JHL

JHL

മഞ്ചേശ്വരത്ത് എം എൽ എം കോഴ്‌സ് അടുത്ത മാസം തുടങ്ങും ; ഗോവിന്ദപൈ കോളേജിനുസമീപമുള്ള കെട്ടിടത്തിലാണ് സൗകര്യം ഒരുക്കുന്നത്

മഞ്ചേശ്വരം(www.truenewsmalayalam.com) : കണ്ണൂർ സർവകലാശാലയ്ക്ക് കീഴിൽ മഞ്ചേശ്വരത്ത് സപ്തഭാഷാപഠനകേന്ദ്രത്തിനുവേണ്ടി നിർമിച്ച കെട്ടിടത്തിൽ എൽഎൽ.എം. കോഴ്സ് അടുത്തമാസം തുടങ്ങും. സ്വാശ്രയ കോഴ്സായി തുടങ്ങാനാണ് ധാരണയായത്.

ഗോവിന്ദ പൈ കോളേജിന് സമീപം സർവകലാശാലയുടെ സ്ഥലത്താണ് പുതിയ കെട്ടിടം നിർമിച്ചത്. 2016 ജനുവരി അവസാനത്തോടെ പ്രവർത്തനമാരംഭിക്കത്തക്കവിധത്തിൽ ദ്രുതഗതിയിലാണ് നിർമാണജോലികൾ നടത്തിയത്. മലയാളം, കന്നഡ, തുളു, കൊങ്കണി, ഉർദു, ബ്യാരി, മറാഠി ഭാഷകളിലെ കൃതികൾ, താളിയോലഗ്രന്ഥങ്ങൾ, മഹാകവി പി. കുഞ്ഞിരാമൻ നായർ, കുട്ടമത്ത്, വിദ്വാൻ പി. കേളു നായർ എന്നിവരുൾപ്പെടെയുള്ള മഹാൻമാരുടെ ഛായാചിത്രങ്ങൾ, കൃതികൾ, യക്ഷഗാനമുൾപ്പെടെയുള്ള കലാരൂപങ്ങളുടെ വേഷവിധാനങ്ങൾ, കോഴിപ്പോര്, പോത്തോട്ടം തുടങ്ങി ഏഴ് ഭാഷകളിലെ സംസ്കാരവും ആഘോഷനുഷ്ഠാനങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ചിത്രങ്ങൾ എന്നിവ പഠനകേന്ദ്രത്തിൽ ഒരുക്കുമെന്നാണ് നിർമാണഘട്ടത്തിൽ പറഞ്ഞിരുന്നത്. കൂടാതെ ഏഴു ഭാഷകളിലെയും സാംസ്കാരികപ്രവർത്തകരെ പങ്കെടുപ്പിച്ച് ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുമെന്നും അറിയിച്ചിരുന്നു. 1.42 കോടി രൂപ ചെലവിൽ ഏഴ് ക്ലാസ് മുറികളും അനുബന്ധ സൗകര്യങ്ങളോടും കൂടിയതാണ് പുതിയ കെട്ടിടം.

എൽഎൽ.എം. കോഴ്സിന് ആദ്യഘട്ടത്തിൽ 20 സീറ്റുകളിലേക്ക് പ്രവേശനം നൽകാനാണ് ഉദ്ദേശിക്കുന്നത്. പരീക്ഷയുടെ അടിസ്ഥാനത്തിലാവും പ്രവേശനം. നിലവിൽ സർവകലാശാലയുടെ പാലയാട് കാമ്പസിൽ എൽഎൽ.എം. കോഴ്സ് നടക്കുന്നുണ്ട്.

സ്വാശ്രയ കോഴ്‌സാണെങ്കിലും സാധാരണക്കാർക്ക് ആശ്വാസമാകുന്ന വിധത്തിലായിരിക്കും ഫീസ് ഘടനയെന്ന് സർവകലാശാലാ അധികൃതർ പറഞ്ഞു. വൈസ് ചാൻസലർ പ്രൊഫ. ഗോപിനാഥ് രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചിരുന്നു. പണി പൂർത്തിയായി ആറുവർഷം കഴിഞ്ഞ കെട്ടിടത്തെക്കുറിച്ച് ‘മാതൃഭൂമി’ പലതവണയായി വാർത്ത നൽകിയിരുന്നു. ഉന്നതവിദ്യാഭ്യാസത്തിന് മംഗളൂരുവിനെയും മറ്റ് വിദൂര ദേശങ്ങളെയും ആശ്രയിക്കേണ്ടിവരുന്ന ജില്ലയിലെ വിദ്യാർഥികൾക്ക് പുതിയ കോഴ്സ് തുടങ്ങുന്നത് ഏറെ ആശ്വാസമാകും.

കൂടുതൽ കോഴ്സുകൾക്ക് ശ്രമിക്കും

:മഞ്ചേശ്വരത്ത് എൽഎൽ.എം. കോഴ്സ് തുടങ്ങുന്നതിൽ സന്തോഷമുണ്ട്. കെട്ടിടത്തിൽ ഫർണിച്ചർ ഉൾപ്പെടെ അടിസ്ഥാനസൗകര്യം ഒരുക്കേണ്ടതുണ്ട്. അതിനാവശ്യമായ കാര്യങ്ങൾ ചെയ്തുവരികയാണ്. കൂടുതൽ കോഴ്സുകൾ കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തിവരികയാണ്.




No comments