JHL

JHL

മൊഗ്രാൽ പുത്തൂരിലെ അപൂർവ്വയിനം നാടൻ മാവിനെ വെട്ടരുതെന്ന് തൃശൂരിൽ നിന്ന് അഭ്യർത്ഥന

കുമ്പള (www.truenewsmalayalam.com) : മൊഗ്രാൽപുത്തൂർ പഞ്ചായത്ത് കാര്യാലയത്തിനടുത്ത് പാതവക്കിൽ സ്ഥിതി ചെയ്യുന്ന നാടൻ മാവിന്റെ മഹത്വം നാട്ടുകാർ പോലും ചിലപ്പോൾ അറിഞ്ഞു കാണില്ല. കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ നിന്ന് കഷ്ടിച്ച് ഒരു കിലോമീറ്റർ മാത്രം വടക്ക്  സ്ഥിതി ചെയ്യുന്ന ഈ മാവിന്റെ മഹത്വം വെളുപ്പെടുത്തിയത് തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'നാടൻ മാവ് വാട്സ്ആപ്പ് കൂട്ടായ്മ'യാണ്.

    കേരളത്തിലുടനീളമുള്ള നാടൻ മാവുകളെയും മാങ്ങകളെയും പഠിക്കുകയും അവ കണ്ടെത്തി വംശനാശം വരാതെ സംരക്ഷിക്കുകയും ചെയ്യുകയാണ് കൂട്ടായ്മ ചെയ്യുന്നത്. മിക്ക ജില്ലകളിലും പ്രവർത്തകരുള്ള ഈ കൂട്ടായ്മ ഇക്കഴിഞ്ഞ ജൂലൈ മൂന്ന് നാടൻ മാവ് സംരക്ഷണ ദിനമായി ആചരിച്ചു. ജൂൺ തുടക്കം മുതലേ ഇതിന്റെ കാമ്പയിൻ നടന്നിരുന്നു. ആചരണത്തിന്റെ ഭാഗമായി കൂടുതൽ നാടൻ മാവുകളെ കണ്ടെത്താനും സംരക്ഷിക്കാനും തീരുമാനിച്ചിരുന്നു.

       കൂട്ടായ്മയുടെ കാസർകോട്ടെ പ്രവർത്തകരിലൊരാളായ ടി.പി നന്ദകുമാറാണ് മൊഗ്രാൽപുത്തൂരിലുള്ള ഈ മാവിനെക്കുറിച്ച് ഗ്രൂപ്പിൽ പറയുന്നത്. ഗ്രൂപ്പംഗങ്ങളിൽ വിദഗ്ദരായ ചിലർ മാവിനെ നേരിട്ടു കാണാൻ കാസർകോട്ടെത്തി. മാവ് തങ്ങളെ വിസ്മയപ്പെടുത്തി എന്നാണ് പ്രവർത്തകർ പറയുന്നത്. ഈയിനത്തിൽ പെട്ട ലോകത്തെത്തന്നെ ഏക മാവായിരിക്കും ഇതെന്ന് കൂട്ടായ്മ പറയുന്നു. 

        റോഡ് വികസനത്തിന്റെ ഭാഗമായി ഏത് സമയവും കോടാലി ഭീഷണിയുമായി നിൽക്കുകയാണ് നൂറു വർഷത്തിലധികം പഴക്കമുണ്ടെന്ന് കരുതുന്ന ഈ മാവ്. ഇതു മനസ്സിലാക്കി പരമാവധി വംശം നിലനിർത്തുക എന്ന ലക്ഷ്യത്തോടെ കണ്ണൂര് നിന്ന് സി.എ. ബാബുവിന്റെ നേതൃത്വത്തിൽ ഏതാനും പ്രവർത്തകരെത്തി ഗ്രാഫ്റ്റ് ചെയ്യാനും പതി വെയ്ക്കുന്നതിനും  ചില്ലകൾ ശേഖരിച് കൊണ്ടു പോയിട്ടുണ്ട്.

        ഈ മാവിനെ ഏത് വിധേനയും സംരക്ഷിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്നും വിത്തുമുളപ്പിച്ചാൽ ഒരു പക്ഷേ ഈ മാങ്ങയുടെ ഗുണം ലഭിക്കില്ലെന്നും നാടൻ മാവ് വാട്സ്ആപ്പ് കൂട്ടായ്മയുടെ അഡ്മിൻ തൃശൂരിലെ സഖിൽ രവീന്ദ്രൻ നാട്ടുകാരോട് അഭ്യർത്ഥിച്ചു.

      ഈ മരത്തിൽ നിന്നുള്ള മാങ്ങ അരക്കിലോ വരെ തൂക്കം വരുന്നു. പഴുത്ത് വരുമ്പോൾ പീത നിറമാർജ്ജിക്കുന്ന മാങ്ങയുടെ സ്വാദിനെ വെല്ലുന്ന മറ്റിനങ്ങൾ സാധാരണ വിപണികളിൽ ലഭ്യമല്ലത്രെ. സാധാരണ പാതയോരങ്ങളിലെ മാങ്ങകൾ കരാറെടുത്ത് പറിച്ചു വിൽക്കുന്നവർ വിപണിയിൽ മാങ്ങകൾ കിലോയ്ക്ക് നാൽപതും അമ്പതും രൂപയ്ക്ക് സുലഭമായ ഈ സീസണിൽ പോലും  കിലോ നൂറ്റമ്പതു രൂപയ്ക്കാണ് ഈ മാങ്ങ വിറ്റത്. നാര് തീരെയില്ലാത്ത തൊലിക്ക് കട്ടിയില്ലാത്ത തികച്ചും മാംസളമായതാണ് ഈ മാങ്ങ. ഇത് ഒരിക്കൽ വാങ്ങിക്കഴിച്ചവർ അടുത്ത സീസണുകളിൽ അന്വേഷിച്ചെത്തുന്നതായും മുൻകൂട്ടി ബുക്കു ചെയ്യുന്നതായും നാട്ടുകാർ പറയുന്നു.

           ജയിലിൽ, തൃശൂർക്കാരൻ, ആലിക്കുട്ടി മാവ്, മഞ്ഞത്തേനി, കുഞ്ഞൂസ്, പൊന്നൂസ്, ദുക്രാൻ, കൃഷ്ണാഞ്ജലം, ആര്യ, ചെങ്കുട്ടൻ, സുരഭില, മൂവാണ്ടൻ തുടങ്ങിയവയാണ് ഇതുവരെ അറിയപ്പെട്ട പ്രധാന നാടൻ മാവിനങ്ങൾ. എന്നാൽ ഈയിനങ്ങളിലൊന്നും പെടാത്ത ഇനമാണത്രെ മൊഗ്രാൽപുത്തൂരിൽ സ്ഥിതി ചെയ്യുന്നത്.


No comments