JHL

JHL

ഉപ്പളയിൽ 11 ഗ്രാം എം.ഡി.എം.എയും സ്വിഫ്റ്റ് കാറും പിടിയിൽ; പ്രതി ഓടി രക്ഷപ്പെട്ടു.

ഉപ്പള(www.truenewsmalayalam.com) : 11 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നും സ്വിഫ്റ്റ് കാറും മഞ്ചേശ്വരം പൊലീസ് പിടിച്ചെടുത്തു.പ്രതി ഓടി രക്ഷപ്പെട്ടു.

 വാഹന പരിശോധന നടത്തുന്നതിനിടെ മയക്കു മരുന്നുമായി പോവുകയായിരുന്ന മണിമുണ്ടയിലെ സമീർ എന്നയാളുമായി ഉണ്ടായ  മല്പിടിത്തത്തിനിടയിലാണ്  പോലീസിനെ വെട്ടിച്ച് ഇയാൾ രക്ഷപ്പെട്ടത്. സമീറിനെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു.

ഇന്നലെ രാത്രി മഞ്ചേശ്വരം എസ്.ഐ എ. ബാലേന്ദ്രനും ഡ്രൈവറും ഉപ്പള ടൗണില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് അതുവഴി സ്വിഫ്റ്റ് കാര്‍ വന്നത്. കൈകാട്ടി കാര്‍ നിര്‍ത്താനും സമീറിനോട് കാറില്‍ നിന്നിറങ്ങാനും ആവശ്യപ്പെട്ടു. എന്നാല്‍ കാറില്‍ നിന്നിറങ്ങി ഓടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസും പ്രതിയും തമ്മില്‍ മല്‍പ്പിടിത്തമുണ്ടായി. അതിനിടെയാണ് എസ്.ഐയേയും ഡ്രൈവറേയും തള്ളിമാറ്റി സമീര്‍ ഓടി രക്ഷപ്പെട്ടത്. പൊലീസ് പിന്തുടര്‍ന്നെങ്കിലും പിടിക്കാനായില്ല.

മല്‍പിടിത്തത്തിനിടയില്‍ പ്രതിയുടെ കീശയിലുണ്ടായിരുന്ന തിരിച്ചറിയല്‍ കാര്‍ഡ് വീണതാണ് ആളെ തിരിച്ചറിയാന്‍ സഹായകമായത്. പ്രതിയെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കി.





No comments