JHL

JHL

സ്ത്രീധനത്തെ ചൊല്ലി ക്രൂരമര്‍ദ്ദനവും പീഡനവും; കോഫി എസ്റ്റേറ്റ് ജീവനക്കാരന്റെ രണ്ട് പെണ്‍മക്കള്‍ ഭര്‍തൃവീടുകളില്‍ തൂങ്ങിമരിച്ച നിലയില്‍

മംഗളൂരു(www.truenewsmalayalam.com) : ഹാസന്‍ സകലേഷ്പുരയില്‍ റിയല്‍ എസ്റ്റേറ്റ് ജീവനക്കാരന്റെ പെണ്‍മക്കളെ വ്യത്യസ്ത ദിവസങ്ങളിലായി ഭര്‍തൃവീടുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 

സകലേഷ്പുര ബെലഗോട്ടെ കോഫി എസ്റ്റേറ്റ് ജീവനക്കാരനായ ഉദയിന്റെ മക്കളായ ഐശ്വര്യ (19), സൗന്ദര്യ (21) എന്നിവരാണ് മരിച്ചത്. ഐശ്വര്യയെ ജൂണ്‍ 8നും സൗന്ദര്യയെ ജൂണ്‍ 25 നും അവരവരുടെ ഭര്‍തൃവീടുകളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

സ്ത്രീധനത്തിന്റെ പേരില്‍ രണ്ട് പെണ്‍മക്കളും ഭര്‍തൃവീടുകളില്‍ ക്രൂരമര്‍ദ്ദനത്തിനും പീഡനത്തിനും ഇരയായെന്നാരോപിച്ച് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കി. ഇതുസംബന്ധിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഉദയിന് നാല് പെണ്‍മക്കളാണുള്ളത്. ജൂണ്‍ 8ന് ഉദയിന്റെ രണ്ടാമത്തെ മകള്‍ ഐശ്വര്യയെ തുമകുരുവിലെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

ഐശ്വര്യ മരിച്ച് 17 ദിവസത്തിനുള്ളില്‍ മൂത്ത മകള്‍ സൗന്ദര്യയെ ഹൊസനഗരയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി. ഉദയിന് സൗന്ദര്യയും ഐശ്വര്യയുമടക്കം നാല് പെണ്‍മക്കളാണുള്ളത്. മറ്റു രണ്ട് പെണ്‍മക്കള്‍ കോളേജ് വിദ്യാര്‍ഥിനികളാണ്. സൗന്ദര്യ ജേര്‍ണലിസത്തില്‍ ബിരുദം നേടിയിരുന്നു.

 സൗന്ദര്യക്ക് വിവാഹത്തില്‍ ആദ്യം താത്പര്യമുണ്ടായിരുന്നില്ല. അനുജത്തി ഐശ്വര്യയെ കഴിഞ്ഞ വര്‍ഷം തുമകുരു കുനിഗല്‍ താലൂക്കിലെ കാവേരിപുര സ്വദേശി നാഗരാജു വിവാഹം ചെയ്തു. പെട്രോള്‍ പമ്പില്‍ ജോലി ചെയ്യുന്ന നാഗരാജു തുമകുരു നഗരത്തിലെ സരസ്വതിപുരത്ത് ഐശ്വര്യക്കൊപ്പം താമസിച്ചുവരികയായിരുന്നു. ഇതിനിടെ ഐശ്വര്യയെ നാഗരാജു കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് മര്‍ദ്ദിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്നത് പതിവായിരുന്നുവെന്നും മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും രക്ഷിതാക്കളുടെ പരാതിയില്‍ പറയുന്നു.

 ഐശ്വര്യ വിവാഹിതയായതോടെ സൗന്ദര്യയുടെ വിവാഹവും വീട്ടുകാര്‍ ഉറപ്പിച്ചു. കരിമാനെ ഗ്രാമപഞ്ചായത്ത് പരിധിയിലെ കഡിഗെരി സ്വദേശിയായ ഉമേഷാണ് സൗന്ദര്യയെ വിവാഹം ചെയ്തത്. സൗന്ദര്യയും സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍തൃവീട്ടില്‍ ശാരീരികവും മാനസികവുമായ കടുത്ത പീഡനങ്ങള്‍ക്ക് ഇരയായി. ജൂണ്‍ 25ന് രാവിലെ സൗന്ദര്യയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശരീരത്തില്‍ അടിയേറ്റതിന്റെ പാടുകള്‍ കണ്ടതിനാല്‍ ഇതൊരു കൊലപാതകമാണെന്നാണ് സൗന്ദര്യയുടെ മാതാപിതാക്കള്‍ ആരോപിക്കുന്നത്.

 ഭര്‍ത്താവും ഭര്‍തൃമാതാവും മറ്റു കുടുംബാംഗങ്ങളും ചേര്‍ന്ന് സൗന്ദര്യയുടെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്തി കെട്ടി തൂക്കിയതാണെന്ന് അച്ഛന്‍ ഉദയ് ആരോപിച്ചു. ഭര്‍ത്താവ് ഉമേഷ്, പിതാവ് പാണ്ഡുരംഗ, മാതാവ് ശാന്തമ്മ, സഹോദരി രൂപ എന്നിവര്‍ക്കെതിരെയാണ് പൊലീസില്‍ പരാതി നല്‍കിയത്. ഉമേഷ് മറ്റൊരു യുവതിയെ വിവാഹം ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു. ഇതിനെ എതിര്‍ത്തത് സൗന്ദര്യക്കെതിരെ പീഡനം വര്‍ധിക്കാന്‍ കാരണമായി. 

രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ്.





No comments