JHL

JHL

കേരളത്തില്‍ ബി.ജെ.പി കുറഞ്ഞത് പത്ത് സീറ്റുകളെങ്കിലും നേടുമെന്ന് ബി.ജെ.പി കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് നളിന്‍ കുമാര്‍ കട്ടീല്‍ അഭിപ്രായപ്പെട്ടു


(www.truenewsmalayalam.com 06.04.2021) 

കേരളത്തില്‍ ബി.ജെ.പി കുറഞ്ഞത് പത്ത് സീറ്റുകളെങ്കിലും നേടുമെന്ന് ബി.ജെ.പി കര്‍ണാടക സംസ്ഥാന പ്രസിഡണ്ട് നളിന്‍ കുമാര്‍ കട്ടീല്‍ അഭിപ്രായപ്പെട്ടു. കാസര്‍കോട്-മഞ്ചേശ്വരം മണ്ഡലങ്ങളില്‍ ബി.ജെ.പിക്ക് വിജയം ഉറപ്പാണ്. കൂടാതെ മറ്റ് എട്ട് മണ്ഡലങ്ങളിലും ബി.ജെ.പിക്ക് ജയസാധ്യതയുണ്ടെന്ന് നളിന്‍കുമാര്‍ പറഞ്ഞു. കേരളത്തിലെ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കുമിടയില്‍ ബി.ജെ.പി അനുകൂല തരംഗമുണ്ട്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഇതുവരെ നടന്നതില്‍ വെച്ച് കേരളത്തിലെ ഏറ്റവും മികച്ച പ്രകടനമാണിത്. 2016ലെ കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ സംയുക്ത ചുമതലക്കാരനായി താന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിലും ചുമതലയുണ്ടായിരുന്നു. കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അഴിമതിയില്‍ ഏര്‍പ്പെട്ടപ്പോള്‍ എല്‍.ഡി.എഫ് നേട്ടം കൊയ്യുകയായിരുന്നു. അഴിമതി രഹിത ഭരണം വാഗ്ദാനം ചെയ്ത് അധികാരത്തിലെത്തിയ പിണറായി വിജയന്‍ സര്‍ക്കാര്‍ ഇപ്പോള്‍ നിരവധി കേസുകളില്‍ കുടുങ്ങിയിരിക്കുകയാണ്.

കേരളത്തിലെ ഹിന്ദുക്കള്‍ എല്‍ഡിഎഫിലേക്ക് ചായുകയാണെന്ന് പണ്ടേ വിശ്വസിച്ചിരുന്നു. എന്നാല്‍ ശബരിമല ക്ഷേത്രപ്രവേശന വിഷയത്തില്‍ ഹിന്ദുക്കള്‍ എല്‍ഡിഎഫിനെതിരെ തിരിഞ്ഞു. പിണറായി വിജയന്‍ അധികാരമേറ്റ ശേഷം കൊലപാതകങ്ങളും അക്രമങ്ങളും വര്‍ധിച്ചു. കര്‍ണാടക തീരദേശത്തെ എല്ലാ ബിജെപി എംഎല്‍എമാരെയും കേരളത്തിലെ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ട്. ദക്ഷിണ കന്നഡയില്‍ നിന്നുള്ള 1500 ഓളം പ്രവര്‍ത്തകര്‍ പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും നളിന്‍കുമാര്‍ കട്ടീല്‍ പറഞ്ഞു.


No comments