ചട്ടഞ്ചാലിൽ പോലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങളിൽ മോഷണം; നാലുപേർ അറസ്റ്റിൽ.
ചട്ടഞ്ചാൽ(www.truenewsmalayalam.com) : പോലീസ് കസ്റ്റഡിയിലുള്ള വാഹനങ്ങളുടെ യന്ത്രഭാഗങ്ങളും ചക്രങ്ങളും മോഷ്ടിക്കാനുള്ള ശ്രമത്തിനിടെ നാല് പേർ അറസ്റ്റിൽ. കേസുകളിൽപ്പെട്ട് ചട്ടഞ്ചാൽ ദേശീയപാതയ്ക്കരികിൽ വർഷങ്ങളായി സൂക്ഷിച്ചിട്ടുള്ള വാഹനങ്ങളിൽനിന്നാണ് യന്ത്രഭാഗങ്ങൾ കടത്താനുള്ള ശ്രമം നടന്നത്.
ചെമ്മനാട് വടക്കുമ്പാത്തിലെ ഷമ്മാസ് (19), മുഹമ്മദ് അബ്ദുല്ല റിഫായത്ത് (20), മുഹമ്മദ് ഷാ (20), മുഹമ്മദ് മാഹിൻ ഫത്താസ് (19) എന്നിവരാണ് മേൽപ്പറമ്പ് പോലീസിന്റെ പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും രണ്ട് മൊബൈൽ ഫോണുകളും മോഷണത്തിനുപയോഗിച്ച ഉപകരണങ്ങളും കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച പുലർച്ചെ പട്രോളിങ്ങിനിടെ ശബ്ദംകേട്ട് മേൽപ്പറമ്പ് അഡീഷണൽ എസ്.ഐ. എസ്.ബൈജുവും സിവിൽ പോലീസ് ഓഫീസർ വിജയനും ജീപ്പ് നിർത്തി പരിശോധിക്കുന്നതിനിടെ യുവാക്കൾ ഓടിപ്പോകുന്നത് കണ്ടതാണ് സംശയത്തിനിടയാക്കിയത്.
ഡമ്പിങ് യാർഡിൽ സംശയകരമായി നിർത്തിയിട്ടിരുന്ന കാറും അകത്തുണ്ടായിരുന്ന മൊബൈൽ ഫോണുകളും ജാക്കി, ലിവർ, കമ്പി എന്നിവയും പോലീസ് സ്റ്റേഷനിലെത്തിച്ചു. ഓടിപ്പോയ യുവാക്കൾക്കായി പിന്നീട് പ്രിൻസിപ്പൽ എസ്.ഐ. കെ.വി.മുരളി, അഡീഷണൽ എസ്.ഐ. ആർ.കെ.ജയചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.വി.മധുസൂദനൻ, രാജ്‌കുമാർ ബാവിക്കര, രാജേന്ദ്രൻ, എം.സുരേഷ്, കെ.ഹരീന്ദ്രൻ, സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണം നടത്തി.
റിഫായത്തിന്റെതാണ് കാറെന്ന് മനസ്സിലായി. ഇതിനിടെ തെക്കിൽമൂലയിൽവെച്ച് പോലീസ് വാഹനം കണ്ടോടിയ ഷമ്മാസിനെ പിടികൂടിയതോടെയാണ് മറ്റുള്ളവരുടെയും അറസ്റ്റുണ്ടായത്.
മേൽപ്പറമ്പ് പോലീസ് സ്റ്റേഷനിൽനിന്ന് 150 മീറ്റർ ദൂരെയാണ് ഡമ്പിങ് യാർഡ്. ബേക്കൽ, വിദ്യാനഗർ പോലീസ് പിടികൂടിയ വാഹനങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാത്തതിനാൽ ജില്ലാ പോലീസ് ചീഫിന്റെ അഭ്യർഥനപ്രകാരം കളക്ടറാണ് ചട്ടഞ്ചാലിലെ തെക്കിൽ വില്ലേജ് ഓഫീസിന് സമീപം 40 സെന്റ് 2014 ഫെബ്രുവരിയിൽ ഡമ്പിങ് ഗ്രൗണ്ടായി അനുവദിച്ചത്.
കാർ, ലോറി, ടെമ്പോ, ഓട്ടോ, ടിപ്പർ എന്നിവ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങൾ പോലീസ് ഇവിടെ വർഷങ്ങളായി സൂക്ഷിക്കുന്നുണ്ട്.
ഇവയ്ക്കിടയിൽ കാടുകയറിയതിനാൽ പുറമെ നിന്ന് ശ്രദ്ധയിൽപ്പെടുന്നില്ല. മുൻപ് നിരവധി വാഹനങ്ങൾ വേനലിൽ പുല്ലിന് തീപ്പിടിച്ചും കത്തിനശിച്ചിരുന്നു.
Post a Comment