JHL

JHL

കോവിഡ് പ്രതിരോധത്തിൽ വീണ്ടും കാസർകോട് മാതൃക: പരിശോധനയിലും വാക്സിനേഷനിലും ഒന്നാമത്, മരണനിരക്കിൽ കുറവ്

കാസർകോട്(www.truenewsmalayalam.com) : കോവിഡ്-19 പ്രതിരോധപ്രവർത്തനങ്ങളിൽ വീണ്ടും മാതൃകയായി കാസർകോട് ജില്ല. പ്രതിദിന കോവിഡ് പരിശോധനയിലും വാക്സിനേഷനിലും സംസ്ഥാനത്ത് ഒന്നാമതാണ് കാസർകോട്. 142 ശതമാനമാണ് ജില്ലയിലെ പ്രതിദിന പരിശോധന. 45 വയസിന് മുകളിലുള്ളവരുടെ കുത്തിവെപ്പ് 98 ശതമാനം പൂർത്തീകരിക്കാൻ സാധിച്ചതും പ്രതിരോധ പ്രവർത്തനങ്ങളുടെ നേട്ടമായി. കോവിഡ് ഒന്നാം തരംഗത്തിൽ മികച്ച പ്രവർത്തനങ്ങളിലൂടെ മുഴുവൻ രോഗികളെയും കോവിഡ് രോഗമുക്തരാക്കാൻ സാധിച്ചിരുന്നു. ജില്ലയിൽ ഇതുവരെ കോവിഡ് രോഗം ബാധിച്ചവരുടെ എണ്ണം എടുത്താൽ 0.3 ശതമാനമാണ് ജില്ലയിലെ മരണ നിരക്ക്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗികളെപ്പോലും ചികിത്സിച്ച് ഭേദമാക്കാൻ സാധിച്ചതിലൂടെയാണ് മരണ നിരക്ക് പിടിച്ചു നിർത്താൻ സാധിച്ചത്.

പ്രതിദിന പരിശോധന ഗണ്യമായി വർധിപ്പിക്കാൻ സാധിച്ചതിലൂടെ രോഗതീവ്രത നിയന്ത്രിച്ചു നിർത്താൻ സാധിക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി സർക്കാർ നിശ്ചയിച്ചതിൽ നിന്നും കൂടുതൽ പ്രതിദിന പരിശോധനകളാണ് ജില്ലയിൽ നടക്കുന്നത്. പരമാവധി 4000 കോവിഡ് പരിശോധനകൾ നടത്താനായിരുന്നു തീരുമാനമെങ്കിൽ ജില്ലയിൽ അത് ശരാശരി 5400ന് മുകളിലാണ്.

ജില്ലയിൽ കൂടുതൽ രോഗികൾ ഉള്ള പ്രദേശങ്ങൾ കണ്ടെത്തി നിയന്ത്രണങ്ങൾ അതതു മേഖലകളിൽ മാത്രമായി നിജപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സ്ട്രാറ്റേഡ് മൾട്ടി സ്റ്റേജ് റാൻഡം സാംപ്ലിങ്ങ് പരിശോധന രീതിയും ജില്ലയിൽ അവലംബിക്കുന്നുണ്ട്. ജില്ലയിലെ എട്ട് ആരോഗ്യ ബ്ലോക്കുകളിലെ 777 വാർഡുകളിലേക്കും പരിശോധന വ്യാപിപ്പിക്കാൻ സാധിച്ചു. ഏഴ് ദിവസത്തിന് ശേഷം തുടർ പരിശോധന ഉൾപ്പെടെ സാധ്യമാകും വിധമാണ് ഇവ ക്രമീകരിച്ചിരിക്കുന്നത്. ഓട്ടോറിക്ഷ ഡ്രൈവർമാർ, ബസ് ജീവനക്കാർ, കടയുടമകൾ, കടകളിലെയും ഫാക്ടറികളിലേയും വ്യവസായ-വ്യാപാര സ്ഥാപനങ്ങളിലെയും ജീവനക്കാർ എന്നിവരും ഉൾപ്പെടെ പൊതുജനങ്ങളുമായി നേരിട്ട് ഇടപഴകുന്ന സ്ഥാപനങ്ങളിലെയും ഓഫീസുകളിലെയും ജീവനക്കാരും പരിശോധനക്ക് വിധേയരാകുന്നുണ്ട്.

