JHL

JHL

കർണ്ണാടകയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് യാത്രാ നിരക്കിൽ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് നിവേദനം നൽകി

മഞ്ചേശ്വരം(www.truenewsmalayalam.com) : കർണ്ണാടകയിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കെ എസ് ആർ ടി സി ബസുകളിൽ യാത്രാ നിരക്കിൽ ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് എകെ എം അഷ്‌റഫ്‌ എം എൽ എ നിവേദനം നൽകി. ദീർഘ നാളത്തെ ആവശ്യമായ യാത്രാ ഇളവ് ആവശ്യപ്പെട്ടാണ് നിവേദനം. നിലവിൽ കന്നട ഭാഷാ ന്യൂനപക്ഷങ്ങൾക്ക് കർണാടക സ്റ്റേറ്റ് ബസുകളിൽ ഇളവ് ലഭിക്കുന്നുണ്ട്. നിരവധി വിദ്യാർത്ഥി കളാണ് ജില്ലയിൽ നിന്ന് മംഗ്ലൂറുവിലേക്ക് പഠനത്തിന് എത്തുന്നത്. യാത്രാ നിരക്കിൽ ഇളവ് ലഭിച്ചാൽ വലിയ ആശ്വാസമായിരിക്കും വിദ്യാർത്ഥി കൾക്ക് ലഭിക്കുക.

ഗതാഗത മന്ത്രിക്ക് സമർപ്പിച്ച നിവേദനം ചുവടെ :

അയൽ സംസ്ഥാനം കാണിക്കുന്ന ഔദാര്യമെങ്കിലും കേരള സര്‍ക്കാരിന് നമ്മുടെ കുട്ടികളോട് കാണിച്ചൂടെ?

                 എല്ലാ കാര്യത്തിലും പിറകില്‍ നില്‍ക്കുന്ന കേരളത്തിലെ വടക്കേ അറ്റത്തെ ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും നന്നേ കുറവാണ്- പ്രതേകിച്ചു ചന്ദ്രഗിരി പുഴയ്ക്കു വടക്ക്  ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അംഗുലീപരിമിതമാണ്.. അത് കൊണ്ടു തന്നെ  ചികിത്സക്ക് മാത്രമല്ല വിദ്യാഭ്യാസത്തിനും കാസര്‍ഗോട്ടുകാര്‍ അയല്‍സംസ്ഥാനത്തിലെ  മംഗലാപുരത്തെ ഏറെ ആശ്രയിക്കേണ്ടി വരുന്നു.  കാസര്‍ഗോട് ജില്ലയില്‍ നിന്ന് ആയിരക്കണക്കിന്  കുട്ടികള്‍ മംഗലാപുരത്തെ വിവിധ സ്ഥാപനങ്ങളില്‍ പഠിക്കുന്നു..ഇതില്‍ ഭൂരിഭാഗവും   കുട്ടികള്‍ ദിവസവും പോയി വരുന്നവരാണ്. ചുരുക്കം ചില സ്ഥാപനങ്ങള്‍ മാത്രമാണ് വിദ്യാര്‍ഥിള്‍ക്ക് സ്വന്തമായി ബസ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ബാക്കിയുള്ളവര്‍ പൊതുവാഹങ്ങളെ ആശ്രയിക്കുന്നു .  രാവിലത്തെ  മംഗാപുരത്തേക്കുള്ള  തീവണ്ടികളില്‍ തിരക്ക് കാരണം തൂങ്ങിപ്പിടിച്ച്‌ ജീവന്‍ പണയപ്പെടുത്തിയാണ്‌ കുട്ടികള്‍ സഞ്ചരിക്കുന്നത്.  എല്ലാ കുട്ടികളെയും തീവണ്ടിക്കു ഉള്‍കൊള്ളാന്‍ കഴിയാത്തതിനാലും ചില സ്ഥാപനങ്ങള്‍ റെയില്‍വേ സ്റെഷനില്‍ നിന്നു ദൂരെയായതിനാലും ഒരു പാട് വിദ്യാര്‍ത്തികള്ക്ക് ചെലവ്  കൂടിയ ബസ് യാത്ര മാത്രമാണ്  ആശ്രയം. 

