JHL

JHL

സ്ഥല നാമങ്ങൾ മാറ്റുന്നു എന്നത് വ്യാജ പ്രചരണം; ജില്ലാ കളക്ടർ

 

കാസർകോട്(www.truenewsmalayalam.com) : കർണാടക അതിർത്തിയോടു ചേർന്നുള്ള േകരളത്തിലെ സ്ഥലങ്ങളുടെ പേരുകൾ കേരളം മാറ്റാൻ ശ്രമിക്കുന്നതായി പ്രചാരണം. അതേസമയം ഇത്തരം നീക്കങ്ങളൊന്നും ചർച്ചയിൽ പോലുമില്ലെന്നും അനാവശ്യ വിവാദം സൃഷ്ടിക്കരുതെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. കന്നഡ ഭാഷയിലുള്ള പേരുകൾ മലയാളത്തിലേക്കു മാറ്റുന്നു എന്ന രീതിയിലുള്ള സന്ദേശമാണു വ്യാപകമായി പ്രചരിച്ചത്.

മഞ്ചേശ്വരം, കുമ്പള, ഹൊസ്ദുർഗ്, മധൂര് തുടങ്ങിയ സ്ഥലങ്ങളുടെ പേരുകൾ മാറ്റാനുള്ള ശ്രമം നടക്കുന്നതായും ഇതു കന്നഡ ഭാഷയ്ക്കെതിരെയുള്ള നീക്കമാണെന്നും ആരോപിച്ചു കർണാടക ബോർഡർ ഏരിയ ഡവലപ്മെന്റ് അതോറിറ്റി സെക്രട്ടറി പ്രകാശ് മട്ടിഹള്ളി മംഗളൂരുവിൽ പുറത്തിറക്കിയ പ്രസ് റീലിസിലൂടെയാണു വിവാദങ്ങൾക്കു തുടക്കം. തുടർന്നു കന്നഡ വികസന സമിതി അധ്യക്ഷൻ ടി.എസ്.നാഗാഭരണയും ഈ നീക്കം നടക്കുന്നതായി ബെംഗളൂരുവിൽ ആരോപിച്ചു.

പേരു മാറ്റാനുള്ള നീക്കം നടക്കുന്നതായി ആരോപിച്ചു മൈസുരുവിൽ നിന്നുള്ള ബിജെപി എംപി പ്രതാപ് സിംഹയും രംഗത്തെത്തി. സർക്കാർ ഇടപെടണമെന്ന് അദ്ദേഹം കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പയോട് ആവശ്യപ്പെട്ടു. ഇതേ തുടർന്നു കാസർകോടൻ തനിമയുള്ള സ്ഥലനാമങ്ങൾ മാറ്റാനുള്ള നീക്കത്തിൽ നിന്നു സർക്കാർ പിന്മാറണമെന്നു ബിജെപി കാസർകോട് ജില്ലാ കമ്മിറ്റിയും ആവശ്യപ്പെട്ടിരുന്നു. 

മദനന്തേശ്വര സിദ്ധി വിനായക ക്ഷേത്രം സ്ഥിതി ചെയ്യുന്ന മധൂരിന്റെ ഉൾപ്പെടെയുള്ള സ്ഥലനാമങ്ങൾ മാറ്റാനുള്ള ശ്രമം പ്രതിഷേധാർഹമാണെന്നു ബിജെപി ജില്ലാ പ്രസിഡന്റ് കെ.ശ്രീകാന്ത് വ്യക്തമാക്കി. സ്ഥലനാമങ്ങൾ മാറ്റാനുള്ള നീക്കമുണ്ടെങ്കിൽ ആ വിഷയം കേരള മുഖ്യമന്ത്രിയുമായി ചർച്ച നടത്തുമെന്നു വ്യക്തമാക്കി കർണാടക മുഖ്യമന്ത്രി ബി.എസ്.യെഡിയൂരപ്പയും മുൻ മുഖ്യമന്ത്രി എച്ച്.‍ഡി.കുമാരസാമിയും രംഗത്തെത്തിയിരുന്നു.  എന്നാൽ ഇത്തരം യാതൊരു തീരുമാനവുമില്ലെന്നു ജില്ലാ ഭരണകൂടം വിശദീകരിക്കുന്നു. അടിസ്ഥാനമില്ലാത്ത വ്യാജ പ്രചാരണമാണ് ഇതെന്നു കാസർകോട് കലക്ടർ ഡി.സജിത്ത് ബാബു വ്യക്തമാക്കി.  

" കാസർകോടെ സ്ഥലനാമങ്ങൾ മാറ്റുന്നതുമായി ബന്ധപ്പെട്ടു യാതൊരു ചർച്ചയും ഉണ്ടായിട്ടില്ല. അങ്ങനെ ഒരു ഫയലും നിലവിലില്ല. കലക്ടർ അറിയാതെ സ്ഥലനാമം മാറ്റുന്നതിനുള്ള നടപടി ഉണ്ടാവില്ലെന്നിരിക്കെ ആരൊക്കെയോ ചേർന്ന് അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണ്. വ്യാജ പ്രചാരണങ്ങൾ അവസാനിപ്പിക്കണം."





No comments