JHL

JHL

പ്രൊഫ. എം.എ റഹ്‌മാന്‌ കേരള സാഹിത്യ അക്കാദമി പുരസ്കാരം.

കാസര്‍കോട്(www.truenewsmalayalam.com) : പ്രൊഫ. എം.എ റഹ്‌മാന്‌ സമഗ്ര സംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം.

കഥാകൃത്ത്, ചിത്രകാരന്‍, ഫോട്ടോഗ്രാഫര്‍, ചലച്ചിത്ര സംവിധായകന്‍ തുടങ്ങിയ നിലകളില്‍ തിളങ്ങിനില്‍ക്കുന്ന എം.എ റഹ്‌മാന് ‘ബഷീര്‍ ദ മാന്‍’ എന്ന ഡോക്യുമെന്ററിക്ക് 1987- ലെ ദേശീയ അവാര്‍ഡ്, കേരള സംസ്ഥാന അവാര്‍ഡ്, ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് എന്നിവ ലഭിച്ചിരുന്നു.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്‌നങ്ങള്‍ അനാവരണം ചെയ്യുന്ന ‘ഓരോ ജീവനും വിലപ്പെട്ടതാണ്’ എന്ന പുസ്തകത്തിന് 2016 ലെ ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചു.

‘തള’ എന്ന നോവലിന് കാലിക്കറ്റ് സര്‍വ്വകലാശാല അവാര്‍ഡും ‘മഹല്ല്’ എന്ന നോവലിന് മാമ്മന്‍ മാപ്പിള അവാര്‍ഡും ലഭിച്ചിട്ടുണ്ട്. മൊഗ്രാലിലെ പാട്ട് കൂട്ടായ്മയെപ്പറ്റിയുള്ള ‘ഇശല്‍ ഗ്രാമം വിളിക്കുന്നു’ എന്ന ഡോക്യുമെന്ററിക്ക് 2006 ലെ ടെലിവിഷന്‍ അവാര്‍ഡ് ലഭിച്ചു.

‘കോവിലന്‍ എന്റെ അച്ഛാച്ഛന്‍’ എന്ന ഡോക്യുമെന്ററിക്ക് 2006 ലെ സംസ്ഥാന അവാര്‍ഡും ലഭിച്ചിരുന്നു. ഡോ. ടി.പി. സുകുമാരന്‍ അവാര്‍ഡ്, പ്രൊഫ. ഗംഗാ പ്രസാദ് പരിസ്ഥിതി അവാര്‍ഡ്, എസ്.എസ്.എഫ് സാഹിത്യ വേദി അവാര്‍ഡ്, എം.എസ്.എം പരിസ്ഥിതി അവാര്‍ഡ് എന്നിവ നേടി.

2015 ല്‍ കണ്ണൂര്‍ സര്‍വ്വകലാശാല മനുഷ്യാവകാശ പ്രവര്‍ത്തനത്തിന് ‘ആചാര്യ’ അവാര്‍ഡ് നല്‍കി ആദരിച്ചു.

സംസ്ഥാന, ദേശീയ ചലച്ചിത്ര ജൂറികളില്‍ അംഗമായും പ്രവര്‍ത്തിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ ഓട്ടക്കാരനായ അറബി വംശജന്‍ തലാല്‍ മന്‍സൂറിനെപ്പറ്റി അതേ പേരില്‍ ഖത്തറില്‍ വെച്ച് ഒരു ഡോക്യുമെന്ററി പൂര്‍ത്തിയാക്കി.

കാസര്‍കോട്ടെ എന്‍ഡോസള്‍ഫാന്‍ കീടനാശിനി പ്രയോഗത്തിന്റെ ഭീകരത അനാവരണം ചെയ്യുന്ന ‘അര ജീവിതങ്ങള്‍ക്കൊരു സ്വര്‍ഗ്ഗം’ എന്ന ഡോക്യുമെന്ററി എം.ടി. യുടെ ‘കുമര നെല്ലൂരിലെ കുളങ്ങള്‍’ (ഇന്ത്യന്‍ പനോരമ എന്‍ട്രി) അടക്കം ആകെ പന്ത്രണ്ട് ഡോക്യുമെന്ററികള്‍ ചെയ്തു.

മൂന്നാം വരവ്, കുലചിഹ്നം, ദലാല്‍ സ്ട്രീറ്റ്, കടല്‍ കൊണ്ടു പോയ തട്ടാന്‍, ഉന്മാദികളുടെ പൂന്തോട്ടം തുടങ്ങിയ കഥാസമാഹാരങ്ങളും ആടും മനുഷ്യരും (എഡിറ്റര്‍), ബഷീര്‍ കാലം ദേശം സ്വത്വം (എഡിറ്റര്‍), ചാലിയാര്‍ അതിജീവന പാഠങ്ങള്‍ (എഡിറ്റര്‍), ബഷീര്‍ ഭൂപടങ്ങള്‍, പ്രവാസിയുടെ യുദ്ധങ്ങള്‍, ഒപ്പു മരം (ചീഫ് എഡിറ്റര്‍) എന്നീ ലേഖന സമാഹാരങ്ങളും പ്രസിദ്ധീകരിച്ചു.

ബഷീര്‍ ദ മാന്‍, കോവിലന്‍ എന്റെ അച്ഛാച്ഛന്‍ എന്നീ തിരക്കഥകളും പ്രസിദ്ധപ്പെടുത്തി.

കുറച്ചു കാലം ട്രാഫിക് സെന്‍സസ്സില്‍ എന്യൂമറേറ്ററായിരുന്നു. ലാന്റ് ട്രിബ്യൂണലില്‍ പകര്‍പ്പെഴുത്ത് ഗുമസ്തനായും താലൂക്ക് ഓഫീസില്‍ ക്ലാര്‍ക്കായും ജോലി ചെയ്തു.

ഒരു വര്‍ഷം ഫാറൂഖ് കോളേജില്‍ ലക്ചറര്‍. തുടര്‍ന്ന് കേരളത്തിലെ ആറ് ഗവ. കോളേജുകളില്‍ മലയാളം ലക്ചററായി ജോലി ചെയ്തു. അഞ്ചു വര്‍ഷം ഗള്‍ഫില്‍ അദ്ധ്യാപകനായിരുന്നു. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകള്‍ അര്‍പ്പിച്ച 60 വയസ് പിന്നിട്ടവരെയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കപ്പെടുന്നത്. എം.എ റഹ്‌മാന്‍ മാഷ് ഉള്‍പ്പെടെ ആറുപേര്‍ക്കാണ് ഇത്തവണ പുരസ്‌കാരം. പ്രശസ്ത എഴുത്തുകാരായ സേതു, പെരുമ്പടവം ശ്രീധരന്‍ എന്നിവര്‍ക്ക് അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചു.

ഉദുമയിലെ മൂലയില്‍ മൊയ്തീന്‍ കുഞ്ഞിയുടെയും ഉമ്മാലി ഉമ്മയുടെയും മകനാണ്.

അരീക്കോട് എസ്.എസ്. സയന്‍സ് കോളേജില്‍ ഇംഗ്ലീഷ് വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായിരുന്ന കവയിത്രിയും ചിത്രകാരിയുമായ ഡോ. സാഹിറ റഹ്‌മാനാണ് ഭാര്യ. മകന്‍: ഈസ റഹ്‌മാന്‍. മരുമകള്‍: ഷെറിന്‍ ഈസ.

No comments