക്കൽ, മോഷണം, മർദനം, കഞ്ചാവ് കടത്ത് തുടങ്ങിയ ഒൻപത് കേസുകളിൽ പ്രതിയാണ് പ്രജ്വൽ.
Post a Comment