JHL

JHL

കർഷകർക്കും പരിസ്ഥിതി സ്നേഹികൾ ക്കും ആശ്വാസമായി സ്ഥിരം നഴ്സറി ബദിയടുക്ക ബേളയിൽ പ്രവർത്തനമാരംഭിച്ചു

ബദിയഡുക്ക(www.truenewsmalayalam.com) കർഷകർക്കും പരിസ്ഥിതി സ്നേഹികൾ ക്കും ആശ്വാസമായി സ്ഥിരം നഴ്സറി ബദിയടുക്ക ബേളയിൽ പ്രവർത്തനമാരംഭിച്ചു.

വനം-വന്യജീവി വകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സാമൂഹിക വനവത്കരണത്തിന്റെ ഭാഗമായി വിതരണം ചെയ്യുന്ന തൈകളുടെ തുടർപരിപാലനം ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു.

കുറേവർഷമായി കോടിക്കണക്കിന് വൃക്ഷത്തൈകൾ വനംവകുപ്പ് വിതരണം ചെയ്തിട്ടുണ്ട്. ആ വൃക്ഷത്തൈകൾ വളർന്നുപന്തലിച്ചിരുന്നെങ്കിൽ ദേശീയ ഹരിത ട്രിബ്യൂണൽ നിർദേശിച്ച ആകെ വനവിസ്തൃതി 33 ശതമാനമെന്ന ലക്ഷ്യം കൈവരിച്ചേനേ. അതിലൂടെ സാഭാവികവനത്തിന് പുറമെ ഒരു ഹരിതകവചം സൃഷ്ടിച്ച് നല്ല വായുവും അന്തരീക്ഷവും നൽകാൻ കഴിയുമായിരുന്നുവെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. അധ്യക്ഷനായി. ബദിയഡുക്ക ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബി. ശാന്ത, ഉത്തരമേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ഡി.കെ. വിനോദ്കുമാർ, കളക്ടർ സ്വാഗത് ആർ. ഭണ്ഡാരി, സാമൂഹിക വനവത്കരണ വിഭാഗം കോഴിക്കോട് ഫോറസ്റ്റ് കൺസർവേറ്റർ ആർ. കീർത്തി, അസി. ഫോറസ്റ്റ് കൺസർവേറ്റർ അജിത് കെ. രാമൻ എന്നിവർ സംസാരിച്ചു.

മൂന്നാമത്തെ സ്ഥിരം നഴ്‌സറി

ഉന്നത ഗുണനിലവാരമുള്ള തദ്ദേശീയ വൃക്ഷത്തൈകൾ ഉത്പാദിപ്പിച്ച് പൊതുജനങ്ങൾക്കും വിവിധ വകുപ്പുകൾക്കും വർഷം മുഴുവനും ലഭ്യമാക്കാനാണ് സ്ഥിരം നഴ്‌സറി ഒരുക്കിയത്. സംസ്ഥാനത്തെ മൂന്നാമത്തെ ജില്ലാ സ്ഥിരം നഴ്‌സറിയാണിത്. മാതൃകാ നഴ്‌സറിയായി വികസിപ്പിച്ച് പഠനാവശ്യത്തിനും ബോധവത്കരണത്തിനും സാഹചര്യം ഒരുക്കുകയും ലക്ഷ്യമിടുന്നുണ്ട്. ബേളയിലെ 15.90 ഹെക്ടർ ഭൂമിയിൽ രണ്ട് ഹെക്ടർ സ്ഥലത്താണ് സ്ഥിരം നഴ്‌സറി സ്ഥാപിച്ചത്.





No comments