JHL

JHL

വ്യാജ എ.ടി.എം. കാർഡുകൾ ഉപയോഗിച്ച് മൂന്നുലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലെ പ്രതികളെ തെളിവെടുപ്പിനായി കാസർകോട്ടെത്തിച്ചു.

കാസർകോട്(www.truenewsmalayalam.com) : വ്യാജ എ.ടി.എം. കാർഡുകൾ ഉപയോഗിച്ച് കേരള ബാങ്കിന്റെ എ.ടി.എമ്മുകളിൽനിന്ന് മൂന്നുലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ പ്രതികളെ പോലീസ് തെളിവെടുപ്പിനായി കാസർകോട്ടെത്തിച്ചു.

തിരുവനന്തപുരം സൈബർ ക്രൈം സ്‌ക്വാഡാണ് കാസർകോട് സ്വദേശികളായ സഹോദരങ്ങൾ ഉൾപ്പെടുന്ന മൂന്നുപേരുമായി ജില്ലയിൽ എത്തിയത്. കാസർകോട് തളങ്കര കൊപ്പലിലെ അബ്ദുൾ സമദാനി (32), മീപ്പുഗിരി ചെട്ടുംകുഴി ക്വാർട്ടേഴ്‌സിൽ താമസിക്കുന്ന മുഹമ്മദ് നജീബ് (28), സഹോദരൻ മുഹമ്മദ് നുഹ്‌മാൻ (37) എന്നിവരെയാണ് തിരുവനന്തപുരം സൈബർ സ്‌ക്വാഡ് ഇൻസ്‌പെക്ടർ കെ.എൻ. ഷിജു, എസ്.ഐ. ബിജു എന്നിവരുടെ നേതൃത്വത്തിൽ വ്യാഴാഴ്ച രാവിലെ തെളിവെടുപ്പിനായി കാസർകോട്ട്‌ എത്തിച്ചത്. പ്രതികളെ അവരുടെ വീടുകളിലെത്തിച്ച് തെളിവെടുത്തു. മൂന്നുപേരും വിവിധ ബാങ്കുകളുടെ വ്യാജ എ.ടി.എം. കാർഡുകൾ നിർമിച്ച് സംസ്ഥാനവ്യാപകമായി തട്ടിപ്പ് നടത്തിവരികയായിരുന്നു.

കാസർകോട്, കണ്ണൂർ, കോഴിക്കോട്, എറണാകുളം, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലെ കേരള ബാങ്ക് എ.ടി.എമ്മുകളിൽനിന്നാണ് പ്രതികൾ മൂന്നുലക്ഷത്തിലേറെ രൂപ കൈക്കലാക്കിയത്. ബാങ്ക് ഓഫ് ബറോഡയുടെ വ്യാജ എ.ടി.എം. കാർഡ് ഉപയോഗിച്ച് മൂന്നുപേരും 2021 ജൂലായ് 22-ന് ഉച്ചയോടെ കേരള ബാങ്കിന്റെ കാലിക്കടവിലെ എ.ടി.എമ്മിൽനിന്ന് 74,000 രൂപയും വൈകിട്ട് തളങ്കരയിലെ എ.ടി.എമ്മിൽനിന്ന് 25,000 രൂപയും തട്ടിയെടുത്തതായി തെളിഞ്ഞതോടെയാണ് അന്വേഷണം കാസർകോട് ജില്ലയിലേക്കുകൂടി വ്യാപിപ്പിച്ചത്.

ജൂലായ് 29-ന് കേരള ബാങ്കിന്റെ തളങ്കര ശാഖാ മാനേജർ എ.ടി.എം. തട്ടിപ്പുമായി ബന്ധപ്പെട്ട് കാസർകോട് സൈബർ സെല്ലിൽ പരാതി നൽകിയിരുന്നു. പരാതി തിരുവനന്തപുരം സൈബർ സെല്ലിന് കൈമാറുകയാണുണ്ടായത്.

കേരളത്തിലെ വിവിധ ജില്ലകളിൽ തട്ടിപ്പ് നടന്നതിനാൽ അന്വേഷണച്ചുമതല തിരുവനന്തപുരം സൈബർ ക്രൈം പോലീസ് ഏറ്റെടുക്കുകയായിരുന്നു. പ്രതികളിൽ ഒരാളെ കണ്ണൂർ വിമാനത്താവളത്തിൽനിന്നും മറ്റു രണ്ടുപേരെ തമിഴ്‌നാട് തിരുച്ചിറപ്പള്ളിയിൽനിന്നും ആണ് അറസ്റ്റ് ചെയ്തത്. ഡൽഹി കേന്ദ്രീകരിച്ച് വിവിധ ബാങ്കുകളുടെ വ്യാജ എ.ടി.എം. കാർഡുകളുണ്ടാക്കി പണം തട്ടുന്ന സംഘത്തിൽപ്പെട്ടവരാണ് അറസ്റ്റിലായവരെന്ന് പോലീസ് അറിയിച്ചു.





No comments