ഉക്കിനടുക്ക ഗവ. മെഡിക്കൽ കോളജ് ആശുപത്രി, ടാറ്റ കോവിഡ് ആശുപത്രി എന്നിവിടങ്ങളിൽ മികച്ച ചികിത്സ ലഭ്യമാക്കാനായതോടെയാണ് മറ്റു ജില്ലകളിലെ അപേക്ഷിച്ച് മരണസംഖ്യ പിടിച്ചു നിർത്താൻ സാധിച്ചത്. കോവിഡ് മൂർച്ഛിച്ച രോഗികളെ പരിയാരത്തേക്കോ മംഗളൂരുവിലേക്കോ കൊണ്ടു പോകുമ്പോഴുണ്ടാകുന്ന യാത്രാ ദൈർഘ്യം കുറക്കാൻ ഈ ആശുപത്രികളുടെ സേവനം കൊണ്ട് സാധിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെയും ജില്ലാ ഭരണ സംവിധാനത്തിന്റെയും ദീർഘവീക്ഷണത്തോടു കൂടിയ നടപടികൾ കൊണ്ടാണ് ഈ നേട്ടങ്ങൾ സാധ്യമായത്.


ഇനിയൊരു തരംഗമുണ്ടാവാതിരിക്കാൻ തുടരണം ജാഗ്രത

കോവിഡിന്റെ മൂന്നാം തരംഗം ഉണ്ടാകാതിരിക്കാൻ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത്ബാബു പറഞ്ഞു. ജില്ലാ കൊറോണ കോർ കമ്മിറ്റി ഓൺലൈൻ യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു കളക്ടർ. ഡെൽറ്റ പ്ലസ് വകഭേദം റിപ്പോർട്ട് ചെയ്യപ്പെടുകയാണെങ്കിൽ കുട്ടികളെയുൾപ്പെടെ ബാധിക്കുമെന്ന ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ് അവഗണിക്കരുത്. രണ്ടാം തരംഗത്തിൽ രോഗ ബാധിതരുടെ എണ്ണം പിടിച്ചു നിർത്താൻ സർക്കാർ വകുപ്പുകളുടെ കൂട്ടായ പ്രവർത്തനം കൊണ്ടും ജനങ്ങളുടെ സഹകരണം കൊണ്ടുമാണ് സാധിച്ചത്.

നിലവിലെ സാഹചര്യത്തിൽ അതീവ ജാഗ്രത എല്ലാവരും പുലർത്തണം. ഇനിയൊരു തരംഗമുണ്ടായാൽ ജില്ലയെ പ്രതികൂലമായി ബാധിക്കാതിരിക്കാനുള്ള കരുതൽ വേണം. നിലവിൽ സംസ്ഥാന ശരാശരിയേക്കാൾ കൂടുതലാണ് ജില്ലയുടെ രോഗസ്ഥിരീകരണ നിരക്ക്.

പോലീസ്, സെക്ടറൽ മജിസ്ട്രേറ്റുമാർ, മാഷ് പദ്ധതിയിലെ അധ്യാപകർ ഉൾപ്പെടെ എല്ലാ പ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കാനും ജില്ലയിൽ ഓക്സിജൻ കിടക്കകൾ ആവശ്യത്തിന് സജ്ജമാക്കാനും കളക്ടർ നിർദേശം നൽകി. നിലവിൽ 550 ഓക്സിജൻ കിടക്കകളാണ് ജില്ലയിൽ ഉള്ളത്. ഇത് 1089 ആയി ഉയർത്തും. ജൂലൈ 11നകം ജില്ലയിൽ ഓക്സിജൻ കിടക്കകൾ സജ്ജമാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ. കെ.ആർ.രാജൻ പറഞ്ഞു. കൂടുതൽ ഓക്സിജൻ സിലിണ്ടറുകൾ ലഭ്യമാക്കും. രോഗികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് ആശുപത്രികളിലെ കിടക്കകളും നിറയുന്നതായും ജാഗ്രത തുടർന്നാൽ മാത്രമേ രോഗബാധിതരുടെ എണ്ണം കുറക്കാൻ സാധിക്കൂവെന്നും അദ്ദേഹം അറിയിച്ചു. കോവിഡ് രണ്ടാം തരംഗം ജില്ലയിൽ പൂർണമായും വിട്ടു പോയിട്ടില്ല. അതിനാൽ ഡി കാറ്റഗറിയിൽപ്പെടുന്ന പഞ്ചായത്തുകൾക്കൊപ്പം മറ്റു തദ്ദേശ സ്ഥാപനങ്ങളിലും നിയന്ത്രണങ്ങൾ കർശനമായി തുടരണം.

എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സാമൂഹിക അകലം, മാസ്‌ക്, സാനിറ്റൈസർ (എസ്.എം.എസ്) എന്ന കോവിഡ് പ്രതിരോധ നിർദേശങ്ങൾ കർശനമായി പാലിക്കണം. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കർശന നടപടിയുണ്ടാകും. ആൾക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. ആരാധനാലയങ്ങളിൽ പ്രാർഥനകൾക്കും ചടങ്ങുകൾക്കുമുൾപ്പെടെ നിശ്ചിത ആളുകളെ പ്രവേശിപ്പിക്കുമ്പോഴും സാമൂഹിക അകലം ഉറപ്പു വരുത്തണം. ആളുകൾ തമ്മിൽ 41 ചതുരശ്ര അടി അകലം ഉറപ്പുവരുത്തണമെന്നും കോർ കമ്മിറ്റി യോഗം അറിയിച്ചു.

വഴിയോര കച്ചവടക്കാർക്ക് ആർ.ടി.പി.സി.ആർ ടെസ്റ്റ് നിർബന്ധമാണ്. 14 ദിവസത്തിലൊരിക്കൽ പരിശോധന നടത്തിയതിന്റെ സർട്ടിഫിക്കറ്റ് കരുതണം. മാസ്‌ക്, ഗ്ലൗസ് എന്നിവ നിർബന്ധമായും ഉപയോഗിക്കണം. രണ്ട് ഡോസ് വാക്സിനേഷൻ നടത്തിയവർക്കും വഴിയോര വ്യാപാരം ചെയ്യാം.

ടി.പി.ആർ കൂടുതലുള്ള കാറ്റഗറി ഡിയിലെ തദ്ദേശ സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കുമെന്ന് ജില്ലാ പോലീസ് മേധാവി പി.ബി. രാജീവ് അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 1,41,000 രൂപ പിഴയീടാക്കിയിട്ടുണ്ട്. മറ്റു കാറ്റഗറി പ്രദേശങ്ങളിലും കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.

എ.ഡി.എം അതുൽ എസ്.നാഥ്, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എ.വി. രാംദാസ്, മറ്റു കോർ കമ്മിറ്റി അംഗങ്ങൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ഇനിയൊരു തരംഗം വേണ്ട

ജില്ലയിൽ കോവിഡിന്റെ  മൂന്നാം തരംഗം ഇല്ലാതിരിക്കാനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിച്ച് ജില്ലാ ഭരണകൂടം. ബോധവത്കരണം ലക്ഷ്യമിട്ടു കൊണ്ട് 'ഇനിയൊരു തരംഗം വേണ്ട' എന്ന ടാഗ് ലൈനിൽ ഐ.ഇ.സി ജില്ലാ കോ ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവർത്തനം. ഡിജിറ്റൽ പോസ്റ്ററുകളും വ്യത്യസ്ത ഭാഷകളിലെ വീഡിയോകളും ജനങ്ങൾക്കിടയിൽ എത്തിച്ചു കൊണ്ടാണ് ബോധവത്കരണം. സമൂഹ മാധ്യമങ്ങളിലൂടെ പോസ്റ്റർ പ്രചാരണം നടത്തും. ഫേസ്ബുക്ക്, വാട്ട്സ് ആപ്പ്, ടെലഗ്രാം തുടങ്ങിയ മാധ്യമങ്ങളിലൂടെ പരമാവധി ആളുകളിലേക്ക് സന്ദേശങ്ങൾ ഷെയർ ചെയ്യപ്പെടും വിധം മുഴുവൻ സർക്കാർ ജീവനക്കാരും സന്നദ്ധ സംഘടനകളും പ്രവർത്തനങ്ങളിൽ പങ്കാളികളാകണമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു അഭ്യർഥിച്ചു.

No comments