JHL

JHL

രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം; മന്ത്രി അഹ്‌മദ്‌ ദേവര്‍ കോവില്‍ ദേശീയപതാക ഉയര്‍ത്തി.

കാസർകോട്:  
രാജ്യത്തിന്റെ 75-ാം സ്വാതന്ത്ര്യ ദിനാഘോഷം. കോവിഡ് പ്രോടോകോൾ പാലിച്ചായിരുന്നു പരിപാടികൾ. കാസര്‍കോട് നഗരസഭാ സ്‌റ്റേഡിയത്തില്‍ തുറമുഖ, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി അഹ്‌മദ്‌ ദേവര്‍ കോവില്‍ ദേശീയപതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിച്ചു. ക്ഷണിക്കപ്പെട്ട 100 പേര്‍ക്ക് മാത്രമായിരുന്നു പ്രവേശനം.

മാനവികതക്ക് എവിടെ ക്ഷതമേല്‍ക്കുന്നുവോ അവിടെ ജനാധിപത്യത്തിന്റെ മരണമണിയായിരിക്കും ആദ്യം മുഴുങ്ങുകയെന്ന് മന്ത്രി സ്വാതന്ത്ര്യ ദിന പ്രസംഗത്തിൽ പറഞ്ഞു. സ്വാതന്ത്ര്യത്തിന്റെ കാവലാളാവുക എന്നാണ് ഉണര്‍ത്താനുള്ളത്. ഒരു തലമുറ പൊരുതി നേടിയ സ്വാതന്ത്ര്യത്തിന്റെ കൈത്തിരി അണയാതിരിക്കാന്‍ ജനാധിപത്യ-മതേതര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കേണ്ടതുണ്ട്. അരാഷ്ട്രീയ ചിന്തകളെ മനസില്‍ കൊണ്ടു നടക്കുന്ന പുതുതലമുറക്ക് ജനാധിപത്യത്തിന്റെ മഹത്വം പഠിപ്പിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യത്തിന്റെ വഴിയില്‍ സ്വാര്‍ഥതക്കും പ്രതിലോമ വിചാരങ്ങള്‍ക്കും സ്ഥാനമില്ല.

ലോകത്തിലെ ഏറ്റവും വലിയ മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രമായി ഇന്ത്യ ഇന്ന് വളര്‍ന്നിരിക്കുന്നു. അതിന്റെ യശസ് വാനോളമുയര്‍ന്നിട്ടുണ്ട്. ഇന്ത്യയുടെ ശബ്ദം ലോകം കാതോര്‍ത്തുകേള്‍ക്കുന്നു. 135 കോടി ജനതയുടെ ആശയാഭിലാഷങ്ങളും സ്വപ്നങ്ങളുമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. രാജ്യത്തിന്റെ മാനവികതയിലൂന്നിയ നയനിലപാടുകള്‍ ലോകം കാതോര്‍ത്തുകേട്ടു. മഹാത്മജിയെ മാര്‍ഗദര്‍ശകനായും വഴി വിളക്കായും ലോകസമൂഹം നോക്കിക്കണ്ടു.

സ്വാതന്ത്ര്യം പൊരുതിനേടുക എന്നത് പോലെ തന്നെ പ്രധാനമാണ് അത് കാത്തുസൂക്ഷിക്കുക എന്നതും. പൗരസമത്വം ഭരണഘടനയുടെ അക്ഷരങ്ങളില്‍ ഒതുങ്ങാതെ ജീവന്‍ തുടിക്കുന്ന മഹത്തായ ആശയമായി കൊണ്ടുനടക്കുകയും പ്രയോഗവത്കരിക്കുകയും ചെയ്യേണ്ട ബാധ്യതയാണ് നാം ചുമലിലേറ്റുന്നത്. നാനാത്വത്തിലെ ഏകത്വം കേള്‍ക്കാന്‍ ഇമ്പമുള്ള രാഷ്ട്രീയ ആശയമായി ഒതുങ്ങാന്‍ അനുവദിച്ചു കൂടായെന്നും മന്ത്രി പറഞ്ഞു.