സ്വകാര്യ ബസ്സുകള്‍ പകുതി നിരക്ക് ഈടാക്കി വിദ്യാര്‍ഥികളെ കൊണ്ടുപോകുമായിരുന്നു. എന്നാല്‍ കാസറഗോഡ് മംഗലാപുരം റൂട്ട്  ദേശസാല്‍ക്കരിച്ചതോടെ ആ സൗകര്യം നിലച്ചു. അന്തര്‍ സംസ്ഥാന ടിക്കടുകള്‍ക്ക് സൌജന്യം നല്‍കാന്‍ നിവൃത്തിയില്ലെന്നാണ് കെ എസ് ആര്‍ ടി സി അധികൃതര്‍ പറയുന്നത്. അതിനാല്‍ ഫുള്‍ ടിക്കറ്റ്‌ എടുത്തു പോകാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാകുന്നു. ഈയിനത്തില്‍  രക്ഷിതാക്കള്‍ക്ക്  വലിയൊരു തുക ചിലവാക്കേണ്ടി വരുന്നത് താഴ്ന്ന വരുമാനക്കാരെ ദുരിതത്തിലാക്കുന്നു. ഉയര്‍ന്ന വരുമാനമുള്ള രക്ഷിതാക്കള്‍ കുട്ടികളെ ഹോസ്റ്റലിലും മറ്റും താമസിപ്പിക്കുന്നതിനാല്‍ സാധാരണക്കാരെയാണ് ഇത് ഏറെയും ബാധിക്കുന്നത്. ഭീമമായ ഫീസിനൊപ്പം വലിയ തുക ഗതാഗതത്തിനും ചെലവഴിക്കേണ്ടി വരുന്നത് അവരെ സാമ്പത്തികമായി നട്ടെല്ലൊടിക്കുന്നു.

ചില രക്ഷിതാക്കള്‍ മംഗലാപുരത്തുള്ള കര്‍ണാടക സ്റ്റേറ്റ് റോഡ്‌ ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍ അധികൃതരേ കണ്ടു നിവേദനം നല്‍കിയതിന്‍ ഫലമായി കര്‍ണാടക srtc ബസ്സില്‍ ഇപ്പോള്‍ സൌജന്യ നിരക്കില്‍ വിദ്യാര്തിക്കള്‍ക്ക് സഞ്ചരിക്കാം. വളരെ ചെറിയ നിരക്ക് മാത്രം ഈടാക്കിക്കൊണ്ടാണ് അവര്‍ കുട്ടികളെ കൊണ്ടു പോവുന്നത്. പക്ഷെ കന്നഡ രക്ഷിതാക്കളുടെ മക്കള്‍ക്ക്‌ മാത്രമായി  ഈ ഔദാര്യം പരിമിതപ്പെടുത്തിയിരിക്കുന്നു .. 

    കര്‍ണാടക എസ് ആര്‍ ടി സി യിലെ സൌജന്യ നിരക്കും നിബന്ധനകളും  ഇളവിന്  വേണ്ടി ഹാജരാക്കേണ്ട രേഖകളും :

   


1.  കര്‍ണാടക സ്റ്റേറ്റ് RTC കാസര്‍ഗോട് നിന്നു മംഗലാപുരത്ത്  പോയി പഠിക്കുന്ന വിദ്യാര്ഥികളായ ബസ് യാത്രക്കാര്‍ക്കാണ് ഇളവു നല്‍കുന്നതു.  ഗടിനാട് കന്നടിഗ (അതിര്‍ത്തിയില്‍ താമസമുള്ള കന്നടക്കാര്‍) എന്ന വിഭാഗത്തില്‍ പെട്ടവര്‍ക്കാണ് ഈ ആനുകൂല്യം.

2. 130 രൂപ പ്രോസസ്സിംഗ്  ചാര്‍ജും ബാക്കി ടിക്കറ്റ്‌ നിരക്കും അടക്കമുള്ള തുകയാണ് ഈടാക്കുന്നത്. ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ടിക്കറ്റ് ചാർജ് സൌജന്യമാണ്.എന്നാല്‍ പ്രോസിസ്സിംഗ് ഫീസ്‌ 130 രൂപ അടക്കണം . താഴെപ്പറയുന്നതാണ് ഒരു അക്കാദമിക വര്‍ഷത്തേക്കു (ITI ക്ക് 12 മാസത്തേക്കും  ബാക്കി കോഴ്സുകള്‍ക്ക് 10 മാസത്തേക്കും) അടക്കേണ്ട നിരക്ക് 

 >1 മുതല്‍ 7 വരെ ക്ലാസ്സിലെ സ്കൂള്‍ കുട്ടികള്‍ .130 രൂ.

 >8 മുതല്‍ 10 വരെ - ആണ്‍കുട്ടികള്‍ 730 രൂ.  പെണ്‍കുട്ടികള്‍ 430രൂ.

