JHL

JHL

പുതിയ അധ്യയന വർഷം ഇന്നാരംഭിക്കുന്നു; ആരവങ്ങളില്ലാതെ

 


കുമ്പള(www.truenewsmalayalam.com): പുതിയ അധ്യയന വർഷം ഇന്നാരംഭിക്കുന്നു  പുത്തനുടുപ്പിന്റെ മണമില്ലാതെ, കൂട്ടുകാരുടെ കളിചിരി ആരവങ്ങളില്ലാതെ ‌അവർ ഇന്നു അക്ഷരങ്ങളുടെ പുതിയ ലോകത്തേക്ക്. പുസ്തകങ്ങളും ടിവിയും മൊബൈൽ ഫോണുകളുമൊക്കെയാണ് ഇവിടെ അവരുടെ കൂട്ടുകാർ. ജില്ലയിലെ സർക്കാർ- എയ്ഡഡ് സ്കൂളുകളിലെ ഒടുവിലത്തെ കണക്കു പ്രകാരം 12844 കുട്ടികളാണ് ഒന്നാം ക്ലാസിലേക്ക് അഡ്മിഷൻ നേടിയിരിക്കുന്നത്. അഡ്മിഷൻ തുടരുന്നതിനാൽ കൂട്ടികളുടെ എണ്ണം ഇനിയും ഉയരും.


സ്കൂളുകളിൽ പാട്ടുപാടിയും മധുരം നൽകിയും ഉത്സവാന്തരീക്ഷത്തിൽ നടക്കേണ്ടിയിരുന്ന പ്രവേശനോത്സവം കോവിഡ് ലോക്കിട്ടതോടെ മൊബൈൽ ഫോണിന്റെ ചെറിയ സ്ക്രീനുകളിലേക്ക് ചുരുങ്ങിയെങ്കിലും പരമാവധി ആഘോഷമാക്കാനുള്ള തയാറെടുപ്പിലാണ് സർക്കാരും സ്കൂൾ അധികൃതരും. ഒന്നാം ക്ലാസിൽ ചേരുന്നവർ മാത്രമല്ല, രണ്ടാം ക്ലാസിലേക്ക് പ്രവേശിക്കുന്നവരും ഇതുവരെ സ്കൂൾ നേരിട്ട് കണ്ടിട്ടില്ലെന്ന പ്രത്യേകതയുണ്ട് ഈ അധ്യായന വർഷത്തിന്. 

സ്കൂൾ പഠനകാലം എല്ലാവരുടെയും മനസ്സിൽ ഒരിക്കലും മറക്കാത്തതാണ്. ഒന്നാം ക്ലാസ് മുതലുള്ള ഓർമകൾ പോലും മായാതെ മനസ്സുകളിലുണ്ട് . കൂട്ടുകാർക്കൊപ്പമുള്ള കളികളും അധ്യാപകരുടെ ചെറു ശിക്ഷണങ്ങളുമെല്ലാം പിൽക്കാലത്ത് സന്തോഷമുള്ള ഓർമകളാണ്.  പുതിയ കുട്ടികൾക്ക് ഇതൊക്കെയാണ് കോവിഡ് കാരണം  ഇല്ലാതായത് . പഠനത്തിനു പുറമെ കുട്ടികളുടെ വ്യക്തിത്വ രൂപീകരണത്തിലും സ്കൂൾ വഹിക്കുന്ന പങ്ക് ചെറുതല്ല. സാമൂഹിക ബോധം വളർത്തുന്നതിലും മറ്റുള്ളവരോട് എങ്ങനെ പെരുമാറണം എന്നു പഠിക്കുന്നതിൽ പോലും ഇതു നിർണായകമാണ്. 

ഡിജിറ്റൽ പഠനത്തിനു പുറമെ സ്കൂളുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ പഠനവും ഇത്തവണ തുടങ്ങാനുള്ള ആലോചന നന്നായെന്ന് രക്ഷിതാക്കൾ പ്രതികരിക്കുന്നു.  പഠനത്തിനു സൗകര്യമില്ലാത്തതിനാൽ കുറെ കുട്ടികളെങ്കിലും കഴിഞ്ഞ വർഷം ഡിജിറ്റൽ പഠനത്തിന്റെ ‘പരിധിക്കു പുറത്തായിരുന്നു’.  ഓൺലൈൻ പഠനത്തോടെ അധ്യാപകരുടെ ശ്രദ്ധ കുട്ടികളിലേക്ക് കൂടുതൽ എത്താൻ സഹായകരമാകുമെന്ന് രക്ഷിതാക്കൾ പ്രതീക്ഷിക്കുന്നു.






No comments