JHL

JHL

സിദ്ദീഖ് കാപ്പനെ ഡൽഹി എയിംസിലേക്ക് മാറ്റി

 


ന്യൂഡൽഹി: (www.truenewsmalayalam.com 01.05.2021)

യു.​എ.​പി.​എ ചു​മ​ത്തി ജ​യി​ലി​ല​ട​ച്ച മലയാള മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പനെ വിദഗ്ധ ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക് മാറ്റി. സുപ്രീംകോടതി നിർദേശ പ്രകാരം ഇന്നലെയാണ് കാപ്പനെ ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റിയത്. ഒരു ഡെപ്യൂട്ടി ജയിലറെയും മെഡിക്കൽ ഒാഫീസറെയും കാപ്പനോടൊപ്പം ഉത്തർപ്രദേശ് സർക്കാർ നിയോഗിച്ചിട്ടുണ്ട്.

ഏപ്രിൽ 28നാണ് ഉത്തർപ്രദേശ് സർക്കാറിന്‍റെ ശക്തമായ എതിർപ്പ് തള്ളി സിദ്ദീഖ് കാപ്പനെ ഡൽഹിയിലെ ആശുപത്രിയിലേക്ക് മാറ്റാൻ ചീ​ഫ്​ ജ​സ്​​റ്റി​സ്​ എ​ൻ.​വി. ര​മ​ണ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ഉത്തരവിട്ടത്. ഡൽഹി എയിംസിലേക്കോ ആർ.എം.എൽ ആശുപത്രിയിലേക്കോ കാപ്പനെ മാറ്റണമെന്നാണ് കോടതി നിർദേശിച്ചത്.

പ്രമേഹം, ഹൃദയ സംബന്ധമായ രോഗം അടക്കമുള്ള അസുഖങ്ങൾ കാപ്പനുണ്ടെന്ന യു.പി സർക്കാറിന്‍റെ വൈദ്യപരിശോധനാ റിപ്പോർട്ടും കോടതി പരിഗണിച്ചിരുന്നു. വിദഗ്ധ ചികിത്സ നൽകി ആരോഗ്യം വീണ്ടെടുത്ത ശേഷം കാപ്പനെ മഥുരയിലെ ജയിലിലേക്ക് കൊണ്ടു പോകാമെന്നും കോടതി വ്യക്തമാക്കിയിരുന്നു.

ജയിലിൽ വെച്ച് സിദ്ദീഖ് കാപ്പന് മുറിവേറ്റിരുന്നതായി സുപ്രീംകോടതിയിൽ സമർപ്പിച്ച വൈ​ദ്യ​പ​രി​ശോ​ധന റിപ്പോർട്ടിൽ ഉത്തർപ്രദേശ് സർക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. കോവിഡ് ബാധിതനായിരിക്കെ മ​ഥു​ര ജയിലിലെ സെല്ലിൽ കുഴഞ്ഞുവീണ കാപ്പന് മുഖത്ത് പരിക്കേറ്റിരുന്നു. ഈ പരിക്ക് ഭേദമായിട്ടില്ലെന്നും മെഡിക്കൽ റിപ്പോർട്ടിൽ പറയുന്നു. കോവിഡ് മുക്തനായ കാപ്പനെ മഥുര ജയിലിലേക്ക് മാറ്റിയെന്ന് യു.പി സർക്കാർ വ്യക്തമാക്കിയിരുന്നു.

ഈ സാഹചര്യത്തിലാണ് സുപ്രീംകോടതി ഇടക്കാല അപേക്ഷ പരിഗണിക്കവെ, മുഖത്തെ പരിക്ക് അടക്കമുള്ള കാര്യങ്ങളിൽ വിദഗ്ധ ചികിത്സ ഉറപ്പാക്കണമെന്ന് കാപ്പന്‍റെ അഭിഭാഷകൻ അ​ഡ്വ. വി​ൽ​സ്​ മാ​ത്യൂ ആവശ്യപ്പെട്ടത്. വിദഗ്ധ ചികിത്സ ലഭിക്കാനായി ഡൽഹിയിലെ മികച്ച ആശുപത്രിയിലേക്ക് കാപ്പനെ മാറ്റാൻ നടപടി സ്വീകരിക്കണമെന്നും അഭിഭാഷകൻ ആവശ്യം ഉന്നയിച്ചിരുന്നു.

No comments