ഭക്ഷ്യ കിറ്റും പെൻഷനും മുടക്കാൻ പ്രതിപക്ഷം ശ്രമിക്കുന്നു -പിണറായി വിജയൻ
കേരളത്തിലെ ജനങ്ങളുടെ അന്നം മുടക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭക്ഷ്യക്കിറ്റും ക്ഷേമ പെൻഷനും മുടക്കാനുള്ള ശ്രമമാണ് നടക്കുന്നത്. വർഗീയ ശക്തികളുടെ വോട്ട് വേണ്ട എന്ന് പറയാൻ യു.ഡി.എഫ് തയാറായിട്ടില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേരളത്തിലെ അന്നം മുടക്കാൻ ഒരു മടിയുമില്ലാത്ത മാനസികാവസ്ഥ പ്രതിപക്ഷം ഇപ്പോഴും തുടരുന്നു. പ്രളയകാലത്ത് കേരളത്തിനുള്ള സഹായം മുടക്കാൻ ബി.ജെ.പിയോടൊപ്പമായിരുന്നു കോൺഗ്രസ്. ഇപ്പോൾ ഭക്ഷ്യക്കിറ്റും ക്ഷേമ പെൻഷും മുടക്കാൻ ശ്രമിക്കുകയാണ്.
വിഷു കിറ്റ്, ഏപ്രിൽ മേയ് മാസങ്ങളിലെ പെൻഷൻ തുക എന്നിവ ഏപ്രിൽ 6ന് മുമ്പ് നൽകാനുള്ള തീരുമാനം പരാജയ ഭീതികൊണ്ടാണെന്നാണ് പ്രതിപക്ഷ നേതാവ് ആരോപിക്കുന്നത്. സ്കൂൾ കുട്ടികൾക്കുള്ള അരി വിതരണം തടയണമെന്നും രമേശ് ചെന്നിത്തല ആവിശ്യപ്പെടുന്നു. മൊത്തത്തിൽ ജനങ്ങളുടെ അന്നം മുടക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്നാണ് പ്രതിപക്ഷ നേതാവ് ആവശ്യപ്പെടുന്നത് -മുഖ്യമന്ത്രി വിമർശിച്ചു.
വർഗീയ ശക്തികളുടെ വോട്ട് വേണ്ട എന്ന് പറയാൻ യു.ഡി.എഫ് തയാറായിട്ടില്ല. പ്രതിപക്ഷ നേതാവും അത് വ്യക്തമായി പ്രഖ്യാപിച്ചിട്ടില്ല. അതിനർത്ഥം ആർ.എസ്.എസിൻെറ സഹായം യു.ഡി.എഫ് പ്രതീക്ഷിക്കുന്നു എന്നാണ്.
പ്രകടന പത്രികയിൽ ബി.ജെ.പി പറയുന്നത് ജയിച്ചാൽ ആദ്യത്തെ മന്ത്രിസഭാ യോഗത്തിൽ തന്നെ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ തീരുമാനമെടുക്കുമെന്നാണ്. കേരളത്തിൽ സി.എ.എ നടപ്പാക്കില്ലെന്ന് നേരത്തെ തന്നെ എൽ.ഡി.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുമ്പായാലും പിമ്പായാലും ഞങ്ങൾക്ക് ഒരേ വാക്കാണ്. ഇത് ബി.ജെ.പി നേതൃത്വം മനസ്സിലാക്കുന്നത് നല്ലതാണ്. ഒരു കരി നിയമത്തിനും വഴങ്ങിക്കൊടുക്കാൻ എൽ.ഡി.എഫ് ഉദ്ദേശിച്ചിട്ടില്ല -മുഖ്യമന്ത്രി വ്യക്തമാക്കി.

Post a Comment