JHL

JHL

കണ്ണന്റെ പിറന്നാളിന് ശോഭായാത്ര ഇക്കുറിയുമില്ല; ഓൺലൈനായി ഉണ്ണിക്കണ്ണന്മാർ.

കുമ്പള(www.truenewsmalayalam.com) : കണ്ണന്റെ പിറന്നാളിന് വർണമനോഹര ദൃശ്യങ്ങളാൽ ആനന്ദക്കാഴ്ചയേകുന്ന ശോഭായാത്ര ഇക്കുറിയുമില്ല. കോവിഡ് കാലമായതിനാൽ ശ്രീകൃഷ്ണജയന്തിദിനത്തിൽ ഇത്തവണയും ശോഭായാത്ര വേണ്ടെന്ന് ബാലഗോകുലവും അതത്‌ ക്ഷേത്രക്കമ്മിറ്റികളും നേരത്തേ തീരുമാനമെടുത്തിരുന്നു. അതേ സമയം അഷ്ടമിരോഹിണിയോടനുബന്ധിച്ച് എല്ലായിടത്തും ഓൺലൈൻ മത്സരങ്ങൾ തുടങ്ങി. കഴിഞ്ഞ നാലഞ്ചുദിവസമായി കൃഷ്ണന്റെയും ഗോപികമാരുടെയും വേഷങ്ങളണിഞ്ഞും ഫോട്ടോയെടുത്തും ഓൺലൈൻ മത്സരത്തിനായി അയച്ചുകൊടുക്കുകയാണ്. ബാലഗോകുലത്തിന്റെ കീഴ്ഘടകങ്ങൾ, ക്ഷേത്രക്കമ്മിറ്റിക്കാർ, നാട്ടിൻപുറത്തെ ക്ലബ്ബുകാർ, കുടുംബ ഗ്രൂപ്പുകൾ തുടങ്ങി വിവിധ കൂട്ടായ്മകൾ ഇത്തരത്തിൽ മത്സരം നടത്തുന്നു. ഏറ്റവും നന്നായി വേഷമണിയുന്നവർക്ക് സമ്മാനങ്ങൾ നൽകും.

വീട്ടിലെ ഗോപൂജ, തുളസിമാല കെട്ടി ശ്രീകൃഷ്ണന് അണിയിക്കൽ, അമ്പാടിമുറ്റമൊരുക്കൽ തുടങ്ങി വിവിധങ്ങളായ കാഴ്ചകൾ ഓൺലൈനിൽ ഫോട്ടോയായും വീഡിയോയായും നിറയുന്നു. ശ്രീകൃഷ്ണ ഗാനാലാപന മത്സരം, ശ്രീകൃഷ്ണചരിതത്തെ ആസ്പദമാക്കിയുള്ള ചിത്രരചന, പ്രശ്നോത്തരി തുടങ്ങിയ ഇനങ്ങളിലും ഓൺലൈൻ മത്സരങ്ങൾ നടക്കുന്നു.

അമ്പാടിമുറ്റമൊരുങ്ങും;

വീടുകളിൽ കണ്ണനൂട്ട്

വീഥികൾ നിറഞ്ഞുള്ള ശോഭായാത്രകൾ ഇല്ലെങ്കിലും കണ്ണന്റെ പിറന്നാൾദിനത്തിൽ വീടുകളിൽ ശ്രീകൃഷ്ണനും ഗോപികമാരും നിറയും. അതതു വീടുകളിൽ കുട്ടികളെ കൃഷ്ണവേഷമണിയിച്ചും കണ്ണനൂട്ട് നടത്തിയും അഷ്ടമിരോഹിണിയെ സമ്പന്നമാക്കണമെന്ന നിർദേശമാണ് ബാലഗോകുലം മുന്നോട്ടുവയ്ക്കുന്നത്. ഒന്നിലേറെ വീട്ടുകാർ ചേർന്ന് അമ്പാടിമുറ്റമൊരുക്കുക. അയൽവീടുകൾ കേന്ദ്രീകരിച്ച് ഉണ്ണിക്കണ്ണൻമാരെ ഈ അമ്പാടിമുറ്റത്തെത്തിക്കുക. തുടർന്ന് ഭജന നടത്തുക. എന്നീ നിർദേശങ്ങളുമുണ്ട്. നാമമാത്ര ആളുകൾ മാത്രം സംഗമിച്ച് ഉറിയടി നടത്തുമെന്ന് ബാലഗോകുലം ജില്ലാ സംഘടനാ സെക്രട്ടറി പി. മധു പറഞ്ഞു. വിഷാദം വെടിയാം വിജയം വരിക്കാം എന്ന സന്ദേശമുയർത്തിയും കൃഷ്ണപ്പൂക്കളം തീർത്തും തുളസിമാലയുണ്ടാക്കി കൃഷ്ണന് ചാർത്തിയും ആഘോഷിക്കണം. വൈകീട്ട് 5.30-നാണ് അമ്പാടിമുറ്റത്ത് ഉണ്ണിക്കണ്ണൻമാർ അണിനിരക്കുക. തുടർന്ന് ഗോപികാനൃത്തം. ആഘോഷമായുള്ള അമ്പാടിമുറ്റത്തേക്കുള്ള വരവിന് കുടുംബശോഭായാത്രയെന്നാണ് പേരിട്ടിരിക്കുന്നത്.

ശോഭായാത്രഇല്ലാതായപ്പോൾ...

ശോഭായാത്രകളില്ലാതായപ്പോൾ, അണിയറയിൽ വേഷവിതാനങ്ങൾ വിൽക്കുന്നവരുടെ സങ്കടവുമുണ്ട്. ഒാരോ വർഷവും ശ്രീകൃഷ്ണജയന്തിക്ക്‌ തൊട്ടുമുൻപുള്ള ദിവസങ്ങളിൽ വേഷവസ്ത്രങ്ങൾ വിൽക്കുന്ന തിരക്കായിരിക്കും. ബാലഗോകുലം കൂട്ടായ്മയും വീട്ടുകാർ സ്വന്തം നിലയ്ക്കും വേഷങ്ങൾ വാങ്ങും.

250-ലേറെ ശ്രീകൃഷ്ണവേഷങ്ങളും അതിന്റെ ഇരട്ടി ഗോപികാവേഷങ്ങളും വാടകയ്ക്ക്‌ നൽകാറുണ്ടെന്ന് നീലേശ്വരം ദേവൻ ആർട്‌സിലെ ദേവൻ ബാബുവും ദേവൻ ശ്രീകാന്തും പറയുന്നു. വേഷങ്ങളെല്ലാം തയ്‌ച്ചെടുത്ത് നിർമിക്കുന്ന രീതിയാണ് ഇവരുടെത്. മുംബൈയിൽനിന്നും മറ്റും വേഷങ്ങളെത്തിച്ച് വില്പന നടത്തുന്നവരുമുണ്ട് ജില്ലയിൽ.

ശിവ-പാർവതിമാർ, മഹാവിഷ്ണു, മഹാലക്ഷ്മി, ബ്രഹ്മാവ്, സരസ്വതി, ശ്രീരാമൻ, ഹനുമാൻ തുടങ്ങി വിവിധങ്ങളായ പുരാണവേഷങ്ങളും ശ്രീകൃഷ്ണജയന്തിക്ക് വിൽക്കും. ഇതൊന്നുമില്ലാതെ തുടർച്ചയായി രണ്ടാം വർഷവും കടന്നുപോകുമ്പോൾ, അടുത്തവർഷമെങ്കിലും എല്ലാം ശരിയാകണേയെന്ന പ്രാർഥനയിലാണ് ഇവർ.





No comments