JHL

JHL

കുണ്ടുകുളക്കയിലും ഹൊസബെട്ടുവിലും മണല്‍ കടത്ത് രൂക്ഷം; നൂറിലേറെ മണൽ ചാക്കുകൾ നാട്ടുകാർ നശിപ്പിച്ചു.

മഞ്ചേശ്വരം(www.truenewsmalayalam.com) : കുണ്ടുകുളക്കയിലും ഹൊസബെട്ടുവിലും മണല്‍ കടത്ത് രൂക്ഷം. ഇവിടെയുണ്ടായിരുന്ന നൂറിലേറെ മണൽ ചാക്കുകൾ നാട്ടുകാർ കീറി നശിപ്പിച്ചു.

പൊലീസ് കാവലുണ്ടായിട്ടും മണൽ കടത്ത് സജീവമാവുന്നതിനെതിരെയായാണ് നാട്ടുകാർ ചാക്കുക്കൾ നശിപ്പിച്ച് പ്രദിഷേതിച്ചത്. പ്രദേശത്ത് സംഘര്‍ഷത്തിന് സാധ്യതയെന്ന് പൊലീസ് രഹസ്യാന്വേഷണ വിഭാഗം ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കിയതായാണ് വിവരം.

പകല്‍ സമയങ്ങളില്‍ കടല്‍തീരത്ത് നിന്ന് ചാക്കുകളില്‍ മണല്‍ നിറക്കുകയും രാത്രികാലങ്ങളില്‍ ഓട്ടോ, പിക്കപ്പ് വാന്‍, ഓമ്‌നി വാന്‍ തുടങ്ങിയ വാഹനങ്ങളില്‍ പ്രതിദിനം 500ലേറെ ചാക്ക് മണല്‍ കടത്തിക്കൊണ്ടുപോകുന്നതായാണ് വിവരം. ചൊവ്വാഴ്ച രാത്രിയാണ് ഇവിടങ്ങളില്‍ സൂക്ഷിച്ച മണല്‍ ചാക്കുകള്‍ നാട്ടുകാര്‍ സംഘടിച്ചെത്തി നശിപ്പിച്ചത്. രണ്ട് വര്‍ഷം മുമ്പ് രാത്രി കുണ്ടുകുളക്കയില്‍ മണല്‍ കടത്തിനെത്തിയ ടിപ്പര്‍ ലോറിയേയും പിക്കപ്പ് വാനും ആള്‍കൂട്ടം തല്ലിത്തകര്‍ത്തിരുന്നു.

പിറ്റേന്ന് ഉച്ചയോടെ മണല്‍ കടത്ത് സംഘത്തിന്റെ വാഹനങ്ങള്‍ തകര്‍ത്ത സംഘത്തിലെ ഒരാളുടെ വീട്ടില്‍ കയറി മണല്‍ സംഘം ഒരു സ്ത്രീയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയും വീട് തകര്‍ക്കുകയും ചെയ്തിരുന്നു. അന്നേ ദിവസം രാത്രി സമീപത്തെ ഒരു ചര്‍ച്ചിന് നേരെയും അക്രമമുണ്ടായി. ഏഴ് മാസം മുമ്പ് കുണ്ടുകുളക്കയില്‍ ഒരു വീടിന് സമീപത്ത് മണല്‍ സംഘത്തെ പിടികൂടാന്‍ ജീപ്പ് നിര്‍ത്തിയിട്ടിരുന്നു. ഈ വീട്ടുകാരാണ് മണല്‍ കടത്ത് വിവരം പൊലീസിന് നല്‍കിയതെന്നാരോപിച്ച് ഗൃഹനാഥന്റെ മഞ്ചേശ്വരം കുഞ്ചത്തൂരിലുള്ള സ്റ്റുഡിയോ അന്ന് പുലര്‍ച്ചെ പെട്രോളൊഴിച്ച് കത്തിക്കുകയുമുണ്ടായി. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് രഹസ്യാന്വേഷണ വിഭാഗം നടപടി ആവശ്യപ്പെട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയത്. രണ്ട് വര്‍ഷത്തിന് മുമ്പുണ്ടായ പ്രശ്‌നത്തിന് ശേഷം ഈ ഭാഗത്ത് രാത്രി രണ്ട് പൊലീസുകാരെ നിയമിച്ചിരുന്നു. എന്നാല്‍ പൊലീസുണ്ടായിട്ടും അനധികൃത മണല്‍ കടത്ത് വ്യാപകമായതോടെയാണ് നാട്ടുകാര്‍ സംഘടിച്ച് മണല്‍ മാഫിയക്കെതിരെ തിരിഞ്ഞത്. വ്യാപകമായ മണലെടുപ്പ് മൂലം പ്രദേശത്തെ പല വീടുകളിലും വെള്ളം കയറുന്നതായി നാട്ടുകാര്‍ പരാതിപ്പെടുന്നു.





No comments