 >PUC:/ ആര്‍ട്സ് & സയന്‍സ് ഡിഗ്രി 1030

 >evening കോഴ്സ് / phd -1330

 >ITI - 1290

 >പ്രൊഫഷണല്‍ ഡിഗ്രി(medical, engineering, LLB മുതലായവ)- 1530


3.മംഗലാപുരത്തെ കര്‍ണാടക സ്റ്റേറ്റ് RTC ഓഫീസില്‍ താഴെ പറയുന്ന രേഖകള്‍ ഹാജരാക്കണം..

      (1) ആധാര്‍ കാര്‍ഡ്/റേഷന്‍ കാര്‍ഡ് 

      (2) സ്റ്റഡി സര്‍ട്ടിഫിക്കറ്റ് (ബന്ധപ്പെട്ട വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്നു)

      (3) അവസാനമായി അടച്ച ഫീസ്‌ രസീതി 

       (4) തഹസില്‍ദാരില്‍ നിന്ന് ലഭിക്കുന്ന ഗടിനാട് കന്നടിഗ സര്‍ട്ടിഫിക്കറ്റ് 

       (5) 3 സെറ്റ് ഫോട്ടോ 

4. കാസര്‍ഗോഡ്‌ - മംഗലാപുരം റൂട്ടില്‍  ഒറ്റ നിരക്കാണ്. അതായത് , അതിനിടയില്‍ കയറുന്നവര്‍ക്ക് ഇതിലും  കുറഞ്ഞ നിരക്ക് ഇല്ല.


ചുരുക്കിപ്പറഞ്ഞാല്‍ കര്‍ണാടക ബസ്സില്‍  ദിവസം 4 രൂപയ്ക്ക് വിദ്യാര്ഥികള്ക്ക് കാസരഗോട്ടു നിന്നു ദിവസം മംഗലാപുരത്തേക്ക് പോയി വരാന്‍ സാധിക്കുമ്പോള്‍  കേരള ബസ്സില്‍  നൂറ്റിമുപ്പത് രൂപയിലേറെ കൊടുക്കേണ്ടി വരുന്നു. 

 കന്നടക്കാർക്ക് മാത്രമേ ഈ ഇളവിന് അര്‍ഹത ഉള്ളൂ എങ്കിലും മഞ്ചെശ്വരം, കാസറഗോഡ് താലുക്കുകളില്‍ താമസക്കാരനെന്നുള്ള നെറ്റിവിറ്റി സര്ട്ടിഫിക്കറ്റ് ഹാജരാക്കുന്ന എല്ലാവര്ക്കും അവര്‍ ഔദാര്യപൂർവം പാസ്സ് നല്‍കുന്നുണ്ട് .എന്നാല്‍  ഈ പാസ് എടുത്താല്‍ തന്നെ പലര്‍ക്കും അത്  പ്രയോജനപ്പെടുത്താന്‍ കഴിയുന്നില്ല. കാരണം രാവിലെ ഏഴിനും എഴരക്കുമിടയില്‍ കാസറഗോട് നിന്നും തിരിച്ചു വൈകുന്നേരം നാലിനും നാലരക്കുമിടയില്‍ മംഗലാപുരത്ത് നിന്നും  പുറപ്പെടുന്ന ബസ്സില്‍ കയറിയാലാണ് കൃത്യമായ സമയത്ത് സ്കൂള്‍/ കോളേജില്‍ എത്താനും മടക്കത്തില്‍ ക്ലാസ് കഴിഞ്ഞു  നേരം ഇരുട്ടുന്നതിനു മുന്പായി വീട്ടില്‍ എത്തുവാനും കഴിയുക. എന്നാല്‍ ഈ രണ്ടു സമയത്തും കേരള ബസ്സുകള്‍  മാത്രമാണ് ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നത്.  മാത്രമല്ല, കേരള എസ് ആര്‍ ടി സി ബസ്സില്‍ ഈ സൌജന്യം ഇല്ല താനും .


  അയല്‍ സംസ്ഥാനത്തിലെ കര്‍ണാടക സര്‍ക്കാര്‍ കാസര്‍ഗോട്ട് മംഗാപുരം റൂട്ടില്‍ നമ്മുടെ നാട്ടുകാരായ  വിദ്യാര്‍ഥികള്‍ക്ക് യാത്രാസൌജന്യം നല്‍കുമ്പോള്‍ സ്വന്തം സംസ്ഥാനസര്‍ക്കാര്‍ മുഴുവന്‍ചാര്‍ജും ഈടാക്കി അവരെ പിഴിയുന്ന അവസ്ഥ വേദനാജനകമാണ്‌.

