JHL

JHL

സായി സേവ ട്രസ്റ്റ് എൻമകജെ പഞ്ചായത്തിൽ നിർമിച്ച 36 വീടുകൾക്ക് അടിസ്ഥാന സൗകര്യമൊരുക്കുന്നു.

ബദിയടുക്ക(www.truenewsmalayalam.com) : ഭൂ–ഭവന രഹിതരായ എൻഡോസൾഫാൻ ദുരിതബാധിതരുടെ കുടുംബങ്ങൾക്കായി സായി സേവ ട്രസ്റ്റ് എൻമകജെ പഞ്ചായത്തിൽ നിർമിച്ച 36 വീടുകളിലേക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നു. കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദിന്റെ അധ്യക്ഷതയിൽ എംഎൽഎമാർ തദ്ദേശ സ്ഥാപന പ്രതിനിധികൾ എന്നിവർ പങ്കെടുത്ത അവലോകന യോഗത്തിലാണ് അടിസ്ഥാന സൗകര്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനിച്ചത്.

കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി വീടുകളിലേക്കുള്ള റോഡ് നിർമാണത്തിനു വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കിയതായി സ്പെഷൽ ഓഫിസർ ഇ.പി.രാജ്മോഹൻ അറിയിച്ചു. റോഡ് നിർമിക്കാൻ 42.86 ലക്ഷം രൂപയുടെ പദ്ധതിയാണു തയാറാക്കിയത്. വൈദ്യുതീകരണത്തിന് 12 ലക്ഷം രൂപയുടെ പദ്ധതിയും തയാറാക്കി. ജലജീവൻ മിഷനിൽ ഉൾപ്പെടുത്തി കുടിവെള്ള പ്രശ്നം പരിഹരിക്കും.പുല്ലൂർ പെരിയ പഞ്ചായത്തിൽ നിർമിച്ച 45 വീടുകളിൽ പട്ടയം നൽകിയവരിൽ 22 കുടുംബങ്ങൾ താമസിക്കുന്നുണ്ട്. കൂടാതെ 7 ദുരിതബാധിതർക്കു പട്ടയം നൽകിയെങ്കിലും താമസം തുടങ്ങിയില്ല. 16 വീടുകൾക്കാണു പട്ടയം നൽകാൻ ബാക്കിയുള്ളത്. ഇതിലേക്കു നിലവിൽ 49 അപേക്ഷകളുണ്ട്. ഇതുൾപ്പെടെ രണ്ടാം ഘട്ടത്തിൽ വീടുകൾ കൈമാറിയ ശേഷം ലഭിച്ച അപേക്ഷകളും പുതുതായി സ്വീകരിക്കുന്ന അപേക്ഷകളും തഹസിൽദാർമാർ മുഖേന പരിശോധന നടത്തും. 

നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന അർഹരായവരുടെ പട്ടിക എൻഡോസൾഫാൻ ദുരിതബാധിതരുടെ പുനരധിവാസ സെൽ യോഗം ചേർന്നു പരിശോധിക്കാനും തീരുമാനിച്ചു.നേരത്തെ വീടുകൾക്ക് അപേക്ഷ നൽകിയവരിൽ പട്ടികയിൽ ഉൾപ്പെട്ട ദുരിതബാധിതർ സർക്കാർ പുറമ്പോക്ക് ഭൂമിയിൽ താമസിക്കുന്നുണ്ട്. ഇവരിൽ റേഷൻ കാർഡ്, വൈദ്യുതി, താൽകാലിക കെട്ടിട നമ്പർ എന്നിവ ലഭിച്ചവരുണ്ടെങ്കിൽ വീടിരിക്കുന്ന 5 സെന്റ് ഭൂമിക്കു കേരള ഭൂമിപതിവ് ചട്ട പ്രകാരം പട്ടയം ലഭ്യമാക്കുന്ന കാര്യം പരിഗണിക്കാനും തീരുമാനിച്ചു. നിലവിൽ താമസമാരംഭിക്കാത്ത വീടുകളിലെ ശുചീകരണപ്രവർത്തനങ്ങൾ നടത്താൻ പഞ്ചായത്ത് ഭരണസമിതിയെ ചുമതലപ്പെടുത്തി.

എംഎൽഎമാരായ ഇ.ചന്ദ്രശേഖരൻ, എ.കെ.എം.അഷ്റഫ്, എൻമകജെ പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ്.സോമശേഖര, പുല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അരവിന്ദാക്ഷൻ, എൻമകജെ പഞ്ചായത്ത് സ്ഥിരം സമിതി ചെയർപഴ്സൺ സൗദാബി ഹനീഫ്, പുല്ലൂർ പെരിയ പഞ്ചായത്ത് അംഗം പി.രജനി, എൻഡോസൾഫാൻ സെൽ ഡപ്യൂട്ടി കലക്ടർ എസ്.സജീദ് , സായിട്രസ്റ്റ് പ്രതിനിധികളായ വി.വി.വിവേക്, എച്ച്.പി.ഉഷ എന്നിവർ പ്രസംഗിച്ചു.





No comments