JHL

JHL

നീർച്ചാലിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് പരുക്കുകളോടെ ആശുപത്രിയിൽ. പോലീസ് മർദ്ദനമെന്നു പരാതി

നീർച്ചാ
ൽ(www.truenewsmalayalam.com) : നീർച്ചാലിൽ നിന്നും പോലീസ് കസ്റ്റഡിയിൽ എടുത്ത യുവാവ് പരുക്കുകളോടെ ആശുപത്രിയിൽ. പോലീസ് മർദ്ദനമെന്നു പരാതി.   ബിർമാനടുക്കത്തുനിന്ന്‌ പോലീസ് ആളുമാറി കസ്റ്റഡിയിലെടുത്തയാളാണ്  പരിക്കുമായി കാസർകോട് ജനറൽ ആസ്പത്രിയിൽ ചികിത്സക്കെത്തിയത്. ബിർമാനടുക്കത്ത് ബന്ധുവീട്ടിൽ താമസിക്കുന്ന പള്ളിക്കര ചെറുക്കപ്പാറ സ്വദേശി ബാദുഷ (24) ആണ് ആസ്പത്രിയിലുള്ളത്. വിദ്യാനഗർ പോലീസ് വീട്ടിലെത്തി വലിച്ചിഴച്ച് ജീപ്പിൽ കയറ്റി മർദിച്ചതായി ബാദുഷ പരാതിപ്പെട്ടു. ബുധനാഴ്ച വൈകീട്ടോടെ കസ്റ്റഡിയിലെടുത്ത ഇയാളെ വ്യാഴാഴ്ച രാവിലെ രണ്ട്‌ ആൾജാമ്യത്തിൽ പോലീസ് വിട്ടയയ്ക്കുകയായിരുന്നു. ജനറൽ ആസ്പത്രിയിൽ ഇയാളുടെ മൊഴി പ്രകാരം മെഡിക്കോ ലീഗൽ കേസ് രജിസ്റ്റർ ചെയ്തു. അത് കാസർകോട് പോലീസിന് കൈമാറുമെന്ന്‌ ഡോക്ടർ പറഞ്ഞു.

കവർച്ച കേസിലെ പ്രതി ബിർമാനടുക്കത്തെ സാബിത്തിനെ തിരഞ്ഞാണ് പോലീസ്‌ വീട്ടിലെത്തിയത്. ആ വീട്ടിലാണ് ബാദുഷ താമസിക്കുന്നത്. ആ കേസിലെ മറ്റൊരു പ്രതിയായ ബാദുഷയാണ്‌ തനെന്ന്‌ തെറ്റിദ്ധരിച്ചാണ് തന്നെ പോലീസ്‌ കസ്റ്റഡിയിലെടുത്തതെന്ന് ബാദുഷ പറഞ്ഞു. വിലങ്ങ് വെയ്ക്കുകയും ലോക്കപ്പിലടയ്ക്കുകയും ചെയ്തുവെന്നും രാത്രി എട്ട് മണിയോടെ പ്രതി മാറിയെന്നും രാവിലെ വിട്ടയയ്ക്കുമെന്നും പോലീസ്‌ അറിയിച്ചെന്നും ആസ്പത്രിയിൽ കഴിയുന്ന ബാദുഷ പറഞ്ഞു.

എന്നാൽ സാബിത്തിനെ പിടിക്കാനായി വീട്ടിലെത്തിയ മഫ്തി പോലീസിനെ കണ്ട് സാബിത്തും ബാദുഷയും ഓടിയതായി വിദ്യാനഗർ ഇൻസ്പെക്ടർ വി.വി.മനോജ്‌ പറഞ്ഞു. പോലീസ്‌ ഓടിച്ച് പിടിച്ച ബാദുഷയെ കരുതൽ അറസ്റ്റ് രേഖപ്പെടുത്തി വിടുകയായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കസ്റ്റഡിയിലെടുക്കാനുള്ള പോലീസിന്റെ ശ്രമം തടയാൻ ബാദുഷ ശ്രമിച്ചിരുന്നുവെന്നും പോലീസ്‌ മർദിച്ചെന്ന ആരോപണം തെറ്റാണെന്നും അദ്ദേഹം പറഞ്ഞു. അമ്പലത്തറ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായി ജയിൽശിക്ഷ അനുഭവിച്ചയാളാണ്‌ ബാദുഷ എന്നും പോലീസ് കൂട്ടിച്ചേർത്തു.


No comments