ഇളവിന് വേണ്ടി കാസര്‍ഗോട്ടെ  രക്ഷിതാക്കള്‍ മംഗലാപുരത്തെ KSRTC ഓഫീസ്സില്‍ ചെന്നപ്പോള്‍ അധികൃതര്‍ വളരെ ഹൃദ്യമായി പെരുമാറുകയും അവിടത്തെ മടിക്കേരിക്കാരനായ അന്നത്തെ  ജില്ലാ തല ഉദ്യോഗസ്ഥന്‍ പെട്ടെന്ന് തന്നെ ആവശ്യമായ ഉത്തരവിറക്കുകയും .ചെയ്യുകയുണ്ടായി .. എന്നാല്‍ കാസര്‍ഗോട്ട് കേരള RTC ഡിപോയില്‍ ചെന്നപ്പോള്‍ അവര്‍ക്ക് അതിനു അധികാരമില്ലെന്നും തിരുവനതപുരത്ത് നിന്ന് ഉത്തരവ് ഉണ്ടെങ്കില്‍ മാത്രമേ എന്തെങ്കിലും ചെയ്യാന്‍ പറ്റുകയുള്ളു എന്നുമാണു അധികൃതര്‍ പറഞ്ഞത്. കര്‍ണാടക ആര്‍ ടി സി കൊടുക്കുന്ന ഇളവു സംബന്ധിച്ച് മുകളിലേക്ക് അയച്ചു കൊടുക്കാമെന്നും അവര്‍ പറഞ്ഞു. ഇപ്പോള്‍ മംഗലാപുരത്തേക്ക് കാസര്‍ഗോട്ട് നിന്ന് കേരള ആര്‍ ടി സി യില്‍ പൊതുജനങ്ങൾക്ക് സീസണ്‍ ടിക്കറ്റ് ഉണ്ടെങ്കിലും അതിനു ഭീമമായ തുകയാണ് ഈടാകുന്നത്. അതായത്, 25 ദിവസത്തെ കൂലി എന്ന് വച്ചാൽ മൂവായിരം രൂപയിൽ അധികം വരുമത്. മുതിര്‍ന്ന ആളുകള്‍ പോലും അനാകര്‍ഷകമായ ഈ ഓഫർ ഉപയോഗപ്പെടുത്തുന്നില്ല. കുട്ടികൾക്കും അത് കാര്യമില്ല.


കർണാടക സർക്കാർ കാസർകോട്ടെ വിദ്യാർഥികൾക്ക് നൽകുന്ന സൗജന്യമെങ്കിലും കേരള സർക്കാർ നൽകുന്നില്ല എന്നത് അങ്ങേയറ്റം സങ്കടകരമാണ്.


ഇക്കാര്യത്തില്‍ ഗതാഗത വകുപ്പ് മന്ത്രി,  കെ എസ് ആര്‍ ടി സി മാനേജിംഗ് ഡയരക്ട്ടരുമായി സംസാരിച്ചു കാസര്‍കോട്ടെ വിദ്യാർഥികള്‍ക്ക് കർണാടക srtc നൽകുന്ന  യാത്രാ ഇളവു കേരള srtc യും ലഭ്യമാക്കാൻ നടപടിയെടുക്കണമെന്നു അഭ്യർത്ഥിക്കുന്നു.

ഇനി, അതിനു സാധിക്കുന്നില്ലെങ്കിൽ രാവിലെ 7 നും 8 നുമിടക്കുള്ള നേരത്തു കാസറഗോഡ് നിന്നും മംഗലാപുരത്തേക്കും തിരിച്ചു് വൈകീട്ട് 4നും 5നുമിടയിൽ മംഗലാപുരത്തു നിന്നു കാസർഗോട്ടേക്കും ഇപ്പോൾ കേരള srtc ഓടുന്നത് മാറ്റി ആ സമയത്ത് കർണാടക srtc ബസ് ഓടിച്ചാൽ ഞങ്ങളുടെ കുട്ടികൾക്കു കർണാടകയുടെ സൗജന്യം അനുഭവിക്കാൻ പറ്റും. അതിനെങ്കിലും അവരെ സമ്മതിക്കണം, പ്ലീസ്.

ഇക്കാര്യത്തിൽ താങ്കളുടെ സത്വര ഇടപെടൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

No comments