പരേഡില്‍ പൊലീസിന്റെ മൂന്നും എക്‌സൈസിന്റെ ഒരു പ്ലാറ്റൂണുമാണ് അണിനിരന്നത്. എന്‍ സി സി, എസ് പി സി, സ്‌കൗട് ആൻഡ് ഗൈഡ്‌സ്, എൻ സി സി ജൂനിയര്‍ ഡിവിഷന്‍ പ്ലാറ്റൂണുകള്‍ ഇത്തവണ ഉണ്ടായിരുന്നില്ല. മാര്‍ച് പാസ്റ്റും ഒഴിവാക്കിയിരുന്നു. ജില്ലാ കലക്ടർ സ്വാഗത് ഭണ്ഡാരി രൺവീർ ചന്ദ് അടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുത്തു.

കലക്ടർ സ്വാഗത് ഭണ്ഡാരി രണ്‍വീര്‍ ചന്ദ്, ജില്ലാ പൊലീസ് മേധാവി പി ബി രാജീവ്, ആര്‍ ഡി ഒ അതുല്‍ എസ് നാഥ്, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി, എംഎല്‍എമാരായ ഇ ചന്ദ്രശേഖരന്‍, അഡ്വ. സി എച് കുഞ്ഞമ്പു, എം രാജഗോപാലന്‍, എന്‍ എ നെല്ലിക്കുന്ന്, എ കെ എം അശ്‌റഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, ചെങ്കള പഞ്ചായത്ത് പ്രസിഡന്റ് ഖാദര്‍ ബദരിയ തുടങ്ങിയവര്‍ സംബന്ധിച്ചു.

കോവിഡ് മുന്നണിപോരാളികളായ ആരോഗ്യപ്രവര്‍ത്തകരുടെ പ്രതിനിധികളായി മംഗല്‍പാടി താലൂക് ആശുപത്രി ഡോ. ഷാന്റി കെ കെ, ടാറ്റ ആശുപത്രി സൂപ്രൻഡ് ഡോ. ഗീത ഗുരുദാസ്, ബേഡഡുക്ക താലൂക് ആശൂപത്രി മെഡികല്‍ ഓഫീസര്‍ ഡോ. അമൂല്യ എം ടി, കാസര്‍കോട് മെഡികല്‍ കോളജ് അസി.പ്രൊഫസര്‍ ഡോ. ആദര്‍ശ് എം ബി, ജില്ലാ ആശൂപത്രിയിലെ സീനിയര്‍ നഴ്‌സിങ് ഓഫീസര്‍ അച്ചാമ്മ പി കെ, നീലേശ്വരം താലൂക് ആശുപത്രിയിലെ നഴ്‌സിങ് ഓഫീസര്‍ ജോബിയ വി, വോര്‍ക്കാടി എഫ് എച് സിയിലെ ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ ചന്ദ്രശേഖരന്‍ ടി, ബന്തടുക്ക പി എച് സിയിലെ ജെ പി എച് എന്‍ റീന എ വി, കയ്യൂര്‍ എഫ് എച് സിയിലെ ഫാര്‍മസിസ്റ്റ് വിനോദ് കുമാര്‍ കെ, ജനറല്‍ ആശുപത്രി ലാബ് ടെക്‌നീഷ്യന്‍ ദീപക് കെ ആര്‍, ജനറല്‍ ആശുപത്രിയിലെ അറ്റന്റന്റ് സീമ വി എ, ജില്ലാ ആശുപത്രി അറ്റന്റന്റ് ശോഭന പി വി, ചെറുവത്തൂര്‍ സി എച് സിയിലെ അറ്റന്റന്റ് രാധ കെ വി എന്നിവര്‍ പരേഡ് വീക്ഷിക്കാന്‍ ക്ഷണിക്കപ്പെട്ട അതിഥികളായെത്തി.

കലക്‌ട്രേറ്റിൽ കലക്ടർ സ്വാഗത് ഭണ്ഡാരി രൺവീർ ചന്ദ് മഹാത്മാഗാന്ധിയുടെ പ്രതിമയിൽ പുഷ്പാർചന നടത്തി പതാകയുയർത്തി.





No comments